ലൂക്ക, മിണ്ടിയും പറഞ്ഞും സിനിമകളുടെ സംവിധായകന് അരുണ്‍ ബോസിന്റെ പുത്തന്‍പടം മാരിവില്ലിന് ഗോപുരങ്ങള്‍ തിയറ്ററുകളില്‍. കൊച്ചിയുടെ പശ്ചാത്തലത്തില്‍ രണ്ടു ദമ്പതിമാരുടെ കഥ പറയുന്ന ഫാമിലി ഡ്രാമ. വിദ്യാസാഗര്‍ സംഗീതത്തിന്റെ നിറവില്‍, സെലിബ്രേഷന് മൂഡില്‍, നര്‍മത്തിലൂടെ കഥ പറയുകയാണ്. ലീഡ് വേഷങ്ങളില്‍ ഇന്ദ്രജിത്ത്, ശ്രുതി രാമചന്ദ്രന്, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ്.
‘എനിക്കിഷ്ടം ബന്ധങ്ങളുടെ കഥ പറയാനാണ്. ഏറ്റവുമിഷ്ടം ആണും പെണ്ണും തമ്മിലുള്ള ബന്ധങ്ങള്‍തന്നെ. വ്യത്യസ്ത സ്വഭാവരീതികളുള്ള ആണും പെണ്ണും ഒരു കുടക്കീഴില് ഒരുമിച്ചിരിക്കുക എന്നതു തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ നിഗൂഢത. ഇതുവരെ ചെയ്ത മൂന്നു സിനിമകളിലും അത്തരം കഥകളാണ് ’-അരുണ്‍ ബോസ് രാഷ്്ട്രദീപികയോടു പറഞ്ഞു.
ആ നാലുപേര്‍….
ഷിന്റോ-ഷെറിന്, റോണി-മീനാക്ഷി. ഇവര്‍ കഥയിലെ രണ്ടു ദമ്പതികള്‍. ഷിന്റോ-ഷെറിന് വേഷങ്ങളില്‍ ഇന്ദ്രജിത്തും ശ്രുതിയും. റോണി-മീനാക്ഷി വേഷങ്ങളില്‍ സര്‍ജാനോയും വിന്‍സിയും. കല്യാണം കഴിച്ചു, പക്ഷേ, സെറ്റിലായിട്ടില്ല, ചെറിയ പ്രശ്നങ്ങളുണ്ട്, കുറച്ചുകൂടി കഴിഞ്ഞിട്ടു മതി കുട്ടികള്‍ എന്ന ചിന്തയിലാണ് ഷിന്റോയും ഷെറിനും. പക്ഷേ, അവര്‍ ഹാപ്പിയാണ്, പരസ്പര ധാരണയുള്ളവരും. ഇരുവര്‍ക്കും ജോലിയുണ്ട്. അവരവരുടേതായ ലക്ഷ്യങ്ങളുമുണ്ട്.
ഇവര്‍ക്കൊപ്പം കുറച്ചുനാള്‍ താമസിക്കാന്‍ ഷിന്റോയുടെ സഹോദരന് റോണിയും ഗർഭിണിയായ ഗേള്‍ഫ്രണ്ട് മീനാക്ഷിയുമെത്തുന്നു. കല്യാണം കഴിക്കേണ്ട, പക്ഷേ കുട്ടികളാവാം എന്ന ചിന്തയുള്ളവര്‍. ഈ രണ്ടു ദമ്പതികള്‍ ഒരേ ഫ്ളാറ്റ് പങ്കിടുമ്പോഴുണ്ടാകുന്ന സംഭവങ്ങളാണു പറയുന്നത്. നാലു പേര്‍ക്കും അവരവരുടേതായ ചെറിയ ചെറിയ പ്രശ്നങ്ങളുണ്ട്. അതൊക്കെ എങ്ങനെ പരിഹരിക്കപ്പെടുമെന്നതാണു സിനിമ.
