ഇരിട്ടി: കരിക്കോട്ടക്കരിയിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കൂടെ താമസിച്ച മകൻ മാത്യുവിന്റെ ഭാര്യ എൽസി(54)യെ കരിക്കോട്ടക്കരി സി ഐ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ്സംഘം അറസ്റ്റ് ചെയ്തു.
പതിനെട്ടേക്കറിലെ കായംമാക്കൽ മറിയക്കുട്ടിയെ (82 )യാണ് സ്വന്തം വീട്ടിൽ ചോരവാർന്ന് മരിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയത്.
സംഭവത്തിൽ ദുരൂഹത ഉള്ളതായി സംശയിച്ചതിനാൽ ഡോഗ് സ്ക്വാഡ് , വിരലടയാള വിദഗ്ദ സംഘം ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ എൽസി കുറ്റം സമ്മതിക്കുകയായിരുന്നു.
ബുധനാഴ്ച വൈകുന്നേരം 6.30ഓടെയാണ് മറിയക്കുട്ടിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. മറിയക്കുട്ടിയോടൊപ്പം താമസിച്ചിരുന്ന മകൻ മാത്യു റബർ ടാപ്പിംഗിന് പോയ സമയത്തായിരുന്നു സംഭവം.
ജോലിക്കിടയിൽ വീട്ടിലേക്ക് ഫോൺ ചെയ്തപ്പോഴാണ് മാതാവ് രക്തത്തിൽ കുളിച്ച് കിടക്കുന്നതായി മാത്യുവിന്റെ ഭാര്യ എൽസി അറിയിക്കുന്നത്.
തന്നെ ഭർത്താവ് വിവാഹം കഴിച്ചു കൊണ്ടുവന്നപ്പോൾ മുതൽ ഭർത്താവിന്റെ അമ്മ നിരന്തരം വഴക്കുണ്ടാക്കുമെന്നും സംഭവം നടന്ന ദിവസവും ഇത്തരത്തിൽ വഴക്കുണ്ടാക്കിയിരുന്നുവെന്നും അതാണ് കൊലപാതകത്തിന് കാരണമെന്നും എൽസി പോലീസിനോട് പറഞ്ഞു. വഴക്കിനിടയിൽ എൽസി മറിയകുട്ടിയെ പിടിച്ചു തള്ളി.
മറിയകുട്ടി സമീപത്തെ കോൺക്രീറ്റ് കട്ടിള പടിയിൽ തലയടിച്ചു വീണു. വീഴ്ചയുടെ ആഘാതത്തിൽ തലപൊട്ടി ചോര ചീറ്റി. ഒരു കൈ ഒടിയുകയും ചെയ്തു.
തുടർന്ന് നിലത്തു വീണുകിടന്ന മറിയക്കുട്ടിയെ മുടിക്കുത്തിനു പിടിച്ചു വലിച്ചു കട്ടിളപ്പടിയിൽ വീണ്ടും വീണ്ടും തല ഇടിപ്പിച്ചുവെന്നും എൽസി പോലീസിന് നല്കിയ മൊഴിയിൽ പറയുന്നു. ഇതോടെ ചോര വാർന്നു മരണം സംഭവിക്കുകയായിരുന്നു.
കരിക്കോട്ടക്കരി സിഐ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് പറഞ്ഞിരുന്നെങ്കിലും ചോദ്യം ചെയ്യലിൽ എൽസി കുറ്റം സമ്മതിക്കുകയായിരുന്നു.
പരേതനായ തോമസ് ആണ് മറിയക്കുട്ടി യുടെ ഭർത്താവ്. മക്കൾ: മാത്യു, മേരി, ടോമി, ബേബി, സലോമി, തങ്കച്ചൻ, സജി, സാന്റി. മരുമക്കൾ: എൽസി, ബേബി, മേരി, ലില്ലി, ഡെന്നി , സാലി, താഹിറ, സിൽവി.