നിരവധി മോഷണ കേസുകളില്‍ പ്രതിയായ മരിയാര്‍ പൂതമെന്നു വിളിപ്പേരുള്ള തമിഴ്നാട് കുളച്ചല്‍ സ്വദേശി ജോണ്സന് (53) പിടിയിലായതു മറ്റൊരു മോഷണത്തിനു കോപ്പുകൂട്ടവേ. ശനിയാഴ്ച രാത്രി എറണാകുളം നോര്‍ത്തിലെ സ്വകാര്യ ആശുപത്രിക്കു സമീപമുള്ള കടയില്‍നിന്നു ഭക്ഷണം വാങ്ങാനെത്തവേയാണു ഇയാളെ പിടികൂടിയത്. ശനിയാഴ്ച മരിയാര്‍ പൂതം കൊച്ചിയിലെത്തുമെന്നു പോലീസിനു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിപിടിയിലായത്. ശനിയാഴ്ച വൈകിട്ട് മുതല്‍ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നോര്‍ത്ത് പോലീസിനോട് നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നു വൈകിട്ട് മുതല്‍ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപവും പരിസര പ്രദേശങ്ങളിലും പോലീസിന്റെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കി.
പ്രതി ഏറ്റവും കൂടുതല്‍ മോഷണം നടത്തിയിട്ടുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ പട്രോളിംഗ്. വിവിധ സ്ഥലങ്ങളിലൂടെ കറങ്ങുന്നതിനിടെ നോര്‍ത്തിലെ സ്വകാര്യ ആശുപത്രിയ്ക്കു സമീപം എത്തിയപ്പോഴാണ് ‘ഏറെ പരിചയമുള്ള’ വ്യക്തി കണ്ണില്‍ ഉടക്കുന്നത്. ഇയാള്‍ മരിയാര്‍ പൂതമെന്നു തിരിച്ചറിഞ്ഞ പോലീസ് പിന്നാലെകൂടി. സമീപത്തെ കടയില്‍നിന്നു ഭക്ഷണം ഓര്‍ഡര്‍ ചെയ്യവേ പ്രതിയുടെ തോളില്‍ കൈയ് വച്ച് ജോണ്സനല്ലേയെന്ന് ചോദിച്ചു. തിരിഞ്ഞുനോക്കിയ പ്രതി ഓടിരക്ഷപ്പെടുവാനോ പ്രതിരോധിക്കുവാനോ തയ്യാറായില്ല. അതേയെന്നു ഉത്തരം പറയേണ്ട താമസം പ്രതിയുമായി പോലീസ് നേരെ പോലീസ് ജീപ്പിലേക്കും തുടര്‍ന്നു സ്റ്റേഷനിലേക്കും തിരിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ മറ്റൊരു മോഷണത്തിന് കോപ്പുകൂട്ടിയാണ് എത്തിയതെന്ന വിവരം പോലീസിനു ലഭിച്ചത്.
എറണാകുളം കലൂരിലും പരിസര പ്രദേശങ്ങളിലും ഉള്‍പ്പെടെ കഴിഞ്ഞ മാസങ്ങളില്‍ നടന്ന മോഷണത്തിനു പിന്നില്‍ ഇയാളാണെന്നു തിരിച്ചറിഞ്ഞ പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നെങ്കിലും പിടിയിലാകാതെ മരിയാര്‍ പൂതം വീണ്ടും വീണ്ടും മോഷണം നടത്തികൊണ്ടേയിരിന്നു. ജോണ്‍സണെ പിടികൂടാനായി നേരത്തെ പോലീസ് സംഘം പ്രതിയുടെ നാടായ കുളച്ചലില്‍ എത്തിയിരുന്നു. തമിഴ്നാട് പോലീസിലുള്ള മരിയാര്‍ പൂതത്തിന്റെ ഒരു ബന്ധു ഈ വിവരം ചോര്‍ത്തി നല്‍കിയതോടെ പോലീസ് വീട്ടില്‍ എത്തുന്നതിനു മിനിറ്റുകള്‍ മുമ്പ് പ്രതി മുങ്ങി. തന്നെ അന്വേഷിച്ചെത്തിയ നോര്‍ത്ത് പോലീസിനോടുള്ള ദേഷ്യത്തില്‍ ജോണ്സണ് കൊച്ചിയിലെത്തി കലൂര്‍ ഷേണായ് റോഡ്, ആസാദ് റോഡ് ഭാഗങ്ങളില്‍ പരക്കെ മോഷണം നടത്തി. ഇതിന്റെ അന്വേഷണം തുടങ്ങിയ പോലീസ് സംഘത്തിന് ഇയാള്‍ വാക്കത്തിയുമായി പതുങ്ങിപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.
