റാന്നി: കേരളത്തില്‍ കോവിഡിനെ ആദ്യം പരാജയപ്പെടുത്തി ജീവിതത്തിലേക്കു തിരിച്ചുവന്ന വയോധിക ദമ്പതികളില്‍ മറിയാമ്മയും വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നു മരിച്ചു.
റാന്നി ഐത്തല പട്ടയില്‍ പരേതനായ ഏബ്രഹാം തോമസിന്റെ ഭാര്യ മറിയാമ്മ തോമസാണ് (91) മരിച്ചത്. സംസ്കാരം ഇന്നു മൂന്നിന് ഐത്തല സെന്റ് കുര്യാക്കോസ് പള്ളിയില്‍.
തോട്ടമണ്‍ കുന്നത്തേത്ത് മേപ്പാരത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ്, വത്സമ്മ, മോനച്ചന് (ഇറ്റലി), പരേതനായ കുഞ്ഞുമോന്. മരുമക്കള്‍: ഓമന, ജയിംസ്, രമണി.
2020 മാര്‍ച്ച് എട്ടിന് മറിയാമ്മയുടെ മകന് ഇറ്റലിയില്‍നിന്നെത്തിയ മോനച്ചനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിക്കുകയും പിന്നാലെ കുടുംബത്തിലെ മറ്റുള്ളവരും കോവിഡ് പോസിറ്റീവാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേരളത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും കോവിഡ് വ്യാപനം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തത്.
അന്ന് 92 വയസുണ്ടായിരുന്ന ഏബ്രഹാം തോമസിനും ഭാര്യക്കും കോവിഡ് ബാധിച്ചത് ഏറെ ആശങ്കയോടെ രാജ്യത്താകമാനം ശ്രദ്ധിക്കപ്പെട്ടു.
എന്നാ ൽ, കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരുമാസത്തിലേറെ നീണ്ട ചികിത്സകള്‍ക്കൊടുവില്‍ ഇരുവരും ജീവിതത്തിലേക്കു തിരിച്ചുവന്നു.
2020 ഡിസംബറില്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏബ്രഹാം തോമസ് അന്തരിച്ചു. കോവിഡുകാലത്തെ അനുഭവങ്ങളുമായി വീണ്ടും മറിയാമ്മ സാധാരണ ജീവിതം നയിച്ചുവരികയായിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് മരിച്ചത്.