ലളിതം സുന്ദരം എഴുതിയ പ്രമോദ് മോഹനും ഞാനും ചേര്‍ന്നാണ് കഥയൊരുക്കിയത്. തിരക്കഥ, സംഭാഷണം പ്രമോദ് മോഹന്‍. മിഡില്‍ ക്ലാസ് കുടുംബം നേരിടുന്ന കുറേ പ്രശ്ങ്ങളും മറ്റുമാണ് ഇതിന്റെ കാതല്‍. ഇതിലെ ഏതെങ്കിലുമൊരു കഥാപാത്രത്തില്‍ പ്രേക്ഷകനു തന്നെ കാണാനാവും.
മാരിവില്ലിന് ഗോപുരങ്ങള്‍
ആഘോഷസ്വഭാവമുള്ള, വളരെ സന്തോഷം തരുന്ന ടൈറ്റില്‍ വേണമെന്നുണ്ടായിരുന്നു. മലയാളത്തില്‍ അത്തരത്തില്‍ ഏറെ ആഘോഷിക്കപ്പെടുന്ന ഒരു പാട്ടാണ് സമ്മര്‍ ഇന്‍ ബത്ലഹെമിലെ മാരിവില്ലിന് ഗോപുരങ്ങള്‍. ആ സിനിമ നിര്‍മിച്ച കോക്കേഴ്സ് തന്നെയാണ് ഇതിന്റെയും നിര്‍മാതാക്കള്‍.
കോക്കേഴ്സും വിദ്യാസാഗറും തമ്മില്‍ വളരെ അടുപ്പമാണ്. പിന്നെ, ഞാന്‍ കടുത്ത വിദ്യാസാഗര്‍ ആരാധകനും. അദ്ദേഹംകൂടി ചേര്‍ന്നാല്‍ വളരെ വ്യത്യസ്തമായ സംഗീതവും പാട്ടുകളും ഉണ്ടാകുമെന്നു തോന്നി. മാരിവില്ലിന് ഗോപുരങ്ങളുടെ മറ്റൊരു വേര്‍ഷന്‍ ഉള്‍പ്പെടെ വിന്റേജ് വിദ്യാസാഗറിനെ ഓര്‍മിപ്പിക്കുന്ന അഞ്ച് പാട്ടുകളുണ്ടായി. മഴവില്ലിലെ നിറങ്ങള്‍പോലെ വ്യത്യസ്ത ഐഡന്റിറ്റിയുള്ളവരാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങള്‍.
ഇന്ദ്രജിത്ത്, ശ്രുതി
ഇന്ദ്രജിത്തുമായി ആദ്യ സിനിമയാണിത്. ഏറെ അണ്ടര്‍റേറ്റഡാണ് ഇന്ദ്രജിത്ത്. പക്ഷേ, ഗംഭീര ഹ്യൂമര്‍ ടൈമിംഗുള്ള നടനാണ്. ക്ലാസ്മേറ്റ്സിലും അമര്‍ അക്ബറിലുമൊക്കെ അതു നമ്മള് കണ്ടതാണ്. കുറേക്കാലമായി സീരിയസ് റോളുകളില്‍ ഒതുങ്ങിപ്പോയി. അപാരമാണ് അദ്ദേഹത്തിന്റെ ഹ്യൂമര്‍ റേഞ്ച്. ഇതില്‍ ഇന്ദ്രജിത്ത് സുകുമാരന്‍ എന്ന നടന്റെ വലിയ തിരിച്ചുവരവുണ്ട്. എല്ലാ ഇമോഷനുകളിലൂടെയും കടന്നുപോകുന്ന കഥാപാത്രം.
ശ്രുതിയെയും ഒരേ മോള്‍ഡില്‍ തന്നെ സ്ഥിരമായി കണ്ടുവരികയാണ്. പക്ഷേ, റിയല്‍ ശ്രുതി ഏറെ ഫണ്ണിയാണ്, ഹ്യൂമറസാണ്. ഇതിലെ ഷെറിനുമായി വളരെ അടുത്താണ്.
