അന്നു ബോളിവുഡും കന്നഡ സിനിമാലോകവും ഉണർന്നതു ഞെട്ടിക്കുന്ന ഒരു വാർത്ത കേട്ടുകൊണ്ടാണ്. മുംബൈ മലാഡിയിൽ കന്നഡ നടി മരിയ സൂസൈരാജിന്റെ ഫ്ളാറ്റിൽ ഒരാൾ കൊല്ലപ്പെട്ടിരിക്കുന്നു.
നടിയുടെ ഫ്ളാറ്റിലെ കൊലപാതക വാർത്ത കാട്ടുതീ പോലെ പടർന്നു. ആരാണ് കൊല്ലപ്പെട്ടത്? എന്താണ് സംഭവം? എന്നിങ്ങനെ ആകാംക്ഷയുടെ മുൾമുനയിലായി സിനിമാലോകം. അപ്പോൾ അടുത്ത വിവരം പുറത്തുവന്നു, നീരജ് ഗ്രോവർ എന്ന യുവാവ് ആണ് കൊല്ലപ്പെട്ടത്.
അയാൾ ആരെന്നായി അടുത്ത അന്വേഷണം. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ കന്പനിയിൽ ടെലിവിഷൻ എക്സിക്യൂട്ടീവ് ആണ് നീരജ് എന്നു തിരിച്ചറിഞ്ഞു.
ചുരുളഴിയുന്നു
പോലീസ് അന്വേഷണത്തിൽ ദുരൂഹതയുടെ ചുരുൾ നിവർന്നു. മലയാളിയും നാവികസേന ഓഫീസറുമായ എമിലി ജറോം മാത്യുവും നടി മരിയ സൂസൈരാജും തമ്മിൽ പ്രണയത്തിലായിരുന്നു. വലിയ കുഴപ്പമില്ലാതെ ഈ അടുപ്പം മുന്നോട്ടുപോകുന്നതിനിടയിലാണ് നീരജിന്റെ രംഗപ്രവേശം.
സിനിമാ-ടിവി പരിപാടികളുമായി ബന്ധപ്പെട്ടാണ് മരിയ നീരജിനെ പരിചയപ്പെടുന്നത്. പിന്നീട് ഇവരും സുഹൃത്തുക്കളായി. ഇടയ്ക്കിടെ ഇയാൾ മരിയയുടെ ഫ്ളാറ്റിലും സന്ദർശനം നടത്തിയിരുന്നു.
അതേസമയം, മരിയയും നീരജും തമ്മിലുള്ള സൗഹൃദം എമിലി ജെറോമിന് എത്ര രസിച്ചില്ല. എങ്കിലും അയാൾ അനിഷ്ടം പുറത്തുകാട്ടാതെ ഇടപെട്ടു. ഇതിനിടയിൽ നീരജ് ഇടയ്ക്കിടെ മരിയയുടെ ഫ്ളാറ്റിൽ സന്ദർശനത്തിന് എത്തുന്നുണ്ടെന്ന വിവരം ഇയാൾക്കു ലഭിച്ചു. ഇതോടെ അയാൾ തീർത്തും അസ്വസ്ഥനായി.
താനും മരിയയും തമ്മിലുള്ള ബന്ധത്തിനിടയിലേക്ക് നീരജ് കടന്നുകയറുകയാണോ എന്നയാൾ ഭയപ്പെട്ടു. അയാളിൽ ഒരു സംശയരോഗി വളരുകയായിരുന്നു.
ആ ഫോൺ കോൾ
നീരജ് കൊല്ലപ്പെടുന്നതിന്റെ തലേദിവസം രാത്രി മരിയയെ എമിലി ജെറോം ഫോണിൽ വിളിച്ചു. പതിവുപോലെ സംസാരിക്കുന്നതിനിടയിൽ ഒരു പുരുഷശബ്ദം അയാൾ ഫോണിലൂടെ കേട്ടു. നീരജ് ഫ്ളാറ്റിൽ എത്തിയിട്ടുണ്ടെന്നും രാത്രി അവിടെ തങ്ങുകയാണെന്നും അയാൾ കരുതി. ഇതോടെ അയാളുടെ സമനിലതെറ്റി.
