കോട്ടയം: നഗരമധ്യത്തില്‍ വീട്ടില്‍ ഗുണ്ടാ അക്രമണം നടത്തിയ പ്രതികളെ സംബന്ധിച്ച് പോലീസിനു സൂചന ലഭിച്ചു.
ഇന്നലെ രാത്രി പത്തിനു കോട്ടയം ചന്തക്കടവിലെ വടശേരില്‍ ലോഡ്ജിനു സമീപത്തെ വാടകവീട്ടിലായിരുന്നു അക്രമണം. ഏറ്റുമാനൂര്‍ സ്വദേശികളായ സാന്‍ ജോസഫ്, അമീര്‍ ഖാന് എന്നിവര്‍ക്കാണു പരിക്കേറ്റത്.
ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരെയും ഗൂണ്ടാ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ബൈക്കിലും കാറിലുമെത്തിയ സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറി അക്രമണം നടത്തുകയായിരുന്നു.
വാടക വീട്ടിലുണ്ടായിരുന്ന തിരവനന്തപുരം സ്വദേശി ഷിനുവും പൊന്‍കുന്നം സ്വദേശിനിയായ യുവതിയും അക്രമത്തില്‍ നിന്നും രക്ഷപെട്ടു.
നഗരത്തില്‍ പ്ലബിംഗ് ജോലിള്‍ ചെയ്തിരുന്ന യുവാക്കളായിരുന്നു മൂവരും. താമസക്കാര്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്നതിനായിട്ടാണ് യുവതി താമസിച്ചിരുന്നത്.
ഗുണ്ടാസംഘം എത്തിയ വാഹനം സമീപ വാസികള്‍ നല്കിയ വിവരമനുസരിച്ച് പോലീസ് പരിശോധിച്ചു വരുകയാണ്. നഗരത്തിലെ സിസിടിവി കാമറകള്‍ പരിശോധിച്ചാണ് വാഹനം പരിശോധിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്. അക്രമത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്നു സാന്‍ ജോസഫിനും അമീറിനും പോലീസിനു വ്യക്തമായ മൊഴി നല്കാന് സാധിച്ചിട്ടില്ല.
അക്രമം എന്തിനായിരുന്നുവെന്നും ആരുടെയെങ്കിലും ഭീഷണിയുണ്ടായിരുന്നതായോ മറ്റോ വിവരങ്ങള്‍ പോലീസിനു ശേഖരിക്കാന്‍ സാധിച്ചിട്ടില്ല.
വാടകവീട്ടില്‍ പാചകത്തിനെത്തിയ യുവതിയേയും പോലീസ് ചോദ്യം ചെയ്തു. ഭര്‍ത്താവിന്റെ അനുമതിയോടെ ജോലിക്കായി എത്തിയിരുന്നതാണെന്നാണു യുവതി പോലീസിനോടു പറഞ്ഞത്.
സംഭവത്തില്‍ ദൂരൂഹതയുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഈ രീതിയിലും പോലീസ് അന്വേഷണം ആരംഭിക്കുന്നുണ്ട്. കോട്ടയം ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ വെസ്റ്റ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ.എസ്. വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണം.