പന്ത്രണ്ടുമക്കളുടെ അമ്മ മറിയക്കുട്ടി ഹാപ്പിയാണ്! അടുത്തദിവസം തന്നെ അമ്മൂമ്മയ്ക്ക് മറ്റൊരു ഭാഗ്യം കൂടി കൈവരികയാണ്

mariyamakutty

വടക്കഞ്ചേരി: കഷ്‌ടപ്പാടുകളുടെ കയങ്ങൾ നീന്തിക്കടന്ന പന്ത്രണ്ടുമക്കളുടെ അമ്മ പാലക്കുഴി പിസിഎയിലെ കുന്നത്തുവീട്ടിൽ പരേതനായ വർക്കിയുടെ ഭാര്യ 93 കാരി മറിയക്കുട്ടി ഇന്ന് ഹാപ്പിയാണ്. മക്കൾ കൂടിയാൽ കഷ്‌ടപ്പാട് കൂടുമെന്ന് പറയുന്ന ദമ്പതികൾക്കും രക്‌തബന്ധങ്ങളുടെ വിലയറിയാത്ത പുതുതലമുറയും മറിയക്കുട്ടി അമ്മൂമ്മയുടെ ജീവിതം കണ്ടു പഠിക്കണം.

12 മക്കളിൽ പത്തുപേർ പെണ്ണും രണ്ടുപേർ ആൺമക്കളുമാണ്. ഇതിൽ എട്ടാമത്തെ മകൾ സോഫിയാമ്മ 15–ാം വയസിൽ അപകടത്തിൽ മരിച്ചു. 21 വർഷം മുമ്പായിരുന്നു ഭർത്താവ് വർക്കി മരിച്ചത്. മറ്റു പതിനൊന്നു മക്കളും വിവാഹം കഴിഞ്ഞ് കുടുംബമായി കഴിയുന്നു. വലിയ കുടുംബത്തിന്റെ കഷ്‌ടപ്പാടുകൾ ഏറെയുണ്ടായിട്ടുണ്ടെങ്കിലും അതൊന്നും വേദനയായിരുന്നില്ല.

മൂത്തമക്കളൊക്കെ ദാരിദ്ര്യവും പട്ടിണിയും നന്നായി അനുഭവിച്ചവരാണ്. പക്ഷേ ഉള്ളതുകൊണ്ട് എല്ലാവരും പരസ്പരം സ്നേഹിച്ചും സഹായിച്ചും മാതൃക കുടുംബമായി കഴിഞ്ഞു. മറിയക്കുട്ടി പറഞ്ഞു. മറിയക്കുട്ടിയുടെ മൂത്തമകൾ മേരിക്കുട്ടിക്ക് ഇപ്പോൾ എഴുപതുവയസുണ്ട്. തങ്കമ്മ, മോളി, ലില്ലിക്കുട്ടി, ക്ലാരമ്മ, സിസിലി, സൂസമ്മ, ലൈസാമ്മ, ഷേർളി, ആൺമക്കളായ റെന്നി, റോയ് എന്നിവരാണ് മറ്റു മക്കൾ. പന്ത്രണ്ടാമത്തെ മകൻ റോയിക്കൊപ്പമാണ് ഇപ്പോൾ മറിയക്കുട്ടിയുടെ താമസം. റോയിയുടെ ഭാര്യ റൂബി, മക്കൾ പത്താംക്ലാസിൽ പഠിക്കുന്ന ആൽവിൻ, എട്ടാംക്ലാസിൽ പഠിക്കുന്ന അലീന എന്നിവർക്കാണ് ഇപ്പോൾ അമ്മൂമ്മയുടെ പരിചരണ ചുമതല. പാലാ വിളക്കുമാടം കോട്ടയിൽ കുടുംബാംഗമാണ് മറിയക്കുട്ടി. മൂത്തമകൾ മേരിക്കുട്ടി ദിവസവും അമ്മയെ ഫോണിൽ വിളിക്കും. മറ്റു മക്കളുടെ വിളികളും പിന്നാലെ വരും. മക്കളാരും വിളിച്ചില്ലെങ്കിൽ അമ്മൂമ്മ തന്നെ വീട്ടിലെ മൊബൈൽ എടുത്ത് മക്കളെ വിളിച്ച് കാര്യങ്ങൾ തിരക്കും.

