മെര്‍ലിന്‍ മണ്‍റോ! യുവത്വത്തെ ത്രസിപ്പിച്ച വന്യസൗന്ദര്യം! ലഹരിയിലും പ്രശസ്തിയിലും ജീവിതം ഹോമിച്ച താരസുന്ദരിയുടെ ജീവിതത്തിലൂടെ

MERLIN2ഫുട്‌ബോളില്‍ പെലെ, ഹോക്കിയില്‍ ധ്യാന്‍ചന്ദ്, ക്രിക്കറ്റില്‍ ബ്രാഡ്മാന്‍ ഇതിനു സമാനമായിരുന്നു മാദകസൗന്ദര്യത്തില്‍  ലോകത്ത് മെര്‍ലിന്‍ മണ്‍റോയുടെ സ്ഥാനം. നോര്‍മാ ജീന്‍ മോര്‍ട്ടന്‍സന്‍ എന്ന അമേരിക്കന്‍ യുവതി എങ്ങനെ ലോകയുവത്വത്തെ ത്രസിപ്പിച്ച മെര്‍ലിന്‍ മണ്‍റോ ആയി എന്നത് ഒരു യക്ഷിക്കഥ പോലെ തോന്നും. വിടര്‍ന്ന് സൗരഭ്യം അവശേഷിച്ചിരിക്കേ തന്നെ കൊഴിഞ്ഞുവീണ പുഷ്പത്തിനു സമാനമായിരുന്നു മണ്‍റോയുടെ ജീവിതം. 1920കളില്‍ ജീവിച്ചിരുന്ന മെര്‍ലിന്‍  മില്ലര്‍ എന്ന സംഗീതജ്ഞന്റെ പേരില്‍ നിന്നു മെര്‍ലിനും.  അമ്മയുടെ കുടുംബപ്പേരില്‍ നിന്നു മണ്‍റോയും സ്വീകരിച്ചതോടെ നോര്‍മാ ജീന്‍ മെര്‍ലിന്‍ മണ്‍റോയായി. പിന്നീടുള്ളതെല്ലാം ചരിത്രമാണ്.

1926 ജൂണ്‍ ഒന്നിന് ലോസ് ആഞ്ചലസിലായിരുന്നു മെര്‍ലിന്റെ ജനനം. മറ്റു പല പ്രശസ്തരേയും പോലെ ദുരിതപൂര്‍ണമായ ബാല്യകാലമായിരുന്നു മെര്‍ലിനേയും കാത്തിരുന്നത്. പിതാവാരാണെന്ന് അറിയാത്ത ബാല്യം. പ്രശസ്ത ഹോളിവുഡ് നടന്‍ ക്ലര്‍ക്ക് ഗാബിളാണ് മെര്‍ലിന്റെ പിതാവെന്ന് അക്കാലത്ത് ഒരു വിവാദമുയര്‍ന്നു. എന്നാല്‍ ഗാബിളും മെര്‍ലിന്റെ മാതാവ് ഗ്ലാഡിസും തമ്മില്‍ കണ്ടുമുട്ടിയിട്ടുണ്ടോ ഇവര്‍ തമ്മില്‍ പരിചയമുണ്ടോ എന്നീ ചോദ്യങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ തെളിവുകള്‍ യാതൊന്നും ഇല്ലായിരുന്നു. മെര്‍ലിന്റെ അമ്മ ഗ്ലാഡിസ് മനോരോഗത്തിലേക്ക് വഴുതിവീഴുകയും ചെയ്തു. പതിയെ അവര്‍ക്ക് സ്മൃതിഭ്രംശം സംഭവിക്കുക കൂടി ചെയ്തതോടെ മെര്‍ലിന്‍ കൂടുതല്‍ ദുരിതത്തിലായി. മെര്‍ലിന് ഒരു അര്‍ധ സഹോദരിയുണ്ടായിരുന്നെങ്കിലും അവര്‍ തമ്മില്‍ അത്ര നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. ഇരുവരും ജീവിതത്തില്‍ കണ്ടുമുട്ടിയത് അഞ്ചോ ആറോ പ്രാവശ്യം മാത്രമായിരുന്നു.