വസിഷ്ഠ്
ഷിന്റോയുടെയും റോണിയുടെയും അച്ഛന് വേഷമാണ് സായികുമാറിന്. ഷെറിന്റെ അമ്മവേഷത്തില്‍ ബിന്ദു പണിക്കരും. മിന്നല്‍ മുരളി ഫെയിം വസിഷ്ഠും വളരെ പ്രാധാന്യമുള്ള വേഷത്തിലെത്തുന്നു. ഇന്ദ്രജിത്തിന്റെ കഥാപാത്രവുമായി ബന്ധമുള്ളതാണ് വസിഷ്ഠിന്റെ കഥാപാത്രം നീരജ്. വിഷ്ണുഗോവിന്ദാണ് വസിഷ്ഠിന്റെ അച്ഛന് വേഷത്തില്‍. സലിംകുമാര്‍, ജോണി ആന്റണി എന്നിവരും പ്രധാന വേഷങ്ങളില്‍.
തിയറ്റര്‍ അനുഭവം
സിനിമ, ടിവിയുടേയോ മൊബൈല്‍ ഫോണിന്റെയോ ചട്ടക്കൂട്ടില്‍ ഒതുങ്ങിക്കിടക്കില്ല എന്ന ഉറപ്പാണ് അടുത്തിടെ വിജയിച്ച സിനിമകള്‍ തരുന്നത്. പ്രേക്ഷകര്‍ക്കു മാനസികമായി അടുപ്പം തോന്നുന്ന ചിത്രം ഏതു ജോണറായാലും തിയറ്ററില്‍ ഒന്നിച്ചിരുന്ന് ആസ്വദിച്ച് ആഘോഷിച്ചു കാണാന്‍ അവര്‍ റെഡിയാണ്. ഫാമിലിയാണ് എന്റെ ഓഡിയന്‍സ്. എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാനാകുന്ന, നമ്മള് കണ്ടുശീലിച്ച സിനിമകളുടെയൊക്കെ സ്വഭാവം തന്നെയാണ് ഈ സിനിമയ്ക്കും.
സിനിമയിലെത്തിയത്
മൂവാറ്റുപുഴയാണ് എന്റെ നാട്. മാസ് കമ്യൂണിക്കേഷന്‍ പഠനം ചെന്നൈ ക്രിസ്റ്റ്യന്‍ കോളജില്‍. 2005ല്‍ പരസ്യചിത്രങ്ങളില്‍ സംവിധാനസഹായിയായി. കുറേക്കാലം സ്വന്തമായി കാമറ ചെയ്ത് ഡോക്യുമെന്ററി ഫിലിംമേക്കറായി. 2010ല്‍ മൈ പേപ്പര്‍ ബോട്ട് എന്ന ഷോര്‍ട്ട് ഫിലിമിന് ഇന്റര്‍നാഷണല്‍ അവാര്‍ഡ്. തുടര്‍ന്ന് സ്കോളര്‍ഷിപ്പോടെ യുകെയില്‍ ഫിലിം പഠനം.
സിനിമയില്‍ ആരെയും അസിസ്റ്റ് ചെയ്തിട്ടില്ല. ഹ്രസ്വചിത്രങ്ങളും പരസ്യചിത്രങ്ങളുമാണ് എന്നെ സിനിമയിലെത്തിച്ചത്. മലയാളത്തില്‍ ഇനി ചെയ്യുന്നത് ഒരു ഫാന്റസി ആക്ഷന്‍ സിനിമയാണ്. ഹിന്ദിയില്‍ ഒരു ആക്ഷന്‍ പടവും പ്ലാനുണ്ട്.
ടി.ജി. ബൈജുനാഥ്