അടുത്തദിവസം തന്നെ അമ്മൂമ്മയ്ക്ക് മറ്റൊരു ഭാഗ്യം കൂടി കൈവരികയാണ്. തന്റെ വംശപരമ്പരയിൽ അഞ്ചാംതലമുറയിലെ കുഞ്ഞിനെ കാണാനുള്ള ഭാഗ്യം. കുത്തനെയുള്ള കൽകുഴി മലമുകളിലായിരുന്നു മറിയക്കുട്ടിയുടെയും കുടുംബത്തിന്റെയും താമസം. താഴെനിന്ന് മേലോട്ടുനോക്കിയാൽ മാത്രം കാണുന്ന വീട്. ഒരുതവണ കയറിയിറങ്ങാൻ തന്നെ ഏറെ പാടുപെടണം. എന്നാൽ കഷ്‌ടപ്പാടുകൾ അതിജീവിച്ച് മണ്ണിനോടു മല്ലടിച്ചും മണ്ണിനെ സ്നേഹിച്ചും ഭൂമി ഹരിതാഭമാക്കി.

ദൈവത്തിലുള്ള വലിയ വിശ്വാസമാണ് അന്നും ഇന്നും തങ്ങളുടെ ശക്‌തിയെന്ന് മറിയക്കുട്ടി പറയുന്നു. ഞായറാഴ്ചകളിൽ രാവിലെയുള്ള കുർബാന മുടങ്ങാതിരിക്കാൻ ശനിയാഴ്ച വൈകുന്നേരംതന്നെ മലയ്ക്കു താഴെ പള്ളിക്കടുത്തുള്ള ബന്ധുവിന്റെയോ പരിചയക്കാരന്റെയോ വീടുകളിൽ അന്തിയുറങ്ങും. സങ്കടങ്ങളും കഷ്‌ടപ്പാടുകളും ദൈവസന്നിധിയിൽ അർപ്പിച്ച് ആരോടും പരിഭവമോ പരാതികളോ ഇല്ലാത്ത ജീവിതം. ഇപ്പോഴും മറിയക്കുട്ടി കിടക്കുന്ന കട്ടിലിൽ രണ്ടു ചെറിയ ബാഗുകളിലായി നിറയെ പ്രാർഥനാപുസ്തകങ്ങളാണ്.

ഹൃദയസംബന്ധായ ചെറിയ അസുഖത്തെ തുടർന്നാണ് ഇപ്പോൾ മലയിൽനിന്നും താമസം പിസിഎയിലേക്ക് മാറ്റിയത്. എങ്കിലും പ്രായമായർവക്ക് പിടിപെടുന്ന രോഗങ്ങളൊന്നും അമ്മൂമ്മയ്ക്കില്ല. കേൾവി കുറവോ കാഴ്ചക്കുറവോ ഓർമക്കുറവോ ഒന്നുംതന്നെയില്ല.പത്രം ഉൾപ്പെടെ കിട്ടുന്നതെന്തും വായിക്കുകയാണ് അമ്മൂമ്മയുടെ ഹോബി. ചെറുപ്പത്തിലേ അധ്വാനവും വിഷമില്ലാത്ത ഭക്ഷണവുമാണ് തന്റെ ആരോഗ്യരഹസ്യമെന്ന് മറിയക്കുട്ടി പറയുന്നു. റെഡിമെയ്ഡ് ഭക്ഷണത്തോട് ഇന്നും താത്പര്യമില്ല. രുചി കുറഞ്ഞാലും വീട്ടിൽ ഒരുക്കുന്ന ഭക്ഷണത്തോളമാകില്ല മറ്റെന്തും– മറിയക്കുട്ടി പറയുന്നു.

മറിയക്കുട്ടി ചേടത്തി ഇനി 40 വർഷം കൂടി ജീവിക്കുമെന്നും ഒപ്പമുണ്ടായിരുന്ന പള്ളിവികാരി ഫാ. ജിമ്മി ആക്കാട്ട് പറഞ്ഞപ്പോൾ സ്വതസിദ്ധമായ തമാശയിൽ അമ്മൂമ്മ അച്ചന്റെ മോഹത്തെ നിരുത്സാഹപ്പെടുത്തി. അധികം ആരേയും ബുദ്ധിമുട്ടിക്കാതെ പോയാൽ മതി. അതാണ് തന്റെ പ്രാർഥനയെന്ന് മറിയക്കുട്ടി പറഞ്ഞു.

Related posts