തിരുവല്ല: വയോധികനായ പിതാവിനെ സ്വന്തം മകൻ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വിവാദമായതിനെത്തുടർന്ന് മകനെതിരേ കേസെടുത്ത് പോലീസ്.
കവിയൂർ കണിയാന്പാറയിൽ പനങ്ങായിൽ കൊടഞ്ഞൂർ ഏബ്രഹാം ജോസഫിനെ (അനിയൻ -57) മകൻ അനിൽ (27) ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലായത്. പോലീസ് കേസെടുത്തതിനെത്തുടർന്ന് മകൻ അനിൽ ഒളിവിലാണ്.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അനിൽ പിതാവായ ഏബ്രഹാമിനെ മർദ്ദിച്ചത്. പിതാവായ ഏബ്രഹാം ബന്ധുവീട്ടിൽ പോകുന്നത് ചോദ്യം ചെയ്താണ് അനിൽ മർദിക്കുന്നത്. ഇനി ഞാൻ ബന്ധുവീട്ടിൽ പോകില്ലെന്ന് മകന്റെ കാലു പിടിച്ച് പിതാവ് പറയുന്നതും ദൃശ്യങ്ങളിൽ കാണാം.
മർദനത്തിനിടെ അനിൽ പിതാവിനെ കേട്ടാലറയ്ക്കുന്ന അസഭ്യം പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. പിതാവിനെ മർദിക്കുന്നതിൽ നിന്ന് അനിലിനെ പിന്തിരിപ്പിക്കാൻ അയൽവാസികളിൽ ചിലർ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
അയൽവാസികളിലാരോ എടുത്ത വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഇന്നലെ പ്രചരിച്ചത്. ഇതിനു പിന്നാലെ അനിലിനെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്ന് തിരുവല്ല പോലീസ് പറഞ്ഞു. പോലീസ് വരുന്നതറിഞ്ഞ് അനിൽ വീട്ടിൽ നിന്നും കടന്നുകളഞ്ഞു.
ഏബ്രഹാമും മകൻ അനിലും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. ഏബ്രഹാമിന്റെ ഭാര്യ മകൾക്കൊപ്പമാണ് താമസം. അനിൽ മദ്യപിച്ചെത്തി പതിവായി പിതാവിനെ മർദ്ദിക്കാറുണ്ടെന്ന് പരിസരവാസികളിൽ നിന്നും വിവരം ലഭിച്ചതായും ഇയാളെ ഉടൻ പിടികൂടുമെന്നും തിരുവല്ല എസ്ഐ ആദർശ് പറഞ്ഞു.