പ്രായമായി… ഇനി നടക്കില്ല എന്ന് കരുതി സ്വപ്നങ്ങൾ മാറ്റിവച്ച നിരവധി സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ സ്വപ്നങ്ങൾക്ക് പിന്നാലെ കുതിക്കാൻ പ്രായം ഒരു തടസമാണോ? അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് മരീസ തേജോ.
സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്ന 71 കാരിയായ യുഎസ് വനിത ഒടുവിൽ തന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ഹൂസ്റ്റണിൽ സംഘടിപ്പിച്ച മിസ് ടെക്സസ് യുഎസ്എ മത്സരത്തിലാണ് മരിസ തേജോ പങ്കെടുത്തത്. 75 മത്സരാർഥികളിൽ ഒരാളായിരുന്നു അവർ.
മരീസയ്ക്ക് മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും പങ്കെടുക്കുന്നതിനും തന്റെ കഴിവിൽ സ്വയം വിശ്വസിച്ചതിനും ലോകം അവരെ അഭിനന്ദിച്ചു. അങ്ങനെ മിസ് ടെക്സസ് യുഎസ്എ മത്സരത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയ വനിതയായി അവർ മാറി.
‘മിസ് ടെക്സസ് യുഎസ്എ മത്സരത്തിൽ ഒരു മത്സരാർഥിയെന്ന നിലയിൽ ഈ അവിശ്വസനീയമായ പുതിയ അനുഭവത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടയാണ്. ഏത് പ്രായത്തിലും സൗന്ദര്യമുണ്ടെന്ന് വിശ്വസിക്കാനും സ്ത്രീകളെ പ്രചോദിപ്പിക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ എന്നാണ് മരീസ പറഞ്ഞത്.
വിജയിച്ചില്ലെങ്കിലും തന്നിൽ വിശ്വസിച്ച് തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ചതിന് എല്ലാ സ്പോൺസർമാരോടും പങ്കാളികളോടും അവൾ നന്ദി പറഞ്ഞു. മത്സരത്തിൽ എല്ലാ പ്രായപരിധികളും എടുത്തുകളഞ്ഞതുകൊണ്ടാണ് ഈ പ്രായത്തിലും മരീസയ്ക്ക് മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത്. അതേസമയം പുതിയ നിയമം അനുസരിച്ച് വിവാഹിതരായ സ്ത്രീകൾക്കും ഗർഭിണികൾക്കും കുട്ടികളുള്ള സ്ത്രീകൾക്കും സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.