ഫുട്ബോള്‍ ലോകത്തെ ഏറ്റവും വലിയ പോരാട്ടത്തിന് അരങ്ങൊരുങ്ങി. സ്പാനിഷ് ലാ ലിഗയില്‍ ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ (ദി ക്ലാസിക്) ശനിയാഴ്ച ന്യൂകാമ്പില്‍ നടക്കും. ഇന്ത്യന്‍ സമയം 8.45നാണ് കിക്കോഫ്. കാല്‍പ്പന്തിനെ സ്നേഹിക്കുന്നവരെല്ലാം ഒരുപോലെ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ക്ലബ് ഫുട്ബോളിലെ ബാഴ്സലോണ– റയല്‍ മാഡ്രിഡ് രാജകീയ അങ്കം. ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരങ്ങളായ ഡിയേഗോ മാറഡോണയും സിനദിന്‍ സിദാനും റൊണാള്‍ഡീഞ്ഞോയും റൊണാള്‍ഡോയും(ബ്രസീല്‍) ഫിഗോയും ഡേവിഡ് ബക്കാമും ആല്‍ഫ്രെഡോ ഡി സ്റ്റെഫാനോയും ജിയോവാനിയും തുടങ്ങി ഏറ്റവും ഒടുവില്‍ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും സുവാരസുമെല്ലാം റയലിലോ ബാഴ്സയിലോ പന്തു തട്ടി ഖ്യാതി നേടിയവരാണ്. ഇവരുടെയൊക്കെ ബൂട്ടുകളിലെ ചാരുത നിരവധി തവണ നുകര്‍ന്ന ആരാധകര്‍ക്കു വിരുന്നൊരുക്കാന്‍ ഇരുടീമും തയാറായിക്കഴിഞ്ഞു.
റയലിന്റെ പരിശീലകനായ ശേഷം സിനദിന്‍ സിനദാന്റെ രണ്ടാമത്തെ എല്ക്ലാസികോയാണ്. കഴിഞ്ഞ സീസണില്‍ ബാഴ്സലോണയെ അവരുടെ തട്ടകത്തില്‍ വച്ച് 2–1ന് തോല്‍പ്പിച്ചുകൊണ്ട് സിദാന് പരിശീലകക്കുപ്പായം തനിക്കിണങ്ങുന്നതാണെന്ന് തെളിയിച്ചു. ഈ ലാലിഗ സീസണില്‍ റയല്‍ മികച്ച ഫോമിലാണ്. ലീഗില്‍ ഇതുവരെ പതിമൂന്നു മത്സരം പൂര്‍ത്തിയായപ്പോള്‍ ഒരു തോല്‍വി പോലും അറിഞ്ഞിട്ടില്ല. പത്ത് ജയവും മൂന്നു സമനിലയുമായി ഒന്നാം സ്ഥാനത്താണ്. ബാഴ്സലോണയുടെ പ്രകടനം സമ്മിശ്രമാണ്. എട്ട് ജയം, മൂന്നു സമനില, രണ്ടു തോല്‍വി എന്നിങ്ങനെയായി രണ്ടാം സ്ഥാനത്താണ്.
ഏറ്റവും മികച്ച ഫുട്ബോളര് ആരെന്നുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും തമ്മിലുള്ള പോരാട്ടത്തിനു കൂടിയാണ് എല്‍ക്ലാസികോ വേദിയാകുന്നത്. ബാഴ്സയുടെ മുന്നേറ്റനിരയിലെ പ്രസിദ്ധമായ എംഎസ്എന്‍ (മെസി, സുവാരസ്, നെയ്മര്‍) ത്രയം ഇറങ്ങും. റയലിന്റെ ബിബിസി ത്രയത്തില്‍ (ബെന്‍സമ, ബെയ്ല്, ക്രിസ്റ്റ്യാനോ) ഗാരത് ബെയ്ലിന് പരിക്ക് മൂലം ഇറങ്ങാനാവില്ല. ലീഗിലും ചാമ്പ്യന്‍സ് ലീഗിലും മികച്ച ഫോമില്‍ കളിക്കുന്ന ബെയ്ലിന്റെ അഭാവം റയലിന്റെ മുന്നേറ്റത്തെ ബാധിക്കും. എന്നാല്‍ ബെന്‍സമയും റൊണാള്‍ഡോയും ഗോളടിക്കുന്നത് റയലിന് ആശ്വാസം നല്കുന്നു. ബാഴ്സയില്‍ മെസിയെ കേന്ദ്രീകരിച്ചാണ് പ്രകടനങ്ങളെല്ലാം. നെയ്മറും സുവാരസും തങ്ങളുടെ പ്രതിഭയ്ക്കൊത്ത പ്രകടനം നടത്തുന്നുമില്ല. മധ്യനിര ജനറല്‍ ആന്ദ്രെ ഇനിയെസ്റ്റ പരിക്ക് ഭേദമായി തിരിച്ചെത്തുന്നത് ലൂയിസ് എന്റികെയ്ക്ക് ആശ്വാസം നല്കുന്നു.
