കാഞ്ഞാർ: സ്കൂൾ വിദ്യാർഥികൾ തമ്മിലുള്ള വഴക്കിൽ രക്ഷിതാവ് ഇടപെട്ടത് സംഘർഷത്തിൽ കലാശിച്ചു.
വിദ്യാർഥികളിൽ ഒരാളുടെ അമ്മ സ്കൂളിൽ കയറി മറ്റേ കുട്ടിയെ തല്ലിയതാണ് പ്രശ്നം വഷളാക്കിയത്.
തടസംപിടിക്കാനെത്തിയ സ്കൂളിലെ ജീവനക്കാരനെയും കൈയേറ്റം ചെയ്തതായി ആക്ഷേപമുണ്ട്.
സംഘർഷത്തിൽ പരിക്കേറ്റ കുട്ടിയെ അറക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ശേഷം പിന്നീട് തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അറക്കുളം പഞ്ചായത്തിലെ പിന്നാക്ക മേഖലയിലെ ഹൈസ്കൂളിലാണ് സംഭവം. സ്കൂളിലെ പട്ടികജാതി വിഭാഗങ്ങൾക്കായുള്ള ഹോസ്റ്റലിൽ താമസിക്കുന്ന ഏഴാംക്ലാസിൽ പഠിക്കുന്ന കുട്ടികൾ തമ്മിലാണ് കഴിഞ്ഞദിവസം വാക്കേറ്റമുണ്ടായത്.
ഒരാൾ ചക്കിക്കാവ് സ്വദേശിയും മറ്റേ കുട്ടി മൂന്നാർ സ്വദേശിയാണ്. ഇരുവരും തമ്മിലുള്ള വഴക്ക് ഹെഡ്മിസ്ട്രസ് കുട്ടികളുടെ രക്ഷിതാക്കളെ അറിയിച്ചു.
ചക്കിക്കാവിലുള്ള കുട്ടിയുടെ അമ്മയാണ് ഇന്നലെ രാവിലെ സ്കൂളിലെത്തി ക്ലാസ് റൂമിൽ കയറി മൂന്നാർ സ്വദേശിയായ വിദ്യാർഥിയെ തല്ലിയത്. ഇതോടെ ഹെഡ്മിസ്ട്രസ് അവരെ സ്കൂളിനു പുറത്താക്കി.
ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയശേഷം കാഞ്ഞാർ പോലീസിൽ വിവരമറിയിച്ചു.
രേഖാമൂലം പരാതി ലഭിക്കാത്തതുകൊണ്ട് കേസ് എടുത്തില്ലെന്ന് സംഭവസ്ഥലത്തെത്തിയ കാഞ്ഞാർ എസ്ഐ നസീർ പറഞ്ഞു.