ലോസ് ആഞ്ചലസ്: മാധ്യമചക്രവർത്തി റൂപർട്ട് മർഡോക് അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു. തൊണ്ണൂറ്റിരണ്ടുകാരനായ മർഡോക്കും അറുപത്തേഴുകാരിയായ ഗേൾഫ്രണ്ട് എലേന സുക്കോവയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ജൂണിൽ വിവാഹം ഉണ്ടാകുമെന്നാണു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സോവ്യറ്റ് യൂണിയന്റെ പതനത്തിനു മുന്പ് 1991ൽ മോസ്കോയിൽനിന്നു യുഎസിലേക്കു കുടിയേറിയ എലേന സുക്കോവ മൈക്രോബയോളജിസ്റ്റാണ്. പ്രമേഹത്തെക്കുറിച്ച് യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽ പഠനം നടത്തിവരുകയാണെന്നു പറയുന്നു.
റഷ്യൻ ശതകോടീശ്വരൻ അലക്സാണ്ടർ സുക്കോവിന്റെ ഭാര്യയായിരുന്നു എലേന. ഇവരുടെ മകൾ ഡാഷ, മറ്റൊരു റഷ്യൻ ശതകോടീശ്വരൻ റോമാൻ അബ്രാമോവിച്ചിന്റെ മുൻ ഭാര്യയാണ്.
മർഡോക്കിന്റെ ചൈനീസ് വംശജയായ മുൻ ഭാര്യ വെൻഡി ഡെംഗ് നടത്തിയ ഒരു പാർട്ടിയിൽവച്ചാണ് എലേനയുമായി കണ്ടുമുട്ടുന്നത്.
മർഡോക്കിന്റെ നടക്കാൻ പോകുന്ന വിവാഹം അഞ്ചാമത്തേതാണെങ്കിലും വിവാഹനിശ്ചയം ആറാമത്തേതാണ്. ആൻ ലെസ്ലി എന്ന വനിതയുമായുള്ള വിവാഹനിശ്ചയം 2023 ഏപ്രിൽ റദ്ദാക്കി.
ഓസ്ട്രേലിയയിൽ ജനിച്ച് പ്രമുഖ മാധ്യമസ്ഥാപനങ്ങളുടെ ഉടമയായിത്തീർന്ന മർഡോക് കഴിഞ്ഞവർഷം ഫോക്സ് ന്യൂസ്, ന്യൂസ് കോർപ് ചെയർമാൻ പദവി ഒഴിഞ്ഞിരുന്നു. ഓസ്ട്രേലിയൻ എയർഹോസ്റ്റസ് പാട്രീസിയ ബുക്കർ, സ്കോട്ടിഷ് ജേർണലിസ്റ്റ് അന്നാ മാൻ, യുഎസ് നടി ജെറി ഹാൾ എന്നിവരും മർഡോക്കിന്റെ ഭാര്യമാരായിരുന്നു.