കൊച്ചി: 40 വർഷത്തിനിടെ 400 ൽ അധികം മോഷണം നടത്തിയ അന്തർസംസ്ഥാന കുറ്റവാളിയെ കസ്റ്റഡിയിൽ വാങ്ങി പോലീസ് ചോദ്യം ചെയ്തേക്കും. എറണാകുളത്തെ വിവിധ പ്രദേശങ്ങളിൽ മോഷണം നടത്തിയ തമിഴ്നാട്ടിലെ മരിയാർ ഭൂതം എന്നറിയപ്പെട്ടിരുന്ന ചെന്നൈ വെപ്പേരി പുരസൈവാക്കം ന്യൂ നന്പർ -7ൽ ദാവീദിന്റെ മകൻ ലോറൻസ് ഡേവിഡിനെ (ഗോപി-62) യാണ് കൂടുതൽ ചോദ്യം ചെയ്യുക. പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിടിയിലായ പ്രതി നിലവിൽ റിമാൻഡിൽ കഴിഞ്ഞുവരികയാണ്.
കേരളത്തിലും തമിഴ്നാട്ടിലും കവർച്ച നടത്തി പോലീസിനെ കബളിപ്പിച്ച് മുങ്ങിനടന്ന പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയിരുന്നത്. കേരളത്തിൽ എറണാകുളം സൗത്ത്, നോർത്ത് പോലീസ്, സെൻട്രൽ പോലീസ്, തിരുവനന്തപുരം വഞ്ചിയൂർ പോലീസ് സ്റ്റേഷൻ, മ്യൂസിയം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിരവധി മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണ്.
ഇയാൾക്കെതിരേ കേസുകളുള്ള വിവിധ പോലീസ് സ്റ്റേഷനുകളിൽ വിവരം അറിയിച്ചതായും കോടതിയുടെ അനുമതിയോടെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുമാണ് അധികൃതരുടെ തീരുമാനം. പാലാരിവട്ടം സൗത്ത് ജനതാ റോഡിലെ സ്ഥാപനത്തിൽനിന്നു 1,10,000 രൂപ കവർന്ന കേസിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെ പോലീസിനെ കണ്ട് ബൈക്കിൽ പാഞ്ഞുപോയ പ്രതിയെ പിന്തുടർന്ന് സാഹസികമായി കീഴടക്കുകയായിരുന്നു.
ഇയാൾക്കെതിരേ പാലാരിവട്ടം പോലീസിൽ മറ്റ് പരാതികൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഒരു മാസമായി ഇയാൾ എറണാകുളം സൗത്ത് ഭാഗത്തുള്ള ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചുവരികയായിരുന്നു.
പകൽ മുറിക്കുള്ളിൽ കഴിയുകയും രാത്രിയിൽ ബൈക്കിൽ കറങ്ങിയുമാണ് ഇയാൾ മോഷണം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.