കോഴിക്കോട്: ഓണക്കാലത്തും മുഖം തെളിയാതെ വ്യാപാരികള്‍.പ്രതീക്ഷിച്ച വില്‍പ്പന നടന്നില്ലെന്ന വിലയിരുത്തലാണ് വ്യാപാരികള്‍ പങ്കുവയ്ക്കുന്നത്. വലിയ മാര്‍ക്കിറ്റിംഗ് ഉള്‍പ്പെടെ ചെയ്തിട്ടും വലിയ തോതില്‍ വിപണിയില്‍ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഇവര്‍ പറയുന്നത്.
വസ്ത്ര വ്യാപാരമേഖലയില്‍ ഉത്രാടദിനത്തില്‍ മാത്രമാണ് ഭേദപ്പെട്ട കച്ചവടം ഉണ്ടായത്. ഇന്നലെയും സാമാന്യം ഭേദപ്പെട്ട കച്ചവടം ഉണ്ടായി. ഗൃഹോപകരണവിപണിയില് കാര്യമായ ചലനമുണ്ടായില്ല.
വലിപ്പ ചെറുപ്പമില്ലാതെ എല്ലാ കടകളിലും പകുതിയില്‍ താഴെ മാത്രമേ കച്ചവടം നടന്നുള്ളൂ. വിഷുവും പെരുന്നാളും കോവിഡ് കൊണ്ടുപോയ സാഹചര്യത്തില്‍ അല്പമെങ്കിലും പ്രതീക്ഷ ഓണവിപണിയിലായിരുന്നു.
സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും കൃഷിവകുപ്പും കുടുംബശ്രീയുമെല്ലാം നാടെങ്ങും ഓണച്ചന്തകള്‍ തുടങ്ങിയതോടെ പൊതുവിപണിയിലെ വില കുറയാന്‍ ഇടയാക്കി. കൂടാതെ പച്ചക്കറികളും മറ്റും വീട്ടില്‍ തന്നെ ഉത്പാദിപ്പിച്ചതിനാല്‍ മാര്‍ക്കറ്റുകളിലേക്ക് പതിവുപോലെയുള്ള തള്ളിക്കയറ്റം ഉണ്ടായില്ല.
പല ഫാഷനുകളിലുള്ള വസ്ത്രങ്ങള്‍ എത്തിച്ചെങ്കിലും പ്രതീക്ഷിച്ച പോലെ വിറ്റഴിക്കാനായില്ല. വിഷു, ഈസ്റ്റര്‍ കാലത്തെ ഫാഷന്‍ അനുസരിച്ച് കൊണ്ടുവന്ന വസ്ത്രങ്ങളും കെട്ടിക്കിടക്കുന്നുണ്ട്. വഴിയോരത്തെ വസ്ത്രവിപണി ഇക്കുറി ഉണ്ടായില്ല.
പ്രധാന റോഡുകളുടെ ഓരം പറ്റി താത്കാലിക സ്റ്റാന്‍ഡില്‍ ഉറപ്പിച്ച വസ്ത്ര വില്‍പ്പന കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് സാധാരണ അനുഭവപ്പെടാറുള്ളത്. തുച്ഛവരുമാനക്കാര്‍ ഓണക്കോടി വാങ്ങിയിരുന്നത് ഇവിടങ്ങളില്‍ നിന്നായിരുന്നു.
അതും പൊലിഞ്ഞു. അതേസമയം ഓണത്തോടുത്ത രണ്ടുദിവസം കിട്ടിയ കച്ചവടം മാത്രമാണ് പൂവിപണിക്ക് എടുത്തുപറയാനുള്ളത്.