ലാസ് വേഗസ്: യുഎസിലെ ലാസ് വേഗസിൽ കൂട്ടക്കുരുതി നടത്തിയ അക്രമിയുടെ കാമുകി യുഎസിൽ തിരിച്ചെത്തി. യുഎസ് അധികൃതരുടെ നിർദേശപ്രകാരമാണ് വിദേശത്തെ അവധി ആഘോഷം ഇടയ്ക്കുവച്ചു നിർത്തി മാരിലോ ഡാൻലി യുഎസിൽ തിരികെയെത്തിയത്. ഇവരെ ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുകയാണ്. മരിലോ ഡാൻലിക്ക് സംഭവത്തിൽ പങ്കില്ലെന്നാണു റിപ്പോർട്ട്. ഇവർ ഓസ്ട്രേലിയക്കാരിയാണ്. സംഭവം നടക്കുന്പോൾ ഇവർ ഫിലിപ്പൈൻസിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ടുതന്നെ ഇവർ ലോസ് ആഞ്ചൽസ് വിമാനത്താവളത്തിൽ എഫ്ബിഐ ഉദ്യോഗസ്ഥരെ കണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
വെടിവയ്പ് നടത്തുന്നതിനു തൊട്ടുമുന്പ് അക്രമിയായ സ്റ്റഫാൻ പഡ്ഡോക്ക് ഒരു ലക്ഷം ഡോളർ തുക ഫിലിപ്പൈൻസിലെ അക്കൗണ്ടിലേക്കു മാറ്റിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഈ പണം എവിടെനിന്നു ലഭിച്ചെന്നോ എന്ത് ആവശ്യത്തിനാണു കൈമാറ്റം ചെയ്തതെന്നോ വ്യക്തമല്ല. കൂടാതെ, ആക്രമണത്തിനു മുന്പ് പഡ്ഡോക്ക് ഹോട്ടൽ മുറിയിലും വാതിൽപ്പഴുതിലും കാമറകൾ സ്ഥാപിച്ചിരുന്നതായും പരിശോധനയിൽ കണ്ടെത്തി. പോലീസ് എത്തുന്നതു തിരിച്ചറിയാനായിരുന്നു ഇത്.
അക്കൗണ്ടന്റ് ജോലിയിൽനിന്നു വിരമിച്ച പഡ്ഡോക് ചൂതാട്ടപ്രിയനായിരുന്നു. ലാസ് വേഗസിലെ പ്രമുഖ ചൂതാട്ടകേന്ദ്രമായ മാൻഡലെ ബേ ഹോട്ടലിലെ 32-ാം നിലയിലെ മുറിയിൽ സെപ്റ്റംബർ 28 മുതൽ ഇയാൾ താമസിച്ചിരുന്നു. സമീപത്ത് സംഗീതപരിപാടി നടക്കുന്ന വേദിയിലേക്ക് ഈ മുറിയിൽനിന്ന് തുരുതുരാ വെടിയുതിർക്കുകയായിരുന്നു. പോലീസെത്തിയപ്പോൾ പഡ്ഡോക്കിനെ മരിച്ച നിലയിലാണു കണ്ടെത്തിയത്.
വെടിവയ്പ്പിനുള്ള കാരണം കണ്ടെത്താനും പഡ്ഡോക്കിന്റെ ക്രിമിനൽ പശ്ചാത്തലത്തെ കുറിച്ചു തെളിവുകൾ കണ്ടെത്താനും അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. എന്നാൽ ഇയാൾ താമസിച്ചിരുന്ന ഹോട്ടൽമുറിയിൽനിന്നും വസതിയിൽനിന്നും നിരവധി തോക്കുകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിരുന്നു. 23 തോക്കുകളാണു മുറിയിൽനിന്നു കണ്ടെടുത്തത്. വെടിവയ്പിൽ 59 പേർ കൊല്ലപ്പെടുകയും 527 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തെങ്കിലും എഫ്ബിഐ തള്ളിക്കളഞ്ഞു.