കൊച്ചി: മറൈൻഡ്രൈവിൽ മുള ഉപയോഗിച്ച് കാലുകൾ നാട്ടി പലകകൾ പാകി നിർമിച്ച താത്കാലിക ബോട്ടു ജെട്ടികൾ വിനോദസഞ്ചാരികളുടെ ജീവനു ഭീഷണി ഉയർത്തുന്നു. ബോട്ട് യാത്രയ്ക്കെത്തുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ചുവടൊന്നു പിഴച്ചാൽ കായലിൽ പതിക്കും. ഇതു കണ്ടില്ലെന്നു നടിക്കുകയാണ് ബന്ധപ്പെട്ട വകുപ്പ് അധികൃതർ.
നൂറിലധികം സ്വകാര്യ ബോട്ടുകളാണ് ഇവിടെ സഞ്ചാരികൾക്കായി സർവീസ് നടത്തുന്നത്. നിലവിൽ മൂന്നു ജെട്ടികൾ മാത്രമേ ഇവിടെ ഉള്ളൂ. ഈ സാഹചര്യം കണക്കിലെടുത്താണ് ബോട്ട് കന്പനിക്കാർ താത്കാലിക ജെട്ടികൾ നിർമിച്ചിരിക്കുന്നത്. കാലപ്പഴക്കംകൊണ്ട് ദ്രവിച്ച ജെട്ടികളുടെ പലകകൾ ഇളകിയ അവസ്ഥയിലാണ്. അവധിക്കാലമായതിനാൽ നിരവധിപ്പേരാണ് മറൈൻഡ്രൈവ് സന്ദർശിക്കാനെത്തുന്നത്.
ഇവിടെയെത്തുന്ന സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളിൽ നല്ലൊരു ശതമാനവും കൊച്ചി കായലിലൂടെ ബോട്ടു യാത്ര നടത്തിയാണ് തിരിച്ചുപോകുന്നത്. ബോട്ടിൽ യാത്രക്കാർ ലൈഫ് ജാക്കറ്റുകൾ ധരിച്ചിരിക്കണമെന്നാണു നിയമമെങ്കിലും പല ബോട്ടുകളിലും ഇതു പാലിക്കുന്നില്ല. ബോട്ടുകളിൽ ജാക്കറ്റും ലൈഫ് ബോയും അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ ഉണ്ടെങ്കിലും യാത്രക്കാർ ഇവ ധരിക്കാൻ കൂട്ടാക്കുന്നില്ലെന്നാണു ബോട്ട് ജീവനക്കാർ ഇതിനു വിശദീകരണം നൽകുന്നത്.
മറ്റൊരാൾ ഉപയോഗിച്ച ജാക്കറ്റ് ഉപയോഗിക്കുന്നതിലെ അതൃപ്തിയും ചൂടും ജാക്കറ്റ് ധരിക്കുന്പോൾ ഉണ്ടാകുന്ന അസ്വസ്ഥതയുമാണ് ധരിക്കാതിരിക്കാൻ കാരണമായി യാത്രക്കാർക്കു പറയാനുള്ളത്. ഇതിൽ നടപടിയെടുക്കേണ്ടവരാകട്ടെ കണ്ണടച്ചിരുട്ടാക്കുന്നു. കാലപ്പഴക്കം ചെന്ന ബോട്ടുകളും ഇവിടെ സർവീസ് നടത്തുന്നുണ്ട്. ഇതും അധികൃതരുടെ കണ്ണിൽപ്പെടുന്നില്ല.
യാത്രക്കാരുടെ തിരക്ക് കൂടുന്പോൾ ബോട്ടുകളുടെ മുകൾ തട്ടിൽ പ്ലാസ്റ്റിക് കസേരകൾ നിരത്തിയാണ് ഇരിപ്പിടം ഒരുക്കുന്നത്. ഇതും അപകടം ക്ഷണിച്ചുവരുത്തുന്നു. സാധാരണദിവസങ്ങളിൽ രാവിലെ ഒന്പതു മുതൽ രാത്രി ഏഴുവരെയാണ് ബോട്ടിംഗ്. തിരക്കുള്ള ദിവസങ്ങളിൽ രാത്രി എട്ടിനുശേഷവും സർവീസ് നടത്താറുണ്ട്.
തട്ടേക്കാടും തേക്കടിയിലും ജലദുരന്തങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ബോട്ടു യാത്രയ്ക്ക് കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു. 46 പേരുടെ മരണത്തിനിടയാക്കിയ തേക്കടി ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് മൊയ്തീൻകുഞ്ഞ് കമ്മീഷൻ ബോട്ടിംഗിനായി ഇരുപതോളം ശിപാർശകളും നൽകിയിരുന്നു.
യാതക്കാർ നിർബന്ധമായും ലൈഫ് ജാക്കറ്റ് ധരിക്കുക, ബോട്ടിന്റെ സുരക്ഷ ഉറപ്പാക്കുക, ശേഷിയിലധികം ആളുകളെ കയറ്റാതിരിക്കുക, രാത്രികാലങ്ങളിൽ ബോട്ടിംഗ് ഒഴിവാക്കുക തുടങ്ങിയവയായിരുന്നു കമ്മീഷന്റെ നിർദേശങ്ങളിൽ പ്രധാനപ്പെട്ടത്. എന്നാൽ നൂറുകണക്കിനാളുകൾ ബോട്ടിംഗിനായി എത്തുന്ന മറൈൻഡ്രൈവിൽ ഇതൊന്നും പാലിക്കപ്പെടുന്നില്ല. ദുരന്തം വരെ കാത്തിരിക്കണോ ഇതൊക്കെ നടപ്പാക്കാൻ?