തന്റെ ബാല്യകാലത്തിലേറിയ പങ്കും മെര്‍ലിന്‍ ചെലവഴിച്ചത് അനാഥാലയത്തിലായിരുന്നു. 1937ല്‍ മെര്‍ലിന്റെ കുടുംബസുഹൃത്തായ ഗ്രേസും അവരുടെ ഭര്‍ത്താവ് ഡോക് ഗൊദാര്‍ദും ചേര്‍ന്ന് കുറച്ചുകാലം മെര്‍ലിനെ സംരക്ഷിച്ചു. മെര്‍ലിനെ നന്നായി വളര്‍ത്തുന്നതിനായി ഗൊദാര്‍ദ് ഓരോ ആഴ്ചയും 25 ഡോളര്‍ വീതം അമ്മ ഗ്ലാഡിസിന്റെ കൈയ്യില്‍ ഏല്‍പ്പിച്ചു പോന്നു. ദമ്പതിമാര്‍ ഇരുവരും കടുത്ത മതവിശ്വാസികളായിരുന്നു. മതാചാരങ്ങള്‍ കര്‍ശനമായി പാലിച്ചുപോയിരുന്ന അവര്‍ മെര്‍ലിനെ സിനിമാ കാണുന്നതില്‍ നിന്നും വിലക്കിയിരുന്നു. എന്നാല്‍ 1942ല്‍ ഡോക് ഗോദാര്‍ദിന് കിഴക്കന്‍ ദേശത്തേക്ക് ട്രാന്‍സ്ഫറായതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. മെര്‍ലിനെ കൂടെ കൊണ്ടുപോകാന്‍ അവര്‍ക്കു കഴിയുമായിരുന്നില്ല.
MERLIN3
തന്റെ ഏഴാം വയസില്‍ ഫോസ്റ്റര്‍ ഹോമിലാക്കപ്പെട്ട മെര്‍ലിന് അതൊരു തിരിച്ചടിതന്നെയായിരുന്നു. ഫോസ്റ്റര്‍ ഹോമില്‍ കഴിഞ്ഞിരുന്ന കാലയളവില്‍ പലതവണ മണ്‍റോ ലൈംഗിക ചൂഷണത്തിനും ഇരയായിരുന്നു. 11-ാം വയസില്‍ താന്‍ ബലാല്‍സംഗത്തിനിരയായിയെന്ന് പിന്നീടൊരിക്കല്‍ മണ്‍റോ പറഞ്ഞിട്ടുണ്ട്. ഗൊദാര്‍ദ് ദമ്പതികളുടെ വേര്‍പാടിനു ശേഷം മണ്‍റോ തന്റെ കാമുകന്‍ ജിമ്മി ഡോഗെര്‍ട്ടിയെ വിവാഹം ചെയ്തു. അപ്പോള്‍ വെറും 16 വയസുമാത്രമായിരുന്നു പ്രായം. മര്‍ച്ചന്റ് നേവിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന ഡോഗെര്‍ട്ടിയെ ദക്ഷിണ പസഫിക്കിലേക്കു പോയതിനെത്തുടര്‍ന്ന് മണ്‍റോ കാലിഫോര്‍ണിയയിലെ ഒരു ആയുധ നിര്‍മാണ ശാലയില്‍ ജോലിക്കു കയറി. ഫാക്ടറിയിലെ ജോലിയ്ക്കിടയിലാണ്  ഒരു ഫോട്ടോഗ്രാഫറുടെ കണ്ണില്‍ ആ സൗന്ദര്യം പെടുന്നത്. 1946ല്‍ ഡോഗെര്‍ട്ടി തിരിച്ചുവരുമ്പോള്‍ ഒരു മോഡല്‍ എന്ന നിലയില്‍ മണ്‍റോ പ്രശസ്തിയാര്‍ജിച്ചു കഴിഞ്ഞിരുന്നു. അക്കാലത്താണ് നോര്‍മാ ജീന്‍ മോര്‍ട്ടന്‍സണ്‍ എന്ന പേരുപേക്ഷിച്ച്  അവരെ വിഖ്യാതമാക്കിയ മെര്‍ലിന്‍ മണ്‍റോ എന്ന നാമം സ്വീകരിക്കുന്നത്. ജീന്‍ ഹാര്‍ലോ, ലാനാ ടര്‍ണര്‍ എന്നിവരേപ്പോലെ സിനിമയുടെ പ്രശസ്തിയില്‍ എത്തിപ്പെടുന്നത് മണ്‍റോ സ്വപ്‌നം കണ്ടുതുടങ്ങിയിരുന്നു.

