ഓരോ ജീവിയുടെയും ജീവിതങ്ങള്‍ വിലപ്പെട്ടതാണ്. എന്നാല്‍ ഒട്ടുമിക്ക മനുഷ്യരും വിചാരിക്കുന്നത് മനുഷ്യരുടെ ജീവനു മാത്രമേ പ്രാധാന്യമുള്ളൂ എന്നാണ്.
എന്നാല്‍ അപൂര്‍വം മനുഷ്യരെങ്കിലും സഹജീവികളെ സ്‌നേഹിക്കുന്നവരാണെന്നതാണ് ആകെയുള്ള ഒരാശ്വാസം. സ്വന്തം ജീവന്‍ പണയം വച്ച് നാല് പൂച്ചകളെ നടുക്കടലില്‍ നിന്നും രക്ഷിച്ച് മാതൃകയായിരിക്കുകയാണ് തായ്ലന്‍ഡിലെ ഒരു നാവിക ഉദ്യോഗസ്ഥന്‍.
പാരഡൈസ് ദ്വീപിന് സമീപത്തായി കടലില്‍ മുങ്ങിക്കൊണ്ടിരുന്ന കപ്പലിലാണ് പൂച്ചകളെ അകപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തീപിടുത്തത്തെ തുടര്‍ന്നാണ് കപ്പല്‍ മുങ്ങിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
തലകീഴായി മറിഞ്ഞ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍നിന്ന് യാത്രക്കാരെ രക്ഷിച്ച ശേഷം എണ്ണ ചോര്‍ച്ച ഉണ്ടായിട്ടുണ്ടോയെന്ന് ദൂരത്തു നിന്നും ക്യാമറ ഉപയോഗിച്ച് പരിശോധിക്കുന്നതിനിടെ പൂച്ചകളെ കുടുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
പകുതിയിലേറെ ഭാഗം വെള്ളത്തിനടിയിലായ കപ്പലില്‍ ഒരു പലകയ്ക്കു മുകളില്‍ ഒന്നിച്ചു നില്‍ക്കുകയായിരുന്നു നാല് പൂച്ചകളും.
കടല്‍ പ്രക്ഷുബ്ധമായിരുന്നിട്ടും അത് വകവയ്ക്കാതെ എങ്ങനെയും പൂച്ചകളെ രക്ഷിക്കാന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ സന്നദ്ധനാവുകയായിരുന്നു.
സമയം വൈകിക്കാതെ ലൈഫ് ജാക്കറ്റ് ധരിച്ചശേഷം അദ്ദേഹം വെള്ളത്തിലേക്കു ചാടി. കപ്പലിനടുത്തേക്ക് നീന്തിയെത്തി പൂച്ചകളെ ഓരോന്നിനെയായി തോളിലേറ്റി തിരികെ രക്ഷാ ബോട്ടിലേക്കെത്തിക്കുകയായിരുന്നു.
രക്ഷാദൗത്യത്തിന്റെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ പങ്കു വെച്ച ചിത്രങ്ങള്‍ കണ്ട് രക്ഷാസേനയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ലോകമെമ്പാടുമുള്ള ജനങ്ങള്‍.
നാവികസേനയുടെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയ പൂച്ചകള്‍ക്ക് ഇപ്പോള്‍ പ്രത്യേക പരിചരണം നല്‍കി വരികയാണ്. സേന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കുകയും ഓമനിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്തായാലും ഇത്തരം മനുഷ്യരിലാണ് ഒരു പ്രതീക്ഷ.