പോത്തൻകോട്: കഞ്ചാവ് മാഫിയാ സംഘം ബിരുദ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ .
പോത്തൻകോട് വാവറയമ്പലം ഷെബിൻ കോട്ടേജിൽ മുഹമ്മദ് ഷബിനെ (18) തട്ടിക്കൊണ്ടു
പോയി മർദിച്ച് നിർബന്ധിച്ച് കഞ്ചാവ് വലിപ്പിച്ച് പണവും മൊബൈൽ ഫോണും അപഹരിച്ച കേസിൽ മംഗലപുരം സ്വദേശികളായ ഷെഹിൻ(കുട്ടൻ), അഷ്റഫ്, അൻസർ, മുരുക്കുപുഴ സ്വദേശി മുഹമ്മദ് ഷിനാസ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഷബിന്റെ സുഹൃത്ത് ഷിനാസ് വീട്ടിൽ നിന്നും വിളിച്ചിക്കി മംഗലപുരത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ എത്തിക്കുകയായിരുന്നു.
അവിടെ കാത്തു നിന്ന മൂന്നംഗ സംഘവുമായി ചേർന്ന് ഷബിനെ ആക്രമിച്ച് കഞ്ചാവ് വലിപ്പിച്ച് കൈവശമുണ്ടായിരുന്ന മൂവായിരം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തുവെന്നാണ് കേസ്.
പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നും വീട്ടിലുള്ള അമ്മയെ ആക്രമിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി.
മൊബൈൽ ഫോൺ മടക്കി നൽകാൻ വീണ്ടും പതിനായിരം രൂപ നൽകാൻ ഭീഷണിപ്പെടുത്തിയതോടെയാണ് ഷബിൻ വീട്ടിൽ ഈ വിവരം പറയുന്നത്.
തുടർന്ന് മംഗലപുരം പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതറിഞ്ഞ സംഘം ഇന്നലെ രാത്രി പോത്തൻകോട് വാവറയമ്പലത്തെ ഷബിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കി. തുടർന്ന് പോത്തൻകോട്, മംഗലപുരം പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.