അതേസമയം, തന്റെ ഫ്ളാറ്റ് മാറുന്നതുമായ കാര്യത്തിനു സഹായിക്കാനാണ് നീരജ് വന്നതെന്ന നിലപാടിലായിരുന്നു മരിയ. മരിയയെ തനിക്കു നഷ്ടപ്പെടാൻ പോവുകയാണോയെന്ന ചിന്തയിൽ അന്ന് ഉറങ്ങാൻ പോലും ജെറോമിനു കഴിഞ്ഞില്ല.
അവൾ അവനെയും പ്രണയിക്കുന്നുണ്ടോയെന്ന സംശയം അയാളെ വല്ലാതെ അലട്ടി. പിന്നേറ്റു രാവിലെ മരിയയുടെ ഫ്ളാറ്റിൽ എത്താൻ ജെറോം തീരുമാനിച്ചു. 2008 മേയ് ഏഴിനു രാവിലെ അയാൾ മരിയയുടെ ഫ്ളാറ്റിലേക്കു കുതിച്ചു.
എന്നാൽ, ഫ്ളാറ്റിലെത്തി ബെല്ലടിച്ചു വാതിൽ തുറന്നതും ജെറോം ഞെട്ടി, അതാ നീരജ് ഫ്ളാറ്റിനുള്ളിൽ! ഇതോടെ അയാൾ നീരജിനു നേരെ കയർത്തു. നീരജും വിട്ടുകൊടുക്കാൻ തയാറായില്ല. വാക്കു തർക്കം മുറുകിയതിനിടയിൽ ജെറോം അടുക്കളയിലേക്ക് കടന്നു.
കറിക്കത്തി കൈക്കലാക്കി മിന്നൽ വേഗത്തിൽ തിരിച്ചെത്തി. കലികയറി അയാൾ ആർക്കങ്കിലും തടയാൻ കഴിയുന്നതിനു മുന്‍പേ നീരജിനെ കുത്തിവീഴ്ത്തി. ഒന്നു നിലവിളിക്കാൻ പോലും കഴിയാതെ അയാൾ ഞെരുക്കത്തോടെ തറയിലേക്കു വീണു. ചോര കുതിച്ചൊഴുകി. നിലവിളി പുറത്തേക്കു വരാതിരിക്കാൻ മരിയ വായ്പൊത്തിനിന്നു.
മൃതദേഹം ബാഗിൽ
നീരജ് മരിച്ചു എന്നു തോന്നിയതോടെ ജെറോമും പരിഭ്രാന്തനായി. എന്തായാലും സംഭവിച്ചു. രക്ഷപ്പെടാനുള്ള വഴിനോക്കാമെന്ന് അയാൾ പറഞ്ഞു. എന്നാൽ, എങ്ങനെയെന്നുള്ള ചോദ്യം രണ്ടു പേരെയും അലട്ടി. മരിയ തകർന്നു തരിപ്പണമായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കൊല്ലപ്പെട്ടിരിക്കുന്നു, കൊന്നതോ കാമുകനും… രണ്ടു പേരും കുടുങ്ങുമെന്ന ഘട്ടം വന്നതോടെ ജെറോം പറയുന്നതു അനുസരിക്കാൻ അവൾ തീരുമാനിച്ചു.
മൃതദേഹം ഇവിടെ ഉപേക്ഷിച്ചുപോകാനാവില്ല. അത് ഒഴിവാക്കാനുള്ള വഴികൾ അവൾ ആലോചിച്ചു. ഒടുവിൽ നീരജിന്റെ മൃതദേഹം ബാഗിൽ നിറച്ചു ഉപേക്ഷിക്കാൻ തീരുമാനിച്ചു. കുറെ ബാഗുകൾ വാങ്ങിക്കൊണ്ടു വന്നു. നീരജിന്റെ മൃതദേഹം ഇരുവരും കഷണങ്ങളായി മുറിച്ചു ബാഗിൽനിറച്ചു.
തുടർന്നു സുഹൃത്തിന്റെ കാറിന്റെ ഡിക്കിയിൽ ബാഗുകൾ നിറച്ചു താനെ ജില്ലയിലെ മനോറിലേക്കു പോയി. അവിടെ ബീച്ചിനടുത്തു വിജനമായ ഒരു സ്ഥലത്ത് എത്തി. തുടർന്ന് ബാഗുകൾ അവിടെ കൂട്ടിയിട്ട് പെട്രോളൊഴിച്ചു കത്തിച്ചുകളഞ്ഞു.
