മാവേലിക്കര: പ്രചാരണം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന് ആരോപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. ഒരു വിമുക്ത ഭടനും എല്‍ഡിഫ് സ്ഥാനാര്‍ഥിയുടെ ഭാര്യയ്ക്കും മകനും പരിക്കേറ്റു.
വിമുക്ത ഭടനും കോണ്‍ഗ്രസ് 18-ാം നമ്പര്‍ ബൂത്ത് പ്രസിഡന്റായ ജയ്സണിന്റെ സഹോദരനുമായ പുതിയകാവ് കാവിന്റെ കിഴക്കേതില്‍ രതീഷ്(47), എല്‍ഡിഎഫ് സ്ഥാനാർഥി പുതിയകാവ് ആലിന്റെ തെക്കതില്‍ തോമസ് മാത്യുവിന്റെ (മോനച്ചന്) ഭാര്യ ഷൈനി തോമസ് (50), മകന് ടിനു ഇടിക്കുള തോമസ് (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം 6.45 ന് മഞ്ഞാടി റെയില്‍വേ ക്രോസിന് സമീപമായിരുന്നു സംഭവം.
ഒമ്പതാം വാര്‍ഡ് ഇടതുമുന്നണി സ്ഥാനാർഥി തോമസ് മാത്യുവും സംഘവും കോവിഡ് മാനദണ്ഡം ലംഘിച്ച് ഭവന സന്ദര്‍ശനം നടത്തിയെന്ന പേരിൽ ഉണ്ടായ തർക്കത്തേത്തുടർന്ന് പത്തോളം വരുന്ന എല്‍ഡിഎഫ് സംഘം തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് വിമുക്ത ഭടനായ രതീഷ് പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ നഗരസഭാ ഭരണ സമിതിയിലെ ഇടത് കൗണ്‍സിലര്‍ കൂടിയായ ഷൈനിയും മകനും തോമസ് മാത്യുവിനു വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ വീടുകള്‍ കയറവെ ഇതു വഴി വന്ന രതീഷും, കാവില്‍ ഹൗസില്‍ ബിനു. ജി.പിള്ളയും ചേര്‍ന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം ആക്രമിക്കുകയായിരുന്നു എന്ന് ഷൈനിയും ടിനുവും പറഞ്ഞു.
ഇവരുടെ കൂടെയുണ്ടായിരുന്ന പാര്‍ട്ടി പ്രവര്ത്തകന് എ.ജി. തമ്പിയും ആക്രമത്തിനിരയായതായും ഇവര്‍ പറഞ്ഞു.
അടിപിടിയില്‍ പരിക്കേറ്റ രതീഷ്, ഷൈനി, ടിനു എന്നിവര്‍ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. ഇരുകൂട്ടരും മാവേലിക്കര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.