മാറഡോണയ്ക്കും റൊണാള്‍ഡീഞ്ഞോയ്ക്കും കൈയടി
കറ്റാലന്മാരുടെ വ്യക്തിത്വമാണ് ബാഴ്സലോണ. അതുപോലെ സ്പാനിഷ് വ്യക്തിത്വം റയല്‍ മാഡ്രിഡും. മിക്ക എല്‍ ക്ലാസിക്കോ പോരാട്ടവും കൈയാങ്കളിയിലാണ് അവസാനിച്ചിരുന്നത്. റയലില്‍ കളിക്കുന്ന താരങ്ങളെ ബാഴ്സലോണക്കാരും ബാഴ്സയില്‍ കളിക്കുന്ന താരങ്ങളെ റയല്‍ താരങ്ങളും ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അവര്‍ എത്ര വലിയ കളിക്കാരാണെങ്കില്‍ പോലും. ഇനി രാജ്യാന്തര തലത്തില്‍ സ്പെയിനിനു വേണ്ടി കളിക്കുന്നവരാണെങ്കില്പ്പോലും അവരെ കണ്ടിരുന്നത് ബാഴ്സ, റയല്‍ മനോഭാവത്തോടെയാണ്. റയല്‍ താരങ്ങള്‍ ബാഴ്സയിലേക്കും ബാഴ്സ താരങ്ങള്‍ റയലിലേക്കും കൂടുമാറുന്നതു പോലും അപൂര്‍വമാണ്.
എന്നാല്‍, ബാഴ്സയില്‍ കളിച്ച രണ്ടു താരങ്ങള്‍ക്ക് റയലിന്റെ തട്ടകത്തില്‍ കാണികള്‍ എഴുന്നേറ്റു നിന്നു കൈയടിച്ച് ആദരവ് പ്രകടിപ്പിച്ച സംഭവമുണ്ടായിട്ടുണ്ട്. അത് ഇതിഹാസ താരങ്ങളായ സാക്ഷാല്‍ ഡിയേഗോ മാറഡോണയ്ക്കും റൊണാള്ഡീഞ്ഞോയ്ക്കുമാണ്.
2005 നവംബറില്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡീഞ്ഞോയുടെ അനുപമ പ്രകടനം കണ്ടാണ് സാന്റിയാഗോ ബര്‍ണേബു കൈയടിച്ചത്. റൊണാള്‍ഡോ, റൊബര്‍ട്ടോ കാര്‍ലോസ്. ബെക്കാം, സിദാന്, റൗള്‍ തുടങ്ങിയ വമ്പന്മാര് അണിനിരന്ന് റയലിനെതിരേ റൊണാള്‍ഡീഞ്ഞോയുടെ ഒറ്റയാള്‍ പ്രകടനം അമ്പരപ്പിക്കുന്നതായിരുന്നു. 3–0ന് ബാഴ്സ ജയിച്ച മത്സരത്തില്‍ രണ്ടു ഗോളും നേടിയത് റൊണാള്‍ഡീഞ്ഞോയായിരുന്നു. സാമുവല്‍ എറ്റു നേടിയ മൂന്നാം ഗോളിനു വഴിതെളിച്ചതും റൊണാള്‍ഡീഞ്ഞോ തന്നെ.
ആ മാസ്മരിക പ്രകടനം കണ്ട സാന്റിയാഗോ ബര്‍ണാബുവിലെ കാണികള്‍ എഴുന്നേറ്റുനിന്നു കൈയടിച്ചു. അവര്‍ക്ക് നന്ദിയും പറഞ്ഞാണ് റൊണാള്‍ഡീഞ്ഞോ മാഡ്രിഡ് വിട്ടത്. സമാനമായ സംഭവമായിരുന്നു 1983ല്‍ മാറഡോണയുടേതും. ലീഗ് കപ്പിലായിരുന്നു മാറഡോണയുടെ ഉജ്വല പ്രകടനം. മാറഡോണയുടെ പ്രകടനത്തിന്റെ മികവില്‍ ബാഴ്സ കിരീടം നേടി. മാറഡോണയെ അഭിനന്ദിക്കാന്‍ ഒരു പിശുക്കും മാഡ്രിഡ് ആരാധകര്‍ കാണിച്ചില്ല.