കൂറ്റനാട്: വാഹന ഗതാഗതത്തിനു മാർഗ്ഗ തടസം സൃഷ്ടിച്ച് വാഹനം ഓടിച്ച ആൾക്ക് ലൈസൻസ് സസ്പെൻഷനും, സാമൂഹ്യസേവനവും ശിക്ഷ വിധിച്ച് പട്ടാന്പി ആർടിഒ.
പട്ടാന്പിയിൽ നിന്നും എടപ്പാളിലേക്ക് പോകുന്ന സ്വകാര്യ ബസിന് മുന്നിൽ മാർഗ്ഗ തടസം സൃഷ്ടിച്ചു മോട്ടോർസൈക്കിളിൽ യാത്ര ചെയ്ത ആളെയാണ് പട്ടാന്പി ആർടിഒ പിടികൂടിയത്.
ഇയാൾ വാഹന ഗതാഗതത്തിനു തടസ്സം സൃഷ്ടിക്കുന്ന വിധത്തിലും, അപകടകരമായ വിധത്തിലും ബസ്സിനു മുന്നിലൂടെ മോട്ടോർ ബൈക്ക് ഓടിക്കുന്ന വീഡിയോ ദൃശ്യം യാത്രക്കാർ പകർത്തി തിരുവനന്തപുരത്തെ മോട്ടോർ വാഹന വകുപ്പ് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ എൻഫോഴ്സ്മെന്റിനു അയച്ചുകൊടുത്തു.
വീഡിയോ ദൃശ്യത്തിൽ പട്ടാന്പി ജോയിന്റ് ആർടിഒയോട് നടപടിയെടുക്കാൻ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ശിക്ഷ. ഞാങ്ങാട്ടിരി സ്വദേശിയായ രഞ്ജിത്ത് ജോയിന്റ്് ആർടിഒ മുന്പാകെ ഹാജരായി കുറ്റം സമ്മതിച്ച് ഖേദപ്രകടനം എഴുതി നൽകുകയും
ഇതേതുടർന്ന് രഞ്ജിത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ഒരു ദിവസത്തെ സാമൂഹ്യ സേവനത്തിന് പട്ടാന്പി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിലേക്ക് അയക്കുകയും ചെയ്ത് ജോയിൻറ് ആർടിഒ സി.യു മുജീബ് ഉത്തരവിറക്കുകയായിരുന്നു.