ഭൗമഫലകങ്ങളുടെ ചലനങ്ങളുടെ ഫലമായി പല പ്രതിഭാസങ്ങളും ഭൂമിയില്‍ അരങ്ങേറാറുണ്ട്. അത്തരത്തിലുള്ള ഭൗമഫലകങ്ങളുടെ ചലനങ്ങളുടെ ഫലമായി ഭൂമി വന്‍ തോതില്‍ വെള്ളം ഉള്ളിലേക്ക് വലിച്ചെടുക്കുകയും ചെയ്യുന്നുണ്ട്. നേരത്തെ കരുതിയതിലും മൂന്നിരട്ടിയിലേറെ വെള്ളമാണ് ഭൂമി കുടിക്കുന്നതെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഏറെ നിഗൂഢതകള്‍ നിറഞ്ഞ മരിയാന ട്രഞ്ചിലാണ് കൂടുതല്‍ വെള്ളം താഴുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഭൂമിയിലെ ഏറ്റവും ആഴമേറിയ സ്ഥലമെന്ന് കരുതപ്പെടുന്ന മരിയാന ട്രഞ്ചില്‍ നടത്തിയ പഠനങ്ങളാണ് പുതിയ നിഗമനങ്ങള്‍ നല്‍കുന്നത്. ഓരോ പത്ത് വര്‍ഷത്തിലും മൂന്ന് ബില്യണ്‍ ടെറാഗ്രാം വെള്ളം ഭൂമി ഉള്ളിലേക്ക് വലിച്ചെടുക്കുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഒരു ടെറാഗ്രാം എന്നത് മാത്രം ഒരു ബില്യണ്‍ (100 കോടി) കിലോഗ്രാം വരും.
ഭൗമഫലകങ്ങളുടെ ചലനഫലമായി വെള്ളം ഭൂമിക്കടിയിലേക്ക് പോകുന്നുണ്ടെന്ന് ശാസ്ത്രലോകത്തിന് നേരത്തെ തന്നെ അറിവുള്ളതാണ്. ഇവരുടെ കണക്കുകൂട്ടലുകള്‍ക്കപ്പുറമാണ് യാഥാര്‍ഥ്യം എന്ന് വാഷിംങ്ടണ്‍ സര്‍വകലാശാലയിലെ ചെന്‍ കായുടെ നേതൃത്വത്തില്‍ നടന്ന പഠനം തെളിയിക്കുകയാണ്. നേച്ചര്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മരിയാന ട്രഞ്ചില്‍ പലയിടങ്ങളിലായി സ്ഥാപിച്ചിരുന്ന 19 ഭൂകമ്പമാപിനികളുടെ സഹായത്താലാണ് മേഖലയിലെ ചലനങ്ങള്‍ രേഖപ്പെടുത്തിയത്. വിവിധ ദ്വീപുകളില്‍ സ്ഥാപിച്ചിരുന്ന ഏഴ് ഭൂകമ്പ മാപിനികളില്‍ നിന്നുള്ള വിവരങ്ങളും പഠനത്തിനായി ഉപയോഗിച്ചു.
ഇതോടെ പസഫിക് മേഖലയിലെ ഫലകങ്ങളുടെ ചലനങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കുകയായിരുന്നു. ഭൂമിയിലെ ജലചക്രത്തില്‍ ഇത്തരത്തിലുള്ള ഭൗമ ഫലകങ്ങളുടെ ചലനത്തിനുള്ള പ്രാധാന്യവും പഠനം വെളിവാക്കുന്നു. ഉയര്‍ന്ന മര്‍ദ്ദവും ഊഷ്മാവും മൂലം സമുദ്രത്തിലെ മാത്രമല്ല ഭൂമിയുടെ ഉള്‍ഭാഗത്തെ പാറകളില്‍ ശേഖരിച്ചുവെച്ചിരിക്കുന്ന വെള്ളം പോലും ഭൂമിക്കുള്ളിലേക്ക് പോവുന്നു. മരിയാന ട്രഞ്ചില്‍ സമുദ്രത്തില്‍ നിന്നും 20 മൈല്‍ ആഴത്തില്‍ വരെ ഇത്തരം വെള്ളം ശേഖരിച്ചുവെച്ച ഭാഗങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്.
മാത്രമല്ല മരിയാന ട്രഞ്ച് മാത്രം നേരത്തെ കരുതിയതിലും നാലിരട്ടി വെള്ളം ഉള്ളിലേക്കെടുക്കുന്നുണ്ട്. ഭൂമിയിലെ മറ്റു ഭാഗങ്ങളാകട്ടെ നേരത്തെ കരുതിയതിലും മൂന്നിരട്ടി വെള്ളവും കുടിക്കുന്നുണ്ട്. ഇത്തരത്തില്‍ ഭൗമാന്തര്‍ഭാഗത്ത് പോകുന്ന വെള്ളത്തിന് എന്ത് സംഭവിക്കുന്നുവെന്നത് സംബന്ധിച്ച് ഊഹങ്ങള്‍ മാത്രമാണുള്ളത്. ഇത്തരം വെള്ളത്തിന്റെ വലിയ പങ്കും നീരാവിയാകുന്നുവെന്നാണ് കരുതപ്പെടുന്നത്. ഈ നീരാവി മറ്റേതെങ്കിലും ഭാഗത്തെ അഗ്‌നി പര്‍വ്വതത്തിലൂടെ പുറത്തുവരാറുമുണ്ട്. എന്നാല്‍ ഭൂമിക്കുള്ളിലേക്ക് പോകുന്ന മുഴുവന്‍ ജലവും നീരാവിയായി പുറത്തുവരുന്നില്ല. എന്തുകൊണ്ട് ഇങ്ങനെയൊരു പ്രതിഭാസമുണ്ടാവുന്നു എന്നതിനെക്കുറിച്ച് വിശദമായ ഗവേഷണത്തിനൊരുങ്ങുകയാണ് ശാസ്ത്രജ്ഞര്‍.