പയ്യന്നൂര്‍: ചെറുപുഴയിലെ മറിയക്കുട്ടി വധത്തിന് പിന്നിലുള്ള പ്രതികളിലേക്കെത്തുന്ന വിധത്തിലുള്ള തെളിവുകളൊന്നും കണ്ടെത്താനാകാതെ വന്നതിനെ തുടര്‍ന്ന് കേസന്വേഷണം അവസാനിപ്പിക്കാനുള്ള അനുമതിക്കായി കോടതിയെ സമീപിച്ച സിബിഐ വീണ്ടും അന്വേഷണം പുനഃരാരംഭിച്ചു.
ഇപ്പോള്‍ സ്ത്രീകളുടെ ഡിഎന്‍എ പരിശോധന നടത്തിവരികയാണ് സിബിഐ സംഘം.ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണങ്ങള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം രംഗത്തെത്തിയ സിബിഐക്കും രണ്ടരവര്‍ഷം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനാവാതെ വന്നതിനെ തുടര്‍ന്ന് കോടതിയില്‍ അതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
സിബിഐയുടെ കേസന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള അനുമതിയും തേടിയിരുന്നു.എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രറ്റ് (സിജെഎം) കോടതിയില്‍ സിബിഐ സമര്‍പ്പിച്ച ക്ലോസ് റിപ്പോര്‍ട്ടെന്ന് വിശേഷിപ്പിക്കാവുന്ന ഫൈനല്‍ റിപ്പോര്‍ട്ടും കേസന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള അനുമതിയും കോടതി നിരാകരിച്ചതിനെ തുടര്‍ന്നാണ് വീണ്ടും അന്വേഷണം പുനഃരാരംഭിച്ചിരിക്കുന്നതെന്നാണ് വിവരം.
വൈകി കിട്ടിയ ഫോറന്‍സിക്ക് പരിശോധന ഫലത്തില്‍ പുരോഗതിയുണ്ടാവുകയും ഒരു സ്ത്രീയെ സംശയിക്കേണ്ട സാഹചര്യമുണ്ടായതിനാലാണ് ഡിഎന്‍എ പരിശോധന നടത്തേണ്ടി വന്നതെന്നാണ് സിബിഐ വൃത്തങ്ങളില്‍നിന്നും ലഭിക്കുന്ന സൂചന. പരിശോധനാഫലത്തില്‍ സൂചിപ്പിക്കുന്ന സ്ത്രീയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിബിഐ സംഘം.