കൊച്ചി: അന്തർസംസ്ഥാന മോഷ്ടാവ് മരിയാർ ഭൂതം കൊച്ചിയിൽ പിടിയിൽ. മരിയാർ ഭൂതം എന്നു വിളിക്കുന്ന ചെന്നൈ വെപ്പേരി പുരസൈവാക്കം ലോറൻസ് ഡേവിഡിനെയാണ് പാലാരിവട്ടം പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഒരു മാസമായി എറണാകുളം സൗത്ത് ഭാഗത്തുള്ള ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇയാൾ. പകൽ മുറിക്കുള്ളിൽ കഴിയുകയും രാത്രിയിൽ ബൈക്കിൽ കറങ്ങിയുമാണ് ഇയാൾ മോഷണം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
ചെന്നൈയിൽ ഒരു മോഷണക്കേസിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കിയതോടെയാണ് ഇയാൾ കേരളത്തിലേക്കെത്തിയത്. 2018 നവംബറിൽ പോണ്ടിച്ചേരി ജയിലിൽ നിന്നു ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാൾ കേരളത്തിലെത്തി തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തി ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെയാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലാകുന്നത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണ്. തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലുമായി 33 കേസുകളിൽ ഇതിനോടകം ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മറ്റു കേസുകളുടെ വിചാരണ നടക്കുന്നതിനിടെയാണ് ഇയാൾ ഒളിവിൽ പോയതെന്ന് തമിഴ്നാട് പോലീസ് അറിയിച്ചു.
കഴിഞ്ഞ 40 വർഷമായി കേരളം, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി 400 വീടുകളും, കടകളും കുത്തിത്തുറന്ന് പ്രതി മോഷണം നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. 20 വർഷത്തിലധികം ശിക്ഷ അനുഭവിച്ച് തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും വിവിധ സെൻട്രൽ ജയിലുകളിൽ തടവിൽ കഴിഞ്ഞിട്ടുണ്ട്.