കോടതിയിൽ പറഞ്ഞത്
പക്ഷേ, ബാഗുകൾ കത്തിച്ചുകളഞ്ഞെങ്കിലും നീരജിന്റെ കൊലപാതകം ഏറെ ദിവസങ്ങൾ ഒളിച്ചുവയ്ക്കാൻ ഇരുവർക്കും കഴിഞ്ഞില്ല. നീരജിന്റെ തിരോധനം സംബന്ധിച്ച അന്വേഷണം മരിയയുടെ ഫ്ളാറ്റിൽ എത്തി. പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.
കേസ് കോടതിയിലെത്തി. നീരജ് കൊല്ലപ്പെടുമ്പോള്‍ താന്‍ ഫ്ളാറ്റിൽ ഉണ്ടായിരുന്നില്ലെന്നായിരുന്നു കോടതിയിൽ മരിയയുടെ വാദം. കൊല്ലപ്പെടുന്നതിനു മൂന്നുദിവസം മുന്‍പാണ് നീരജിനെ പരിചയപ്പെട്ടത്. തന്റെ സഹോദരിയെയും സഹോദരനെയും പിടിച്ചുകൊണ്ടു പോയ പോലീസ് കുറ്റസമ്മതം നടത്താന്‍ നിര്‍ബന്ധിക്കുകയായിരുന്നെന്നും മരിയ വാദിച്ചു.
അതേസമയം, കൊലപാതകം നടന്ന മരിയയുടെ ഫ്ളാറ്റിൽ താന്‍ പോയിട്ടില്ലെന്നാണ് എമിലി ജെറോം വാദിച്ചത്. മേയ് ഏഴിന് കൊച്ചിയില്‍നിന്നു മുംബൈയില്‍ എത്തി ഒരു ഹോട്ടലില്‍ തങ്ങി മരിയയെ കണ്ട ശേഷം പിറ്റേന്നു തന്നെതിരിച്ചുപോയി എന്നും ഇയാൾ അവകാശപ്പെട്ടു. ഇതിനു ബലംനല്‍കാന്‍ ഹോട്ടലിന്റെ ബില്ലും വിമാന ടിക്കറ്റും ജെറോം ഹാജരാക്കി. കൊല നടന്ന ദിവസം താന്‍ മുംബൈയില്‍ ഉണ്ടായിരുന്നില്ലെന്നും അയാൾ അവകാശപ്പെട്ടു.
വിധി ഇങ്ങനെ
നീരജ് വധക്കേസിൽ തങ്ങൾ നിരപാധികളാണെന്നു വാദിക്കാൻ ഇരുവരും പല തെളിവുകളും നിരത്തിയെങ്കിലും കോടതി അംഗീകരിച്ചില്ല. കേസിൽ ഇരുവരും കുറ്റക്കാരാണെന്നു കോടതി പ്രഖ്യാപിച്ചു. മലയാളിയായ എമിലി ജെറോമിന് 10 വര്‍ഷം കഠിനതടവ് വിധിച്ചു. മരിയയ്ക്ക് മൂന്നു വര്‍ഷം തടവ് ശിക്ഷയും. മുംബൈ സെഷന്‍സ് കോടതിയുടേതായിരുന്നു വിധി.
മനഃപൂര്‍വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് എമിലി ജെറോമിനെതിരെ ചുമത്തിയത്. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്ന കുറ്റത്തിനായിരുന്നു മരിയയ്ക്കു ശിക്ഷ. വിചാരണവേളയിൽ മൂന്നു വര്‍ഷത്തിലധികം തടവുശിക്ഷ അനുഭവിച്ചതിനാല്‍ മരിയ ശിക്ഷ അനുഭവിക്കേണ്ടെന്നും കോടതി നിർദേശിച്ചു.
തന്റെ ഭാവി വധുവിനൊപ്പം പ്രത്യേക സാഹചര്യത്തില്‍ ഒരു അന്യപുരുഷനെ കണ്ടപ്പോഴുണ്ടായ മനോവിഭ്രാന്തിയാണ് കൊലപാതകത്തിനു കാരണമെന്നാണ് കോടതി വിലയിരുത്തിയത്. ഇതാണ് 10 വർഷത്തെ ശിക്ഷയിൽ ഒതുങ്ങാനും ഇടയായത്.