കൊച്ചി: എറണാകുളം നോര്‍ത്ത് മാരിയമ്മന്‍ കോവിലില്‍ മോഷണം നടത്തിയ കേസില്‍ രണ്ടു പേര് അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി സുജില്‍(20), തമിഴ്നാട് സ്വദേശി അളഗപ്പന് (50) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍. ആഷിഖ്, ടി.എസ്.രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 16 നായിരുന്നു സംഭവം. ക്ഷേത്രത്തിന്റെ കിഴക്കേ ഭിത്തിയില്‍ ഉണ്ടാക്കിയിട്ടുള്ള ചതുരാകൃതിയിലുള്ള ദ്വാരം അടച്ചുപൂട്ടിയിരുന്ന ഇരുമ്പ് വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകയറി ഓഫീസ് മുറിയിലെ ഷെല്‍ഫിലെ ഡ്രോയില്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും സിസിടിവി കാമറയുടെ ഡിവിആറും ഒരു മൊബൈല്‍ഫോണും അടക്കം 20,000 രൂപ വിലവരുന്ന വസ്തുക്കള്‍ പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു.
ക്ഷേത്രഭാരവാഹികളുടെ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് ഇന്നലെ ഇരുവരും എറണാകുളം സൗത്ത് ഭാഗത്ത് നിന്ന് അറസ്റ്റിലായത്. എസ്സിപിഒമാരായ പ്രവീണ്‍കുമാര്‍, സുനില്‍കുമാര്‍, വിബിന്, ഉണ്ണികൃഷ്ണന്, സിപിഒമാരായ റിനു, ലിബിന് രാജ്, തങ്കരാജ്, ഉമേഷ്, ജിത്തു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.