ആലപ്പുഴ: വയോധികയെ വീടിനുമുന്നിൽ ചോരവാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. തുന്പോളി പള്ളിക്ക് സമീപമാണ് സംഭവം. തുന്പോളി കൊച്ചുതൈയ്യിൽ വീട്ടിൽ മറിയാമ്മ രാജപ്പൻ (79) ആണ് ഇന്ന് പുലർച്ചയോടെ വീടിനുമുന്നിലെ കാർപോർച്ചിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. പുലർച്ചെ പത്രവിതരണത്തിനെത്തിയ ആളാണ് വൃദ്ധയെ മരിച്ച നിലയിൽ കണ്ടത്. പോലീസിൽ അറിയിച്ചതിനെത്തുടർന്ന് ആലപ്പുഴ നോർത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഭർത്താവ് മരിച്ച ഇവർ മക്കളില്ലാത്തതിനാൽ കുറേ വർഷങ്ങളായി ബന്ധുക്കളുടെ കൂടെയായിരുന്നു താമസം. ബന്ധുവിന്റെ ചികിത്സയുടെ ആവശ്യത്തിനായി വീട്ടിലുള്ളവർ തിരുവനന്തപുരത്ത് പോയതിനാൽ രണ്ടുമൂന്നുദിവസമായി ബന്ധുവിന്റെ വീടായ തോട്ടത്തിൽവീട്ടിൽ ഒറ്റയ്ക്കാണ് കഴിഞ്ഞത്. പുലർച്ചെ ഗേറ്റ് തുറക്കാനായി പുറത്തേക്കിറങ്ങവെ തെന്നിതലയടിച്ചുവീണ് മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൈയിൽ ഗേറ്റിന്റെ താഴും താക്കോലും കാണപ്പെട്ടതാണ് ഈ നിഗമത്തിലേക്കെത്തപ്പെടാൻ കാരണം. എന്നാൽ ശരീരത്തിലെ പല ഭാഗങ്ങളിലും മാംസം അടർന്ന നിലയിൽ കാണപ്പെട്ടതിനാൽ വിശദമായ പരിശോധന ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഫോറൻസിക് വിരലടയാള വിദഗ്ധർ സ്ഥലം പരിശോധിക്കും. ഡോഗ് സ്ക്വാഡിന്റെ പരിശോധനയുമുണ്ടാകും. മരണത്തിൽ ദുരൂഹതയുള്ളതായി ഇതുവരെ വിവരമില്ല.