ബോളിവുഡ് നടി കരീന കപൂറും പുസ്തകമെഴുതുന്നു. വളരെ വ്യത്യസ്തമായൊരു വിശേഷം പങ്കുവയ്ക്കാനാണ് കരീന സാഹിത്യരംഗത്തേക്കു കടക്കുന്നത്. എന്താണെന്നല്ലേ, ഗർഭകാലത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവയ്ക്കാണ് ഈ പുതിയ രംഗത്തേക്കും നടി കാലുകുത്തുന്നത്.
ഗർഭിണിയാണെന്നറിഞ്ഞ നാൾ മുതൽ പ്രസവം കഴിഞ്ഞ് 90 ദിവസം വരെയുള്ള അനുഭവങ്ങളാണ് കരീന എഴുതുന്നത്. ശാരീരിക മാറ്റങ്ങൾ, മാനസിക അവസ്ഥകൾ, ഭക്ഷണം, വ്യായാമം തുടങ്ങിയവയെല്ലാം പുസ്തകത്തിൽ വിവരിക്കും. ഗർഭിണിയായിരിക്കെ മുഖ്യധാരയിൽനിന്ന് മാറി നിൽക്കുന്ന താരങ്ങളിൽ നിന്ന് വ്യത്യസ്തയായിരുന്നു കരീന. പാർട്ടികളിൽ പങ്കെടുത്തും മോഡലിംഗ് ചെയ്തുമെല്ലാം താരം ഗർഭകാലം ആഘോഷമാക്കി.
മകൻ ജനിച്ചയുടനുള്ള ചിത്രവും ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. പ്രസവശേഷം ദിവസങ്ങൾക്കുള്ളിൽ പാർട്ടിയിൽ പങ്കെടുക്കുന്ന കരീനയെയാണ് ആരാധകർ കണ്ടത്. തുടർന്ന് ഒരു ഫാഷൻ വീക്കിലും ചുവടുവച്ചു.ഇപ്പോൾ വീർ ദേ ദിവാനി എന്ന ചിത്രത്തിൽ അഭിനയിക്കാൻ തയാറെടുക്കുകയാണ് കരീന കപൂർ. ഗർഭം ധരിച്ചതിന് ശേഷമുള്ള ദിവസങ്ങളെക്കുറിച്ച് പലതരം തെറ്റിദ്ധാരണകളും കീഴ്വഴക്കങ്ങളും നിലനിൽക്കുന്നുണ്ടെന്നും അവയെല്ലാം തിരുത്താൻ തന്റെ പുസ്തകത്തിലൂടെ പ്രേരണയാകുമെന്നും കരീന വിശ്വസിക്കുന്നു.