മല്ലപ്പള്ളി: ആനിക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇത്തിപള്ളില് വി.രഞ്ജിത്തിനെ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ സര്‍വീസ് സംഘടനകളുടെ പ്രതിഷേധം.
മര്‍ദനത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ ഇന്ന് അവധിയെടുത്തു പ്രതിഷേധിക്കുകയാണ്.
ആനിക്കാട് പഞ്ചായത്ത് സിപിഎം അംഗം അജി കല്ലൂപുരയുടെ നേതൃത്വത്തിലാണ് സെക്രട്ടറിയെ മര്‍ദ്ദിച്ചതെന്നാണ് പരാതി. സെക്രട്ടറിയുടെ കാറും തല്ലി തകര്‍ത്തു.
പഞ്ചായത്തിലെ അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദിച്ചതെന്ന് സെക്രട്ടറി പറയുന്നു. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം.
ആനിക്കാട് പഞ്ചായത്തിലെ 13 വാര്‍ഡിലെ പാമ്പാടിമണ്‍ എന്ന സ്ഥലത്ത് അനധികൃത മണ്ണെടുപ്പ് നടക്കുന്നതായി അറിഞ്ഞ് അന്വേഷണത്തിനായി അവധി ദിവസമായതിനാല്‍ സ്വന്തം കാറില്‍ ചെന്നപ്പോള്‍ കാറ് തല്ലി തകര്‍ക്കുകയും രക്ഷപ്പെട്ട് മുന്നോട്ടു പോയപ്പോള്‍ വഴിയില്‍ തടഞ്ഞു മര്‍ദ്ദിക്കുകയായിരുന്നുവെന്നും സെക്രട്ടറി രഞ്ജിത്തിന്റെ പരാതിയില്‍ പറയുന്നു.
അവധിദിനമാണെങ്കിലും മണ്ണെടുപ്പ് സംബന്ധിച്ച പരാതികളില്‍ നടപടി വേണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവും നിലവിലുണ്ട്. ഇതേത്തുടര്‍ന്നാണ് സെക്രട്ടറി സ്ഥലത്തെത്തിയത്.
മെംബര്‍ അജി കല്ലൂപുരയും മകനും സഹോദരനും ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്നും രഞ്ജിത് പറഞ്ഞു. പരിക്കേറ്റ രഞ്ജിത് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവത്തില്‍ കീഴ്വായ്പൂര് പോലീസ് അന്വേഷണം തുടങ്ങി. എന്നാല്‍ തന്നെ സെക്രട്ടറി മര്‍ദ്ദിച്ചതായി പഞ്ചായത്തംഗം അജി കല്ലുപുരയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
രണ്ട് പരാതികളും പരിശോധിച്ച് അന്വേഷണം നടന്നു വരികയാണെന്ന് കീഴ്വായ്പൂര് എസ്എച്ച്ഒ വിപിന്‍ ഗോപിനാഥ് പറഞ്ഞു.