ദുബായ്: ബ്ലുവെയിലിന് ശേഷം അപകടസാധ്യതയുമായി മറ്റൊരു ഓണ്‍ലൈൻ ഗെയിം കൂടി എത്തിയതായി റിപ്പോർട്ട്. മറിയം എന്ന പേരിലുള്ള ഗെയിം യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ വ്യാപകമാണെന്നാണ് റിപ്പോർട്ട്. കളിക്കുന്നയാളിന്റെ മാനസിക നിലയെ സ്വാധീനിക്കാൻ ഈ ഗെയിമിനാകുമെന്നാണ് വിദഗ്ധ അഭിപ്രായം. ഗെയിം കളിക്കാൻ വ്യക്തി വിവരങ്ങൾ നൽകേണ്ടത് ആവശ്യമായതിനാൽ ഇത് സ്വകാര്യതയെ ബാധിക്കുമെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. വെള്ള തലമുടിയുള്ള പെണ്‍കുട്ടി കറുത്ത ബാക്ഗ്രൗണ്ടിൽ നിൽക്കുന്ന ഒരൽപ്പം പേടിപ്പെടുത്തുന്ന ചിത്രമാണ് ഗെയിമിന്റെ തുടക്കം.
ഒന്നിന് പിറകെ ഒന്നായി വരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകി വേണം ഗെയിമിലെ ഓരോ ഘട്ടത്തിലും മുന്നോട്ട് പോകേണ്ടത്. വീട് എവിടെയാണ്. ഫേസ്ബുക്ക് അക്കൗണ്ടിന്റെ വിവരങ്ങൾ തുടങ്ങിയവയാണ് നൽകേണ്ടത്. പിന്നീട് മറിയം ഉന്നയിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ഗെയിമർ ഉത്തരം പറയണം. ഒരു പ്രത്യേക ഘട്ടത്തിലെത്തുന്പോൾ ഗെയിം തുടർന്ന് കളിക്കണമെങ്കിൽ 24 മണിക്കൂർ കാത്തിരിക്കാൻ ഗെയിമർക്ക് മെസേജ് വരും.
ഈ കാലയളവിൽ കളിക്കുന്നയാൾ ഗെയിമിന് അടിമയാകുകയും ചെയ്യും. എന്നാൽ ഗെയിം അപകടകരമല്ലെന്നാണ് ഗെയിം നിർമിച്ച സൽമാൻ അൽഹർബിയുടെ വാദം. ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ സൂക്ഷിക്കുന്നില്ലെന്നും അതിനാൽ സ്വകാര്യതയെ ദുരുപയോഗം ചെയ്യുമെന്ന വാദം തെറ്റാണെന്നുമാണ് സൽമാൻ പറയുന്നത്.