തിരൂർ: മയക്കുമരുന്നു കലർത്തിയ ജ്യൂസ് നൽകി വീട്ടുകാരെ മയക്കിക്കിടത്തി വേലക്കാരി കവർന്നതു മൂന്നു ലക്ഷത്തോളം വിലയുള്ള സ്വർണവും 5000 രൂപയും മൊബൈൽ ഫോണും. എടശേരി ഖാലിദ് അലിയുടെ ഭാര്യ സൈനബ, മകൾ ഫിദ എന്നിവർ അണിഞ്ഞിരുന്ന ആഭരണങ്ങളും കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച പണവുമാണ് നഷ്ടമായത്. കവർച്ച നടത്തിയ തമിഴ്നാട് സ്വദേശിനിയായ വേലക്കാരി മാരിയമ്മയെ കണ്ടെത്താൻ അന്വേഷണം ഉൗർജിതമാക്കി.
തൃപ്രങ്ങോട് ആലിങ്ങൽ എടശേരി ഖാലിദലിയുടെ വീട്ടിലെ വേലക്കാരിയായ മാരിയമ്മ സംഭവത്തിനുശേഷം മുങ്ങിയിരിക്കുകയാണ്. തിരൂർ സിഐ പി. അബ്ദുൾബഷീർ തലവനായി രണ്ടു ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. വീട്ടുകാരെ മയക്കി കവർച്ച നടത്തിയ മാരിയമ്മ മോഷണം നടത്തി പിറ്റേ ദിവസം പുലർച്ചെ അഞ്ചു മണിയോടെ ആലിങ്ങൽ അങ്ങാടിയിൽ നിന്ന് തിരൂരിലെത്തി അവിടെ നിന്നു ബസ് മാർഗം തിരുവനന്തപുരത്തേക്കും അവിടെ നിന്നു കൊല്ലത്തേക്കും പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇവരെ തിരുവനന്തപുരം ആറ്റിങ്ങലിൽ കണ്ടതായ സൂചനകളെ തുടർന്ന് ആറ്റിങ്ങൽ, കൊല്ലം ഭാഗങ്ങളിലാണ് ഒരു സംഘം അന്വേഷണം നടത്തുന്നത്. തമിഴ്നാട്ടിലേക്ക് കടക്കാനിടയുള്ളതിനാൽ തമിഴ്നാട് പോലീസിന്റെ സഹായത്തോടെ മധുര, തഞ്ചാവൂർ എന്നിവിടങ്ങിലും ഒരു സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ധാരാളം പണവും സ്വർണവും വീട്ടിലുണ്ടെന്ന വിശ്വാസത്തിലാണ് വേലക്കാരി കവർച്ച ആസൂത്രണം ചെയ്തതെന്ന് കരുതുന്നു. മൂന്നു ദിവസം മാത്രം ജോലി ചെയ്ത് കവർച്ച നടത്തി രക്ഷപ്പെടണമെങ്കിൽ ഇവർ മുന്പും ഇത്തരം കവർച്ചകൾ നടത്തിയിരിക്കുമെന്നാണ് പോലീസിന്റെ നിഗമനം.
മയക്കുമരുന്ന് കലർന്ന ജ്യൂസ് കഴിച്ച് അബോധാവസ്ഥയിലായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഖാലിദലി, ഭാര്യ സൈനബ, മകൾ ഫിദ എന്നിവർ വീട്ടിലെത്തി. തുടർന്നാണ് പണം നഷ്ടമായ വിവരം ലഭിച്ചത്.
വീട്ടുകാർ അണിഞ്ഞ 15 പവൻ സ്വർണാഭരണമാണ് മോഷണം പോയത്. മാരിയമ്മയെ ഇവരുടെ വീട്ടിലെത്തിച്ച തമിഴ്നാട് സ്വദേശിയെ ചോദ്യം ചെയ്തതിൽ നിന്ന് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടില്ല. ഇയാൾ പരസ്പര വിരുദ്ധമായ വിവരങ്ങളാണ് നൽകുന്നത്. ഇത് പോലിസിനെ കുഴക്കുന്നുണ്ട്.