തന്റെ വിരസമായ ഓഫീസ് ജോലി ഉപേക്ഷിച്ച് ഒന്ന് ലോകം ചുറ്റിയാലോ എന്ന മരിന പിറോ എന്ന 25കാരിയുടെ ചിന്തയില്‍ നിന്നാണ് അവര്‍ ഒരു പരീക്ഷണത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി അവര്‍ 500 പൗണ്ട് മുടക്കി തന്റെ കാറിന്റെ പിന്‍സീറ്റുകള്‍ നീക്കുകയും അവിടെ കിടക്കയും അടുക്കളയും നിര്‍മ്മിക്കുകയായിരുന്നു. തുടര്‍ന്ന് ഈ കാറില്‍ തന്റെ പട്ടിക്കുട്ടിക്കൊപ്പം ലോകം ചുറ്റാന്‍ ലണ്ടനിലെ ഈ ഇറ്റാലിയന്‍ യുവതിയുടെ ആരംഭിച്ചിരിക്കുകയാണ്.
ഇറ്റലിയിലാണ് ജനിച്ചതെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ലണ്ടനിലാണ് ജീവിക്കുന്നത്. യാത്രയ്ക്കായി 2001 മോഡല്‍ ഫൈവ് ഡോര്‍ റിനൗള്‍ട്ട് കന്‍ഗൂവാണ് അവര്‍ പരിഷ്‌കരിച്ച് ഒരു വീടിന് സമാനമാക്കിയിരിക്കുന്നത്. ഈ വാനില്‍ ലോകം ചുറ്റുന്ന യാത്രയില്‍ തന്റെ ലാബ്രഡൂഡില്‍ പട്ടിക്കുട്ടിയായ ഓഡി മാത്രമാണ് മരിനയ്‌ക്കൊപ്പമുള്ളത്.
തന്റെ കാര്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി അവര്‍ അതില്‍ അടുക്കള, ബെഡ്, കര്‍ട്ടനുകള്‍, ലൈറ്റുകള്‍ തുടങ്ങിയവ ഘടിപ്പിക്കുകയും ഒരു ചെറിയ വീടിന് സമാനമാക്കുകയുമായിരുന്നു. പാം ദി വാന്‍ എന്ന് വാനിന് പേര് നല്‍കുകയും ചെയ്തു. അല്ലാത്തപക്ഷം യാത്രാചെലവുകള്‍ തനിക്ക് താങ്ങവുന്നതിലും അധികമാവും എന്നതിനാലാണ് സ്വന്തം വാഹനം തന്നെ താമസത്തിനും പാചകത്തിനുമായി സൗകര്യപ്പെടുത്തിയതെന്ന് യുവതി പറയുന്നു.
കഴിഞ്ഞ 11 മാസങ്ങള്‍ക്കിടെ അവര്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് കഴിഞ്ഞു. ഫ്രാന്‍സിലെ തടാകങ്ങള്‍, ഇറ്റലി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ കുറേക്കാലമായി വിരസമായ ഓഫീസ് ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ താന്‍ ബന്ധനത്തില്‍ അകപ്പെട്ടത് പോലെ മരിനയ്ക്ക് തോന്നിത്തുടങ്ങി. തുടര്‍ന്ന് അതില്‍ നിന്നും രക്ഷപ്പെടാനാണ് ജോലി വലിച്ചെറിഞ്ഞ് വിചിത്രമായ രീതിയിലുള്ള ഈ ലോകസഞ്ചാരത്തിന് ഇറങ്ങിത്തിരിച്ചത്.
വളരെയധികം പഠനവും ഗവേഷണവും നടത്തിയതിന് ശേഷമാണ് യുവതി തന്റെ വാഹനം ഇപ്രകാരം രൂപകല്പന ചെയ്തത്. ഈ യാത്രകളെ താന്‍ ശരിക്കും ആസ്വദിക്കുകയാണെന്നാണ് മരിന പറയുന്നത്. ഭാവിയിലും തന്റെ യാത്രകള്‍ കൂടുതല്‍ വിപുലമായ രീതിയില്‍ തുടരുമെന്നും മരീന പറയുന്നു. കാഷ്വല്‍ ജോലികള്‍ സ്വീകരിക്കാനും വിദൂരമായ സ്ഥലങ്ങളിലിരുന്ന് സ്വതന്ത്രമായി ജോലി ചെയ്യാനുമാണ് ഇവര്‍ ആഗ്രഹിക്കുന്നത്. തുടര്‍ന്ന് ആ പണമുപയോഗിച്ച് യാത്ര ചെയ്യാനും മരിന പദ്ധതിയിടുന്നു.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും തന്റെ യാത്രകള്‍ക്കിടയില്‍ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് യുവതി സമ്മതിക്കുന്നു. ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ തന്റെ യാത്രക്കിടയില്‍ മറ്റുള്ളവരില്‍ നിന്നും തന്റെ സുരക്ഷയ്ക്ക് നേരെ യാതൊരു ഭീഷണികളും ആക്രമണങ്ങളും ഇതുവരെ ഉണ്ടായിട്ടില്ലെന്നും മരിന വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള സ്വപ്നങ്ങള്‍ ഉള്ളിലടക്കി കഴിയുന്ന മറ്റ് സ്ത്രീകള്‍ക്ക് തന്റെ സാഹസിക യാത്ര പ്രചോദനമാകണമെന്നും മരിന ആഗ്രഹിക്കുന്നു.
നല്ലൊരു കത്തി, വലിയ ടോര്‍ച്ച്, എമര്‍ജന്‍സി ബാറ്ററി സ്റ്റാര്‍ട്ടര്‍, ഓഡിക്ക് കളിക്കാനുള്ള ബോള്‍, നെറ്റടക്കമുള്ള ടേബിള്‍ ടെന്നീസ് സെറ്റ്, മെക്കാനിക്ക് ടൂള്‍ സെറ്റ്, ഫയര്‍ എക്സ്റ്റിന്‍ഗ്യൂഷര്‍, യോഗാ മാറ്റ്, ഫസ്റ്റ് എയ്ഡ് കിറ്റ് തുടങ്ങിയ സാധനങ്ങള്‍ അത്യാവശ്യത്തിനായി ഈ കാറില്‍ മരിന കരുതിയിട്ടുണ്ട്.