പാലാ: സഹകരണ ബാങ്കിൽനിന്ന് അരക്കോടിയിലേറെ രൂപ കാണാതായ കേസിൽ പോലീസ് കസ്റ്റഡിയിൽ കഴിയുന്ന പാലാ ഓലിക്കൽ മറിയാമ്മയെ (52) ബാങ്കിലെത്തിച്ച് തെളിവെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് പാലാ സിഐ രാജൻ കെ. അരമനയുടെ നേതൃത്വത്തിൽ വനിതാ പോലീസിന്റെ അകന്പടിയോടെ ഇവരെ നഗരത്തിലുള്ള ബാങ്കിൽ കൊണ്ടുവന്നത്.
മറിയാമ്മ കാഷ്യറായിരുന്ന കാബിനിലും പണം വയ്ക്കുന്ന ലോക്കറിലും തെളിവെടുപ്പ് നടത്തി. ലോക്കറിൽനിന്ന് കാഷ് കൗണ്ടറിലേക്ക് രൂപ എത്തിക്കുന്ന വിധവും പരിശോധിച്ചു.
ആരും കാണാതെ പ്ലാസ്റ്റിക് കൂടിലും ബാഗിലും പണം കടത്തിയ വിധം പോലീസിനോട് വിശദീകരിച്ചു. ചോറ്റുപാത്രത്തിൽ പോലും പണം കടത്തിയിട്ടുണ്ടെന്ന് മറിയാമ്മ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. മുക്കാൽ മണിക്കൂറോളം തെളിവുകൾ ശേഖരിച്ചു. കള്ളനോട്ട് കേസിൽ പിടിയിലായ മറിയാമ്മയുടെ മകൻ അരുണും മറിയാമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന ടൗണിലെ ഫ്ളാറ്റിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.