കപ്പാട്: പോളിയോ ബാധിച്ച് ഇരുകാലുകള്‍ക്കും ചലനശേഷി നഷ്ടപ്പെട്ട യുവതിക്ക് തുണയായി മംഗലാപുരത്തുനിന്ന് വരനെത്തി.
കപ്പാട് മുണ്ടാട്ടുചുണ്ടയില്‍ സിമി തോമസിന്റെ വിവാഹനിശ്ചയമാണ് ഇന്നലെ കപ്പാട് ഹോളിക്രോസ് പള്ളിയില്‍ നടന്നത്.
മംഗാലപുരം കട ബ ഉമ്മിണിയില്‍ ഷോബിറ്റാണ് വിധി തളര്‍ത്തിയ സിമിക്ക് തുണയാകുന്നത്.
മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് ഇവര്‍ പരിചപ്പെടുന്നത്. തുടര്‍ന്ന് കപ്പാടുള്ള സിമിയുടെ വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കി വിവാഹം കഴിക്കാനുള്ള സമ്മതം അറിയിക്കുകയായിരുന്നു.
അഞ്ചാം വയസില്‍ പോളിയോ ബാധിച്ച് ഇരുകാലുകളുടെയും വളര്‍ച്ച നഷ്ടപ്പെട്ടതാണ് സിമിക്ക്.
വീല്‍ ചെയറിലാണ് ചടങ്ങുകള്‍ക്കു പള്ളിയിലേക്ക് എത്തിയത്. പരസഹായമില്ലാതെ കട്ടിലില്‍ നിന്ന് വീല്‍ ചെയറിലേക്ക് മാറുവാന്‍ കഴിയില്ല.
വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് തന്നെ സ്വന്തം കാര്യങ്ങളെല്ലാം സിമി ചെയ്യുമെന്ന് വീട്ടുകാര്‍ പറയുന്നു.
വീട്ടിലിരുന്ന് പേപ്പര്‍ കൊണ്ടുള്ള പേന, അലങ്കാര വസ്തുക്കളുടെ നിര്‍മാണം, സോപ്പ്, ലോഷന്‍ തുടങ്ങിയവയും സിമി സ്വന്തമായി നിര്‍മിക്കുകയും ഇവ വീടുകളിലും സ്ഥാപനങ്ങളിലും എത്തിച്ച് നല്‍കുകയും ചെയ്തിരുന്നു.
കൃഷിപ്പണികള്‍ ചെയ്യുന്ന ഷോബിറ്റ് മംഗലാപുരം പാതാവ് സെന്റ് സേവ്യര്‍ പള്ളിയിലെ കൈക്കാരന് കൂടിയാണ്.
നവംബര്‍ 30 നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. കപ്പാട് പള്ളിയില്‍ നടന്ന ശുശ്രൂഷകള്‍ക്ക് വികാരി ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ കാർമികത്വം വഹിച്ചു.