പയ്യന്നൂര്‍: തെളിവുകള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ട ചെറുപുഴയിലെ മറിയക്കുട്ടി വധത്തിന് പിന്നിലെ പ്രതികളെ കണ്ടെത്താന്‍ സിബിഐ നടത്തുന്ന അന്വേഷണം ഊര്‍ജിതം. കൊലപാതകത്തിന് പിന്നിലുണ്ടായിരുന്നതായി സംശയിക്കുന്ന സ്ത്രീയെ കണ്ടെത്താന്‍ രക്തസാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു.
ദിവസങ്ങള്‍ക്കകമാണ് നോട്ടീസ് നല്‍കലും രക്തസാമ്പിള്‍ ശേഖരണവും നടത്തി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. മറിയക്കുട്ടിവധം സംബന്ധിച്ച് ലോക്കല്‍ പോലീസിന്റെ കേസന്വേഷണ റിപ്പോര്‍ട്ടുകള്‍ അവഗണിച്ച രീതിയിലായിരുന്നു ഇതുവരെയുള്ള അന്വേഷണമെങ്കിലും ലോക്കല്‍ പോലീസിന്റെ അന്വേഷണത്തിലെ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ സിബിഐ അന്വേഷണമെന്ന പ്രത്യേകതയുണ്ട്.
ഗൂഡാലോചന നടത്തിയവര്‍ക്ക് മറിയക്കുട്ടിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യമായിരുന്നുവെന്നും ഇതിനായി കൊലപാതക ദൗത്യമേല്പ്പിച്ചവര് പോലുമറിയാതെയാണ് കൊലനടത്തുന്നതിനിടയില്‍ ആഭരണമോഷണം നടന്നതെന്നും പോലീസ് ബലമായി സംശയിച്ചിരുന്നു.
അന്നത്തെ കേസന്വേഷണ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി സുബൈര്‍ കൊലപാതകത്തിന് പിന്നിലെ സ്ത്രീസാന്നിധ്യം കണ്ടെത്താനായി വിവിധയിടങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചിരുന്നതുമാണ്.
പ്രതിയെന്ന് സംശയിച്ച ആളെ ചോദ്യം ചെയ്യലിനും തെളിവുകളുടെ പരിശോധനയ്ക്കുമിടയില് കണ്ടെത്തിയ ഫോണില്‍നിന്നും സിം കാര്‍ഡ് മാറ്റിയിട്ട് ഒരു സ്ത്രീയെ മാത്രം വിളിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ സ്ത്രീയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിവന്നത്.
ഇതേ ഫോണില്‍നിന്നും സംഭവ ദിവസം രാവിലെ ആറോടെ 1500 സെക്കന്റോളം സമയം പതിവില്ലാത്തവിധം മറ്റൊരാളെ വിളിച്ച് സംസാരിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയെങ്കിലും ഇതിനിടയില്‍ ഡിവൈഎസ്പിക്ക് പ്രൊമോഷനോടെ ട്രാന്‍സഫർ ആയതിനെ തുടര്‍ന്ന് ഈ ദിശയിലേക്കുള്ള അന്വേഷണം നിലയ്ക്കുകയായിരുന്നു.
എന്നാല്‍ അന്നത്തെ സൂചനകളെ ബലപ്പെടുത്തുന്നതാണ് സിബിഐക്ക് വൈകികിട്ടിയ ഫോറന്‍സിക്ക് പരിശോധനഫലം. ഇതിന്റെ ചുവടുപിടിച്ചാണ് സ്ത്രീകളുടെ സമ്മതപത്രം വാങ്ങി പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ ഡിഎന്‍എ പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം രക്തസാമ്പിളുകള്‍ ശേഖരിച്ചത്.
സംഭവത്തിന്റെ കാലപ്പഴക്കവും തെളിവുകളുടെ അഭാവവും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും ഡിഎന്‍എ പരിശോധനാഫലം വരാനുള്ള കാത്തിരിപ്പിനിടയില്‍ സാധ്യമായ മറ്റന്വേഷണങ്ങളും തുടരുന്നുണ്ട്. സംഭവ ദിവസത്തെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമവും സിബിഐ അന്വേഷണസംഘം തുടരുകയാണ്.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനാവാതെ വന്നതിനെ തുടര്‍ന്ന് എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രറ്റ് (സിജെഎം) കോടതിയില്‍ സിബിഐ സമര്‍പ്പിച്ച സിആര്‍പിസി 173(2)പ്രകാരമുള്ള ഫൈനല്‍ റിപ്പോര്‍ട്ടും കേസന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള അനുമതിയും കോടതി നിരാകരിച്ചതിനെ തുടര്‍ന്നാണ് വീണ്ടും അന്വേഷണം പുനഃരാരംഭിച്ചത്.
2012 മാര്‍ച്ച് അഞ്ചിന് രാവിലെയാണ് ചെറുപുഴ കാക്കേഞ്ചാല്‍ പടത്തടത്തെ കൂട്ടമാക്കൂല് ദേവസ്യ എന്ന കൊച്ചേട്ടന്റെ ഭാര്യ മറിയക്കുട്ടിയെ(72) ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.