തിരുവനന്തപുരം: കിഴുവിലം മുടപുരത്ത് യുവാവിനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ചവശനാക്കിയ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചത് ഒരു രാഷ്ട്രീയപാർട്ടിയിലെ യുവജന വിഭാഗം നേതാക്കളും പാർട്ടിയിലെ മുതിർന്ന നേതാക്കളുമെന്ന് നാട്ടുകാർ ആരോപിച്ചു. കിഴുവിലം, മുടപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങളെ സഹായിക്കുന്നതിൽ ഈ നേതാക്കൾക്ക് പങ്കുണ്ടെന്നാണ് ജനങ്ങൾ പറയുന്നത്.
ഇക്കഴിഞ്ഞ മാസം പതിമൂന്നിനാണ് പട്ടാപ്പകൽ നടുറോഡിലിട്ട് കൊച്ചാലുമുട് സ്വദേശിയായ സുധീറിനെ മുടപുരം ഈച്ചരൻവിള മണലിൽ വീട്ടിൽ അനന്തു (23) വും കൂട്ടുപ്രതിയായ ശ്രീക്കുട്ടൻ എന്ന് വിളിയ്ക്കുന്ന ശ്രീജിത്തും ചേർന്ന് ക്രൂരമായി മർദ്ദിച്ചവശനാക്കിയത്. മുട്ടപ്പലം ഭാഗത്ത് നിന്ന് ബൈക്കിലെത്തിയ അനന്ദുവും ശ്രീക്കുട്ടനും മുടപുരം ജംഗ്ഷനിൽ മദ്യലഹരിയിൽ റോഡിൽ ബൈക്ക് വട്ടം ചുറ്റുകയായിരുന്നു.
ഈ സമയത്താണ് ചിറയിൻകീഴിൽ നിന്ന് ബൈക്കിൽ എത്തിയ സുധീറിന്റെ ബൈക്കിന് തടസം നിന്നത്. ഇത് സുധീർ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ അനന്ദുവും ശ്രീക്കുട്ടനും ചേർന്ന് സുധീറിനെ ബൈക്കിൽ നിന്ന് തള്ളിയിട്ട് ക്രുരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ സുധീറിന് തലയ്ക്കും ചെവിക്കും സാരമായ പരിക്കേറ്റു. പോലീസിൽ സുധീർ വാക്കാൽ പരാതി നൽകിയെങ്കിലും ചില യുവജന രാഷ്ട്രീയ നേതാക്കൾ ഇടപെട്ട് സംഭവം ഒതുക്കുകയായിരുന്നു.
നഷ്ടപരിഹാരം വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു സംഭവം ഒത്തുതീർപ്പാക്കിയത്. എന്നാൽ കുറച്ചു പണം കിട്ടിയതല്ലാതെ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ഇതുവരേയും സുധീറിന് ലഭിച്ചില്ല. മുടപുരത്തെ സ്വകാര്യ സ്ഥാപനത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ മർദ്ദന രംഗങ്ങൾ പതിയുകയും ഇവ സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസം പ്രചരിക്കുകയും ചെയ്തു. ഇതേ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്ന് പോലീസ് കേസെടുത്ത് മുഖ്യപ്രതി അനന്തുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാൽ ഇയാളോടൊപ്പം കൂട്ടുപ്രതിയായ ശ്രീജിത്തിനെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ശ്രീജിത്തിന് വേണ്ടി അന്വേഷണം ഉൗർജിതമാക്കിയതായി പോലീസ് പറഞ്ഞു. ഇയാളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ പ്രതി പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി. അനന്തുവിനെ രക്ഷപ്പെടാനും ഒളിവിൽ പോകാനും സഹായിച്ച മുടപുരം സ്വദേശികളായ ഷിനോജ്, പ്രദീപ്, വിഷ്ണു, സുധീഷ് എന്നിവരെ ആറ്റിങ്ങൽ സിഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ അനന്തുവിനെ മുടപുരത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.