പയ്യന്നൂര്‍: മര്‍ദനം സഹിക്കാനാവാതെ അയല്‍വീട്ടില്‍ അഭയം തേടിയ ഭാര്യയെ പിന്തുടര്ന്നെത്തി കൈക്കോടാലി കൊണ്ടാക്രമിച്ച ഭര്‍ത്താവിനെ അയല്‍വാസി കൈകാര്യം ചെയ്തു.
ഒടുവില്‍ ഭര്‍ത്താവിന്റെ മര്‍ദനമേറ്റ ഭാര്യയും അയല്‍വാസിയുടെ മര്‍ദനമേറ്റ ഭര്‍ത്താവും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുമായി.
ശനിയാഴ്ച രാത്രി പത്തേകാലോടെ അരവഞ്ചാലിന് സമീപമാണ് സംഭവം. വീട്ടിൽ വച്ച് ഭര്‍ത്താവിന്റെ മര്‍ദനം സഹിക്കാനാവാതെ വന്നപ്പോഴാണ് 31 കാരിയായ വീട്ടമ്മ പ്രാണരക്ഷാര്‍ഥം അയല്‍വാസിയുടെ വീട്ടില്‍ അഭയം തേടിയത്.
പിന്തുടര്ന്നെത്തിയ 46കാരനായ ഭര്‍ത്താവ് അയല്‍വാസിയുടെ വീട്ടില്‍ കയറി കൈക്കോടാലികൊണ്ട് വീണ്ടും മര്ദിക്കവേയാണ് വീട്ടുകാരൻ ഇടപെട്ടത്. ഭർത്താവിനെ അനുനയിപ്പിക്കാൻ അയൽവാസി പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല.
പിന്നീട് വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്ന് ബോധ്യപ്പെട്ടതോടെ ഇയാൾ മോശമല്ലാത്ത രീതിയിലങ്ങ് പെരുമാറി. ഇതോടെ പുലിയെ പോലെ വന്ന ഭർത്താവ് എലിയായി മാറി.
ഭാര്യ തന്റേതാണെങ്കിലും അയല്‍വീട്ടില്‍ കയറിയുള്ള പ്രകടനം വേണ്ടായിരുന്നെന്ന ബോധം വരുന്പോഴേക്കും മോശമല്ലാത്ത രീതിയിൽ തല്ലേറ്റിരുന്നു. ഇനി ഉപദ്രവിക്കരുതേ എന്ന നിലവിളിയാരംഭിച്ചതോടെയാണ് അയൽക്കാരൻ തെല്ലൊന്നയഞ്ഞത്.
പണ്ടാരോ പറഞ്ഞതു പോലെ കിട്ടേണ്ടത് കിട്ടിയാൽ ഹിറ്റ്ലറും പറയും മലയാളം എന്നത് ഇയാളുടെ കാര്യത്തിൽ ഏതാണ്ട് ശരിയായെന്നാണ് പ്രദേശവാസികൾ ഇപ്പോൾ പറയുന്നത്.