ലണ്ടൻ: ഫൈസർ-ബയോൺടെക് വാക്സിൻ ബ്രിട്ടനിലെ ജനങ്ങളിൽ കുത്തിവച്ചു തുടങ്ങി. തൊണ്ണൂറുകാരി മാർഗരറ്റ് കീനാൻ ആണ് ആദ്യമായി വാക്സിൻ സ്വീകരിച്ചത്.
സെൻട്രൽ ഇംഗ്ലണ്ടിലെ കോൺവെൻട്രിയിലുള്ള യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഫിലിപ്പീൻസ് സ്വദേശിനി നഴ്സ് മേ പാർസൺസ് ആണ് കുത്തിവയ്പു നല്കിയത്.
തൊണ്ണൂറ്റൊന്നാം പിറന്നാളിന് ഒരാഴ്ച മാത്രം ശേഷിക്കേ ലഭിച്ച കുത്തിവയ്പ് അല്പം നേരത്തേ ലഭിച്ച പിറന്നാൾ സമ്മാനമാണെന്ന് മാർഗരറ്റ് അമ്മൂമ്മ പ്രതികരിച്ചു.
ആദ്യമായി വാക്സിൻ ലഭിച്ച വ്യക്തിയെന്നത് ബഹുമതിയായി കാണുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
വാർവിക്ഷെയറിൽ വില്യം ഷേക്സ്പിയർ എന്നയാളാണ് രണ്ടാമതു വാക്സിൻ സ്വീകരിച്ച വ്യക്തിയെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
ആദ്യഘട്ട വാക്സിനേഷനിൽ വയോധികർക്കാണു മുൻഗണനയെന്നു ബ്രിട്ടീഷ് അധികൃതർ വ്യക്തമാക്കിയിരുന്നു.