കൊച്ചി: കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷ്ടാവ് മരിയാര്‍ പൂതം (ജോണ്സണ്-55) കൊച്ചി നഗരത്തില്‍ വീണ്ടും മോഷണം ആരംഭിച്ചതോടെ ഉറക്കം നഷ്ടപ്പെട്ട് പോലീസ്.
കഴിഞ്ഞദിവസം എറണാകുളം നോര്‍ത്ത്, എസ്ആര്‍എം റോഡിലും കതൃക്കടവിലുമാണ് മരിയാര്‍ പൂതം മോഷണം നടത്തിയത്. ഈ പ്രദേശങ്ങളിലെ രണ്ടു വീടുകളിലും ഒരു കടയിലുമാണ് ഇയാള്‍ കയറിയത്.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് മോഷണം നടത്തിയത് മരിയാര്‍ പൂതമാണെന്ന് തെളിഞ്ഞത്. ഇതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാത്രി പട്രോളിംഗ് കൂടുതല്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് നോര്‍ത്ത് പോലീസ് അറിയിച്ചു. കൂടാതെ ഇയാളുടെ അനുയായികളെന്ന് കരുതുന്ന ഏതാനും പേരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. കൂടുതലും ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ മോഷ്ടാക്കളാണെന്നും നേര്‍ത്ത് സിഐ വി.ബി.അനസ് പറഞ്ഞു.
ആരാണ് പൂതം
തമിഴ്നാട്ടിലെ കുളച്ചില്‍ സ്വദേശിയാണ് മരിയാര്‍ പൂതം. നോര്‍ത്ത് പോലീസ് സ്റ്റേഷനും പരിസരവും ഇയാളെ ഏറെ പരിചിതമാണ്. വളരെ ചെറുപ്പത്തില്‍ ജോലി അന്വേഷിച്ച് കൊച്ചിയിലെത്തിയ ഇയാള്‍ എസ്ആര്‍എം റോഡിലാണ് അന്ന് താമസിച്ചിരുന്നത്.
നാഗര്‍കോവിലില്‍നിന്നും കൊച്ചിയിലെത്തുന്ന ഇയാള്‍ മോഷണം നടത്താനുദേശിക്കുന്ന വീട് നേരത്തെ കണ്ടുവയ്ക്കും. രാത്രി ഈവീടിന്റെ മുകളിലോ, പരിസരത്തോ കിടന്നുറങ്ങും. തുടര്‍ന്ന് വീട്ടിലുള്ളവര്‍ ഉറങ്ങിക്കഴിയുമ്പോള്‍ പൂതം മോഷണം നടത്തി പുലര്‍ച്ചെ ട്രെയിനില്‍ നാഗര്‍കോവിലിലേക്ക് തന്നെ മടങ്ങും.
ഇയാളുടെ രീതി ഇതായിരുന്നതിനാല്‍ പോലീസിന് ഇയാളെ പലപ്പോഴും പിടികൂടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ 2018 മാര്‍ച്ച് 24 ന് നോര്‍ത്ത് പോലീസിന്റെ പിടിയിലായ ഇയാള്‍ ശിക്ഷിക്കപ്പെട്ടു ജയിലിലായി. നാലു മാസം മുമ്പാണ് പുറത്തിറങ്ങിയത്.
അന്ന് മരിയാര്‍ പൂതം നഗരത്തിലേക്കെത്തിയേക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മോഷണത്തിന് ശേഷം ഇയാള്‍ നഗരം വിട്ടിട്ടുണ്ടാകില്ലെന്നാണ് പോലീസ് നിഗമനം.
കോവിഡിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ കുറവായതിനാല്‍ വന്നു പോയി മോഷണം നടത്താന്‍ സാധിക്കില്ല. അതിനാല്‍ ഇയാള്‍ നഗരത്തില്‍ തന്നെയുണ്ടാകുമെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.