കൊച്ചി: എറണാകുളം നോര്‍ത്ത് നിവാസികളുടെ ഉറക്കംകെടുത്തി കുപ്രസിദ്ധ അന്തര്‍സംസ്ഥാന മോഷ്ടാവ് “മരിയാര്‍ പൂതം’ (ജോണ്സണ്). കുളച്ചല്‍ സ്വദേശിയായ ഇയാള്‍ ഈ മാസം ഇതുവരെ എറണാകുളം നോര്‍ത്ത് പോലീസ് പരിധിയില്‍ രണ്ടിടങ്ങളില്‍ മോഷണം നടത്തിയപ്പോള്‍ എട്ടിടങ്ങളില്‍ മോഷണ ശ്രമങ്ങളും നടത്തി.
ഏറെ ഇഷ്ടം നോർത്ത് പോലീസ് അതിർത്തി
നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ടെങ്കിലും ഏറെ നാളായി മരിയാര്‍ പൂതത്തിന് ഏറ്റവും പ്രിയപ്പെട്ട സ്ഥലം എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന് അതിര്‍ത്തിയാണ്.
ഏതാനും വര്‍ഷങ്ങളായി ഇവിടെ മാത്രമാണു ഇയാള്‍ മോഷണം നടത്തുന്നത്. മതില് ചാടിയും മതിലിലൂടെ അതിവേഗം ഓടിയും മോഷണം നടത്തുന്ന മരിയാര്‍ പൂതത്തിന് ചെറിയ ചെറിയ മോഷണങ്ങളിലാണു താത്പര്യം. പിടിച്ചാലുടന്‍ കുറ്റസമ്മതം നടത്തും.
ശിക്ഷ കഴിഞ്ഞ് ഇറങ്ങിയാല്‍ പഴയ ജോലി തന്നെ തുടരുകയും ചെയ്യും. രണ്ടു വര്‍ഷംമുമ്പ് ഇത്തരത്തില്‍ പിടിയിലായി ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയശേഷമാണ് വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നതത്രേ.
കഴിഞ്ഞദിവസം സിസിടിവി ദൃശ്യങ്ങളില്നിന്നുമാണു നഗരവാസികളുടെ ഉറക്കംകെടുത്തുന്ന കള്ളനെ തിരിച്ചറിഞ്ഞത്. രണ്ടിടങ്ങളില്‍നിന്നായി എണ്ണൂറോളം രൂപ മാത്രമാണ് മോഷ്ടിച്ചിട്ടുള്ളതെങ്കിലും ആള് നിസാരക്കാരനല്ലെന്ന് പോലീസ് പറയുന്നു.
തമിഴ്നാട് സ്വദേശി
ആറാംവയസിലാണു തമിഴ്നാട് കുളച്ചല്‍ സ്വദേശിയായ മരിയാര്‍ പൂതം എറണാകുളത്ത് എത്തിയതെന്നാണു വിവരങ്ങള്‍. എസ്ആര്‍എം റോഡിലായിരുന്നു താമസം. ഇതിനാല്‍തന്നെ പരിസരപ്രദേശങ്ങള്‍ പൂതത്തിന് അറിയാം.
ഇയാള്‍ ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങി എന്നറിഞ്ഞാല്‍ ഉടന്‍ പോലീസ് രാത്രി പട്രോളിംഗ് ശക്തമാക്കും. എന്നാല്‍, രാത്രി റോഡില്‍ തലങ്ങും വിലങ്ങും പട്രോളിംഗ് നടത്തിയാലും മരിയാര്‍പൂതത്തെ പിടികൂടാന്‍ കഴിയില്ല.
വീട് നേരത്തെ കണ്ടുവയ്ക്കും
ട്രെയിനില്‍ നാഗര്‍കോവിലില്‍നിന്ന് എറണാകുളത്തെത്തുന്ന പൂതം, മോഷണം നടത്താനുദേശിക്കുന്ന വീട് നേരത്തേ കണ്ടുവയ്ക്കും. രാത്രി പത്തോടെ ഈ വീടിന്റെ മുകളിലോ പരിസര പ്രദേശങ്ങളിലോ കിടന്നുറങ്ങും.
ശേഷം എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍ പൂതം ഉണരും. ശേഷം വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണു രീതി. പരിസരപ്രദേശത്തുതന്നെ വിശ്രമിച്ച് പുലര്‍ച്ചെ അഞ്ചരയാകുന്നതോടെ ഇവിടെനിന്നിറങ്ങി, തീവണ്ടി മാര്‍ഗം നാഗര്‍കോവിലിലേക്കു കടക്കും.
ഇതുമൂലം പലപ്പോഴും ഇയാള്‍ പോലീസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാറാണു പതിവ്.
ജാഗ്രത വേണം
പൂതം മോഷണം വീണ്ടും പതിവാക്കിയതോടെ ജാഗരൂകരാകണമെന്ന് നോര്‍ത്ത് പോലീസ് ജനങ്ങളോട് നിര്‍ദേശിച്ചു കഴിഞ്ഞു. നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടാനുള്ള നീക്കങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി നഗരത്തില്‍ ആലോചനായോഗം കൂടി. എസ്ആര്‍എം റോഡ് റസിഡന്റ്സ് അസോസിയേഷനുകളുടെ ഐക്യവേദി ഇന്നലെയാണു യോഗം ചേര്‍ന്നത്. പോലീസും ജനപ്രതിനിധികളുമടക്കം ഇരുനൂറോളം പേര് പങ്കെടുത്തു.
വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് മരിയാര്‍ പൂതത്തെ കണ്ടെത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. എസ്ഐ വി.ബി. അനസ്, കൗണ്‍സിലര്‍ കാജല്‍ സലീം, ഐക്യവേദി സെക്രട്ടറി എ. പൗലോസ്, പ്രസിഡന്റ് പ്രഫ. വി.യു. നൂറുദ്ദീന്‍, ഷംസീര്‍ ദറാര്‍, ടി.കെ. മൂസ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.