സിനിമയാണ് തന്റെ ജീവിതമെന്നു മനസിലാക്കിയ മണ്‍റോ 1946ല്‍ ഡോഗര്‍ട്ടിയുമായുള്ള ബന്ധം പിരിഞ്ഞു. അതേ വര്‍ഷം തന്നെ ആദ്യ സിനിമായില്‍ അഭിനയിക്കാനുള്ള കരാര്‍ ഒപ്പിടാനും മെര്‍ലിനായി. അങ്ങനെ മെര്‍ലിന്‍ മണ്‍റോയുടെ മെര്‍ലിന്‍ മണ്‍റോയായുള്ള ജീവിതം തുടങ്ങുകയായിരുന്നു. നീലക്കണ്ണുള്ള ഈ സുന്ദരി അപ്പോഴേക്കും മോഡലിംഗിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. 1950ലാണ് മണ്‍റോയുടെ ആദ്യ സിനിമ പുറത്തുവരുന്നത്. ജോണ്‍ ഹസ്റ്റന്റെ ദി ആസ്ഫാള്‍ട്ട് ജംഗിള്‍ എന്ന സിനിമയില്‍ ഒരു ചെറിയ വേഷത്തോടെയായിരുന്നു മണ്‍റോയുടെ തുടക്കം.  പിന്നീട് പുറത്തിറങ്ങിയ ഓള്‍ എബോട്ട് ഈവ് എന്ന ചിത്രം മെര്‍ലിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായി. അധികം താമസിക്കാതെ തന്നെ ഹോളിവുഡിലെ ഏറ്റവും പ്രശസ്തയായ നടി എന്ന പദവിയിലേക്കെത്തുകയും ചെയ്തു.

1953ല്‍ പുറത്തിറങ്ങിയ നയാഗ്രയില്‍ കാമുകന്റെ കൂട്ടുപിടിച്ച് ഭര്‍ത്താവിനെ കൊല്ലുന്ന സ്ത്രീയായി മണ്‍റോ തകര്‍ത്തഭിനയിച്ചു. ഒരു സെക്‌സ് സിംബല്‍ എന്ന നിലയിലേക്കുള്ള മണ്‍റോയുടെ ആദ്യ ചുവടുവയ്പ്പായിരുന്നു ആ ചിത്രം. ജെന്റില്‍മെന്‍ പ്രിഫെര്‍ ബ്ലോണ്ട്‌സ്, ഹൗ ടു മാരി എ മില്യനെയര്‍, ദയര്‍ ഈസ് നോ ബിസിനസ് ലൈക്ക് ഷോ ബിസിനസ്, സെവന്‍ ഇയര്‍ ഇച്ച് തുടങ്ങിയ പടങ്ങള്‍ സൂപ്പര്‍ഹിറ്റുകളായി.
അമേരിക്കന്‍ യുവത്വത്തിന്റെ മുഴുവന്‍ ഹൃദയവും കവരാന്‍ പോന്നതായിരുന്നു മണ്‍റോയുടെ അഴകളവുകള്‍. ലോകം അറിയപ്പെടുന്ന താരമായത് മണ്‍റോയില്‍ പലപ്പോഴും അസ്വസ്ഥതകള്‍ സൃഷ്ടിച്ചു. ഇത് ശാരീരികമായും മാനസികമായും മണ്‍റോയെ തളര്‍ത്തി. ഇതിനിടെ ധാരാളം സിനിമാ സ്റ്റുഡിയോകളുമായി കരാറിലേര്‍പ്പെടുകയും ചെയ്തു. 1956ല്‍  ഇറങ്ങിയ ബസ് സ്റ്റോപ്പ് മണ്‍റോയുടെ അഭിനയ മികവിന് സാക്ഷ്യമായിരുന്നു. ഒരു മാദകനടി എന്നതിലുപരി ഒരു നല്ല അഭിനേത്രിയായിരുന്നു മണ്‍റോ എന്നതിന്റെ തെളിവായിരുന്നു ഈ സിനിമ.
MERLIN1
വിഖ്യാത നടന്‍ ലോറന്‍സ് ഒളിവര്‍ നിര്‍മിക്കുക്കയും സംവിധാനവും ചെയ്ത ദി പ്രിന്‍സ് ആന്‍ഡ് ഷോ ഗേള്‍ എന്ന സിനിമ ബ്രിട്ടനില്‍ സൂപ്പര്‍ഹിറ്റായതോടെ മണ്‍റോയുടെ പ്രശസ്തി അമേരിക്കയ്ക്കും വെളിയിലും വ്യാപിച്ചു. ഒളിവര്‍ തന്നെയായിരുന്നു ചിത്രത്തിലെ നായകന്‍. എന്നാല്‍ സഹതാരങ്ങളോടുള്ള മോശം പെരുമാറ്റങ്ങള്‍ സിനിമാസൈറ്റില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നത് തുടര്‍ക്കഥയായി. തന്റെ സിനിമാ ജീവിത്തതിനിടയില്‍ രണ്ടു പ്രാവശ്യം കൂടി മണ്‍റോ വിവാഹിതയായി.എന്നാല്‍ അതൊന്നും അധികകാലം നീണ്ടുനിന്നില്ല.
തുടര്‍ന്നുള്ള വര്‍ഷങ്ങള്‍ മണ്‍റോയ്ക്ക് അത്ര ശുഭകരമായിരുന്നില്ല. 1960ല്‍ ഇറങ്ങിയ ലെറ്റ്‌സ് മേക്ക് ലവും 61ല്‍ പുറത്തിറങ്ങിയ  മിസ്ഫിറ്റ്‌സും ബോക്‌സ് ഓഫീസ് പരാജയങ്ങളായി.  1962ല്‍ പുറത്തിറങ്ങിയ സംതിങ് ഗോട്ട് ടു ഗിവ് മണ്‍റോയുടെ അവസാന ചിത്രമായി. സിനിമാ ചിത്രികരണത്തിനിടയില്‍ മണ്‍റോ അപ്രത്യക്ഷയായതിനേത്തുടര്‍ന്ന് ചിത്രീകരണം തടസ്സപ്പെട്ട സിനിമ റിലീസായില്ല. ശാരീകമായ ബുദ്ധിമുട്ടുകള്‍ മണ്‍റോയെ തളര്‍ത്താന്‍ തുടങ്ങിയിരുന്നു. ആ ഇടയ്ക്ക് മയക്കുമരുന്നിന്റെ അടിമയുമായി.

