കോട്ടയം: ബിജെപിയിലേക്ക് തന്റെ മൂന്ന് മക്കളും പോകില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ. കുടുംബ സമേതം യുഡിഎഫിന് വേണ്ടി പ്രചാരണത്തിനെത്തും. ഉമ്മൻ ചാണ്ടിയുടെ തീരുമാനമാണ് ചാണ്ടി ഉമ്മൻ പിൻഗാമിയാകുക എന്നത്. വീട്ടില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ചാണ്ടി ഉമ്മന്‍ മാത്രം മതിയെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞതെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു.
മക്കള്‍ പാര്‍ട്ടി വിടുമെന്ന പ്രചാരണം നടക്കുമ്പോള്‍ അങ്ങനെ അല്ലെന്ന് തെളിയിക്കണം. അനില്‍ ആന്റണിയും, പത്മജയും ബിജെപിയിലേക്ക് പോയത് ഏറെ വിഷമിപ്പിച്ചു. അതിൽ ഏറ്റവും കൂടുതല്‍ അനില്‍ ആന്റണി പോയതാണ് വിഷമിപ്പിച്ചത്. അവർ പാർട്ടി വിട്ടെന്ന് കരുതി അവരോട് വിരോധമൊന്നുമില്ലെന്നും മറിയാമ്മ പറഞ്ഞു.
ജീവിതത്തില്‍ ആദ്യമായി താനും അനാരോഗ്യം വകവെക്കാതെ പ്രചാരണത്തിനായി ഇറങ്ങും. മക്കളും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകും. അതൊന്നും ഉമ്മന്‍ചാണ്ടിയ്ക്ക് പകരമാവില്ല എന്നറിയാം. രാജ്യത്തെ മതേതരത്വവും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായി രാഹുല്‍ഗാന്ധിയോടൊപ്പവും ഓരോരുത്തരോടൊപ്പവും ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കണമെന്നും അവർ പറഞ്ഞു.