കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്തു പലരിൽനിന്നായി 2.18 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾകൂടി പിടിയിൽ. കേസിൽ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത കാഞ്ഞങ്ങാട് സ്വദേശിനി മാർഗരറ്റ് മേരിയുടെ സഹോദരൻ ജോസ് മേരിദാസ്(ജിമ്മി) ആണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്.
മാർഗരറ്റ് മേരിയുടെ ജാമ്യവുമായി ബന്ധപ്പെട്ട് ഇയാൾ ഇന്നലെ എറണാകുളത്ത് എത്തിയപ്പോഴാണു പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്തുവരുന്ന പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
ഇയാൾ മുഖാന്തിരമാണ് ഉദ്യോഗാർഥികൾ വിവിധ അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിച്ചതെന്നാണു പോലീസ് പറയുന്നത്. ഇയാളുടെ അക്കൗണ്ടിലേക്കും പണം എത്തിയതായാണു സൂചന. അതിനിടെ, കേസിൽ കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി റിമാൻഡിൽ കഴിയുന്ന മാർഗരറ്റ് മേരിയെ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. അതിനിടെ, കേസിൽ പ്രധാന പ്രതിയുൾപ്പെടെ മറ്റ് പ്രതികളെ പിടികൂടാൻ പോലീസ് അന്വേഷണം ഉൗർജിതമാക്കി.
പ്രധാന പ്രതിയായ ഏറ്റുമാനൂർ സ്വദേശി ജോഷി തോമസിനെ സംബന്ധിച്ച വിവരങ്ങൾ വിമാനത്താവളങ്ങൾക്കു കൈമാറി. ഇയാൾ ഏതെങ്കിലും വിമാനത്താവളങ്ങളിലെത്തിയാൽ അറസ്റ്റ് ചെയ്യുവാനുള്ള നടപടികളാണു സ്വീകരിച്ചിട്ടുള്ളത്. പാല, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ ഉൾപ്പെടെ ഇയാൾക്കെതിരേ കേസുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പായിരുന്നു ഇവിടങ്ങളിലും നടത്തിവരിന്നിരുന്നത്. ഇതിനു പിന്നാലെയാണ് എറണകുളം സൗത്ത് പോലീസും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നത്. കേസിൽ ഇയാൾ ഉൾപ്പെടെ ഇനി മൂന്നുപേർകൂടിയാണ് ഇനി പിടിയിലാകാനുള്ളത്. ഒരു പ്രെയർ ഗ്രൂപ്പുമായി ബന്ധപ്പെട്ടുകൊണ്ടുകൊണ്ടായിരുന്നു പ്രതികളുടെ കബളിപ്പിക്കൽ. 67 പേരിൽനിന്നായി 2.18 കോടിയോളം രൂപയാണു സംഘം തട്ടിയെടുത്തത്.