ഉപഭോഗ സംസ്‌കാരത്തിന്റെ കാര്യത്തില്‍ ലോകത്തിലെ തന്നെ ഒന്നാം സ്ഥാനത്തെത്താനാണ് മലയാളികളുടെ ശ്രമമെന്ന് പലപ്പോഴും തോന്നിപ്പോവും. മലയാളികളുടെ ഈ സ്വഭാവത്തിന് ഇരകളാവുന്നതോ പ്രകൃതിയും.
ആവശ്യമില്ലാത്തത് എന്ന് തോന്നുന്നത് അതേപടി ജലാശയങ്ങളിലേ്ക്ക് തള്ളാനാണ് പലപ്പോഴും എല്ലാവരും ശ്രമിക്കുന്നതും. അതാകുമ്പോള്‍ നമ്മുടെ കണ്‍മുന്നില്‍ നിന്ന് ഒഴുകി പൊയ്‌ക്കൊള്ളുമല്ലോ എന്ന ചിന്തയാണ് ആ പ്രവര്‍ത്തിയ്ക്ക് പിന്നില്‍.
എന്തും ഏതും അവസാനം പുഴയിലേക്കും കടലിലേക്കും വലിച്ചെറിയുന്ന മനുഷ്യന് പ്രകൃതി തന്നെ ഇപ്പോള്‍ ഒരു ഓര്‍മപ്പെടുത്തല്‍ നല്‍കിയിരിക്കുകയാണ്. മഴയെ തുടര്‍ന്ന് പൊഴികളിലൂടെ ഒഴുകിയെത്തിയ മാലിന്യങ്ങള്‍ കേരള തീരത്ത് എട്ട് കിലോമീറ്ററോളം ദൂരത്തില്‍ അടിഞ്ഞു കിടക്കുന്നു എന്നതാണത്.
ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ് പ്രവര്‍ത്തകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന അടപ്പുള്ള പ്ലാസ്റ്റിക് കുപ്പികളും തുകല്‍, പ്ലാസ്റ്റിക് കവറുകളും ചെരിപ്പുകളും തെര്‍മോക്കോള്‍ പാളികകളുമടക്കം വന്‍ മാലിന്യമാണ് 36 മീറ്റര്‍ ആഴത്തില്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ കരയ്ക്കടിഞ്ഞത്.
പെരുമാതുറമുതല്‍ വിഴിഞ്ഞംവരെയുള്ള ഭാഗത്താണ് കടലില്‍ സര്‍വേ നടത്തിയത്. പെരുമാതുറ, വേളി, പനത്തുറ പൊഴികള്‍ വഴിയാണ് ഈ ഭാഗത്ത് വെള്ളം കടലിലേക്കെത്തുന്നത്. ഇതില്‍ വേളി പൊഴി കനത്തമഴയെത്തുടര്‍ന്ന് തുറന്നുവിട്ടിരുന്നു. ഇവിടെ 700 ചതുരശ്രയടി തീരത്തുനിന്ന് 1173 പ്ലാസ്റ്റിക് കുപ്പികളും 874 മദ്യക്കുപ്പികളും 1538 ചെരിപ്പുകളും ഒരു ലോറി തെര്‍മോക്കോളുമാണ് മറൈന്‍ ലൈഫ് പ്രവര്‍ത്തകര്‍ നീക്കം ചെയ്തത്.
നഗരത്തില്‍ നിന്നെത്തുന്ന മാലിന്യങ്ങളെല്ലാം വേളി പൊഴിവഴിയാണു കടലിലെത്തുന്നത്. ഈ ഭാഗത്താണ് കടലില്‍ മാലിന്യം കൂടുതലായി ഉള്‍ഭാഗത്തേക്കു കണ്ടെത്തിയതെന്ന് സംഘടനാപ്രവര്‍ത്തകനായ റോബര്‍ട്ട് പനിപ്പിള്ള പറഞ്ഞു. മാലിന്യം കണ്ടെത്തിയ ഭാഗത്ത് മത്സ്യങ്ങളും കുറവാണ്. മാരക രോഗങ്ങളും പകര്‍ച്ചവ്യാധികളും ഉള്‍പ്പെടെ കടുത്ത പ്രത്യാഘാതങ്ങളാണ് ഇതിനു പുറകേ കാത്തിരിക്കുന്നതെന്നും സര്‍വേ നടത്തിയ ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ് പ്രവര്‍ത്തകര്‍ പറയുന്നു.