1962 ഓഗസ്റ്റ് അഞ്ചിന് അതു സംഭവിച്ചും. ലോകത്തെ തന്റെ മാദകസൗന്ദര്യത്തില്‍ ഒതുക്കിയ മെര്‍ലിന്‍ മണ്‍റോ എന്നക്കേക്കുമായി യാത്രയായി. അമിതമായി ഉറക്കഗുളിക കഴിച്ചു മരിച്ചനിലയില്‍ കിടപ്പറയില്‍ കണ്ടെത്തുമ്പോള്‍  വെറും 36 വയസുമാത്രമായിരുന്നു മണ്‍റോയുടെ പ്രായം. ഏറെക്കാലം ഇതൊരു കൊലപാതകമാണെന്ന അഭ്യൂഹവും നിലനിന്നു. മണ്‍റോയുടെ മരണത്തിനു പിന്നില്‍ ജോണ്‍ എഫ് കെന്നഡി, റോബര്‍ട്ട് കെന്നഡി സഹോദരന്മാര്‍്ക്ക് പങ്കുള്ളതായും അന്ന് ആരോപണമുയര്‍ന്നിരുന്നു.

മണ്‍റോയുടെ ചിത്രങ്ങളെല്ലാം കൂടി 1400 കോടി രൂപയാണ് വാരിയത്. മണ്‍റോ മരിച്ചിട്ട് അര നൂറ്റാണ്ട് പിന്നിടുമ്പോഴും ആ ലാസ്യസൗന്ദര്യത്തിന് ഒട്ടും മങ്ങലേറ്റിട്ടില്ല. മണ്‍റോയുടെ ജീവിതം ആസ്പദമാക്കി ഒട്ടനവധി സിനിമകള്‍ പുറത്തിറങ്ങി. സിനിമ കണ്ടു വളരുന്ന ഓരോ തലമുറയും മെര്‍ലിന്‍ മണ്‍റോയെന്ന എക്കാലത്തെയും പ്രശസ്തയായ മാദകറാണിയെപ്പറ്റി  ഇപ്പോഴും ചര്‍ച്ച ചെയ്യുന്നു. ശരീരത്തിന്റെ അഴകളവുകള്‍ പ്രദര്‍ശിപ്പിക്കുന്ന ബിക്കിനി ആദ്യമായണിഞ്ഞ മണ്‍റോയെ മറക്കാന്‍ ചോരത്തിളപ്പുള്ള ഏതു പുരുഷനാണ് കഴിയുക.

Related posts