സിനിമാരംഗത്തു മാത്രമല്ല മോഡലിംഗ് രംഗത്തും കാസ്റ്റിങ് കൗച്ചിങ്, പണം തട്ടിപ്പ് പോലുള്ള കാര്യങ്ങൾ അപകടകരമായ രീതിയിൽ നടക്കുന്നുണ്ട്. തനിക്കുണ്ടായ ഒരു അനുഭവത്തക്കുറിച്ച് പറയുകയാണ് നടിയും മോഡലുമായ മറീന മൈക്കിൾ. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് നടി അനുഭവം പങ്കുവയ്ക്കുന്നത്.
വാർത്തകൾ വളച്ചൊടിച്ചതിനാലാണ് ലൈവ് വീഡിയോയിൽ വന്ന് കാര്യങ്ങൾ വ്യക്തമാക്കുന്നതെന്ന് മെറീന പറയുന്നു. ഷൂട്ടിങിന് വേണ്ടി മറീനയെ കാറിൽ കൂട്ടിക്കൊണ്ടു പോയി എന്നും പീഡിപ്പിച്ചു എന്നുമൊക്കെയുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ സംഭവത്തിന്റെ സത്യാവസ്ഥ നടി തന്നെ വ്യക്തമാക്കുന്നു. ദൈവാനുഗ്രഹം കൊണ്ട് അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല എങ്കിലും മോഡലിങിന്റെ മറവിൽ നടക്കുന്ന തട്ടിപ്പിനെക്കുറിച്ചു ബോധ്യപ്പെടുത്താനാണ് മെറീന ഫേസ്ബുക്ക് ലൈവിലെത്തിയത്.
എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്താണ് മോഡലിങിന്റെ ആവശ്യം പറഞ്ഞ് എന്നെ വിളിച്ചത്. അവസാന നിമിഷം തീരുമാനിച്ച മോഡൽ മാറിയ സാഹചര്യത്തിലാണ് എന്നെ വിളിക്കുന്നത്. മെറീന വരുമോ… സമയമുണ്ടോ… എന്നൊക്കെ ചോദിച്ചുകൊണ്ടാണ് വിളിച്ചത്. ഷാൻ എന്ന ആൾ വിളിക്കുമെന്നും പറഞ്ഞു. ഷാൻ വിളിച്ചു സംസാരിച്ചു.പ്രമുഖ ജ്വല്ലറിക്കു വേണ്ടിയാണ് മോഡലിങ് നടത്തുന്നതെന്നു പറഞ്ഞ ഷാൻ കാര്യങ്ങളൊക്കെ സംസാരിച്ചു. ഞാൻ പറഞ്ഞ പ്രതിഫലവും തരാം എന്ന് സമ്മതിച്ചു.
അദ്ദേഹത്തിന്റെ ആദ്യത്തെ പരിപാടിയാണെന്നും വലിയ ധാരണകളൊന്നും ഇല്ലെന്നും പറഞ്ഞിരുന്നു. രാവിലെ ഞാൻ കൂട്ടിക്കൊണ്ടുവരാം എന്നും എന്റെ അപ്പാർട്മെന്റിൽ വച്ച് ഫ്രഷ് ആകാം എന്നും ഷാൻ പറഞ്ഞു. അത് വേണ്ട എന്ന് ഞാൻ പറഞ്ഞു. പിന്നീട് ഷൂട്ട് നടക്കുന്ന ലൊക്കേഷനെ കുറിച്ച് ചോദിച്ചപ്പോൾ മാത്രം ഒന്നും പറഞ്ഞില്ല. ഹോളിഡെ എന്നൊരു ഹോട്ടലുണ്ട്. അവിടെ എത്താം എന്നാണ് പറഞ്ഞത്.
പിറ്റേന്ന് രാവിലെ മുതൽ ഞാൻ ലൊക്കേഷനെക്കുറിച്ച് ചോദിച്ചപ്പോൾ അയാൾ അത് മാത്രം പറയുന്നില്ല. ഒന്നു രണ്ടു തവണ ലൊക്കേഷൻ ചോദിച്ചിട്ടും പറയാതായപ്പോഴേ എനിക്ക് അപാകത തോന്നിയിരുന്നു. വീണ്ടും വീണ്ടും ചോദിച്ചപ്പോൾ കലൂരാണ് ലൊക്കേഷൻ എന്ന് പറഞ്ഞു. കലൂരിൽ എവിടെയാണെന്ന് ചോദിച്ചപ്പോൾ അയാൾക്ക് മറുപടിയില്ല. ഒരാൾ ആദ്യമായി ഒരു പരിപാടി ചെയ്യുന്പോൾ അത് എത്രത്തോളം നന്നാക്കാൻ കഴിയും എന്നാണ് നോക്കുന്നത്.
പക്ഷെ ഇയാൾക്ക് ഷൂട്ട് നടക്കുന്ന ലൊക്കേഷൻ പോലും അറിയില്ല. അതിൽ സംശയം തോന്നി ഞാൻ ആ ജ്വല്ലറിയുടെ നന്പർ ഗൂഗിളിൽ നിന്നെടുത്ത് ഷോറൂമിലേക്ക് വിളിച്ചു. കേരളത്തിൽ എവിടെയും ഇങ്ങനെ ഒരു ഷൂട്ട് നടക്കുന്നില്ല എന്നാണ് എംഡിയിൽ നിന്നും കിട്ടിയ വിവരം. ദൈവാനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടത്.
അവർ വരികയും എന്നെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്തിരുന്നുവെങ്കിൽ എനിക്കൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു.എന്നാൽ ഈ സംഭവം വാർത്തയായി വന്നത് പല തരത്തിലാണ്. എന്നെ കൂട്ടിക്കൊണ്ടുപോയി എന്നും പീഡിപ്പിച്ചു എന്നുമായി കാര്യങ്ങൾ. പബ്ലിസിറ്റിക്ക് വേണ്ടി ഞാൻ ചെയ്തതാണ് എന്നാണ് മറ്റൊരു കൂട്ടർ പറഞ്ഞത്.
എന്റെ സഹപ്രവർത്തകർക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഇക്കാര്യങ്ങൾ ഞാൻ തുറന്നുപറഞ്ഞത്. അതിൽ യാതൊരു പബ്ലസിറ്റിയുമില്ല. എന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടുമില്ല. എന്തായാലും ഈ സംഭവത്തെ നിയമപരമായി നേരിടാനാണ് തീരുമാനം. കേസ് കൊടുക്കുന്നുണ്ട്- മെറീന പറയുന്നു.