പയ്യന്നൂര്‍:ചെറുപുഴ കാക്കേഞ്ചാല്‍ പടത്തടത്തെ കുട്ടമാക്കല്‍ മറിയക്കുട്ടി വധക്കേസിന്റെ അന്വേഷണം വഴിത്തിരിവില്‍. അന്വേഷണങ്ങള്‍ക്കിടയില്‍ ‘മുങ്ങിയ’ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ കണ്ടെടുത്തുകൊണ്ടുള്ള സിബിഐയുടെ അന്വേഷണമാണ് വഴിത്തിരിവിലായത്.പെരിങ്ങോം പോലീസ് 188/2012 ക്രൈം നമ്പറായി രജിസ്റ്റര്‍ ചെയ്ത കേസിലെ കേസന്വേഷണത്തിനിടയില്‍ തെളിവുകള്‍ നശിപ്പിക്കാനും തിരിമറി നടത്താനും ചില ഉന്നതരുള്‍പ്പെടെ ശ്രമിച്ചതെന്തിനെന്ന് നാട്ടുകാരിലുയര്ന്നിരുന്ന ചോദ്യം ബലപ്പെടുത്തിക്കൊണ്ടാണ് നിര്‍ണായക തെളിവുകള്‍ സിബിഐ കണ്ടെത്തിയത്.
കൊലപാതകം നടക്കുന്നതിന്റെ തലേ ദിവസം പയ്യന്നൂരില്‍ നിന്നും മദ്യവും ഭക്ഷണവും സോക്സും വാങ്ങാനെത്തിയ ആളുടെ ചിത്രം പതിഞ്ഞിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ പയ്യന്നൂരിലെ ജ്വല്ലറിയുടെ നിരീക്ഷണ കാമറയിലെ ദൃശ്യങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം പോലീസ് ശേഖരിച്ചിരുന്നു.2012 മാര്‍ച്ച് നാലിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ശാസ്ത്രീയ പരിശോധനക്കായി ലാബിലയച്ചപ്പോള്‍ കേസന്വേഷണ പുരോഗതിക്കുള്ള ദൃശ്യങ്ങളൊന്നും അതില്‍ നിന്ന് കിട്ടിയില്ല.ഇതോടെ അന്വേഷണം വഴിമുട്ടുകയായിരുന്നു.പരിശോധനക്കയച്ച ദൃശ്യങ്ങളില്‍ തിരിമറി നടത്തിയതായിരുന്നു ഇതിന് കാരണം.
2012 മാര്‍ച്ച് നാലിന്റെ ദൃശ്യങ്ങള്‍ക്ക് പകരം അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധനക്കയച്ചത് 2013 മാര്‍ച്ച് നാലിന്റെ ദൃശ്യങ്ങളായിരുന്നു.ഇക്കാര്യം കോടതിയില്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഇക്കാര്യത്തിലുണ്ടായ ഉദ്യോഗസ്ഥ വീഴ്ചക്കെതിരെ ജസ്റ്റിസ് കമാല്‍ പാഷെയുടെ നിശിതമായ വിമര്‍ശനവുമുണ്ടായിരുന്നു.അന്ന് “മുങ്ങിയ’ ദൃശ്യങ്ങളാണ് ഇപ്പോള്‍ സിബിഐ കണ്ടെടുത്ത് കേസന്വേഷണത്തിന് തുമ്പുണ്ടാക്കാനുള്ള ശ്രമം നടത്തുന്നത്.
ഈ ദൃശ്യങ്ങള്‍ സിബിഐ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. ഉച്ചക്ക് ശേഷം രണ്ടര മുതല്‍ രാത്രി ഏഴ് വരെയുള്ള ദൃശ്യങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.ഇതില്‍ സംശയം തോന്നിയ ചില ദൃശ്യങ്ങള്‍ ആളുകള്‍ സിബിഐ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.ഈ രംഗങ്ങള്‍ ഇനി സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കും.
2012 മാര്‍ച്ച് അഞ്ചിന് രാവിലെയാണ് മറിയക്കുട്ടി ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ലോക്കല്‍ പോലീസിന്റെ അന്വേഷണം എങ്ങുമെത്താതെ വന്നപ്പോള്‍ ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തുവെങ്കിലും അവര്‍ക്കും കേസിന് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല. മറിയക്കുട്ടിയുടെ മക്കള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.