പോലീസ് പട്രോളിംഗ് ശക്തമാക്കിയെങ്കിലും അതിനിടയിലും ഇയാള്‍ മോഷണം തുടര്‍ന്നു. അതോടെ സിറ്റി പോലീസ് കമ്മീഷണര്‍ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്കി. പ്രതിയുടെ പടങ്ങള്‍ സഹിതം നാടുനീളെ പോസ്റ്ററുകള്‍ പതിക്കുകയും സമൂഹ്യമാധ്യമങ്ങളിലും പ്രചാരണം നടത്തിയിരുന്നു. പോലീസ് തന്നെ വിടാതെ പിന്തുടരുന്നുണ്ടെന്നു വ്യക്തമായതോടെ ജോണ്സണ് പുതുവഴികള്‍ തേടി. തന്റെ ഫോണ്‍ ഉപേക്ഷിക്കുകയാണ് ആദ്യം ചെയ്തത്. കുളച്ചലില്‍നിന്നു കുടുംബസമേതം താമസവും മാറ്റി. ഇതോടെ പോലീസിന്റെ വഴികള്‍ അടഞ്ഞു. എങ്കിലും പ്രതിയെ പിടികൂടുന്നതില്‍നിന്നും പിന്തിരിയാതെ പോലീസ് നടത്തിയ അന്വേഷണമാണ് അവസാനം ഫലം കണ്ടത്.
ആക്രിക്കച്ചവടത്തിന്റെ മറവില്‍ തുടക്കം
വര്‍ഷങ്ങള്‍ക്കുമുമ്പേ കൊച്ചിയില്‍ താമസമാക്കയ മരിയാര്‍ പൂതത്തിനു കൊച്ചിയുടെ മുക്കും മൂലയും മനപാഠമാണ്. കലൂര്‍ എസ്ആര്‍എം റോഡ്, ആസാദ് റോഡ്, ഷേണായ് റോഡ് കത്രികടവ് ഭാഗങ്ങളില്‍ വര്‍ഷങ്ങളോളം ആക്രിക്കച്ചവടം നടത്തി. ഇതിനിടെ മോഷണങ്ങള്‍ നടത്തിയെങ്കിലും പോലീസിന്റെ പിടിവീണില്ല. ആക്രികച്ചവടത്തിന്റെ മറവില്‍ ഇയാള്‍ നിരവധി മോഷണം നടത്തി പിന്നീട് നാടുവിടുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്. ജോണ്‍സണിന്റെ പല മോഷണങ്ങളിലും പങ്കാളിയായതു ഭാര്യ പുനിതയായിരുന്നുവെന്നു പോലീസ് പറയുന്നു. പുനിതയെ എറണാകുളം നോര്‍ത്ത് പോലീസ് 2012ല്‍ പിടികൂടിയിരുന്നു. ഇവര്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. മരിയാര്‍പൂതം മോഷ്ടിക്കുന്ന സാധനങ്ങള്‍ കൂടുതലും വിറ്റിരുന്നതു ഇവരായിരുന്നു.
കവര്‍ച്ചയ്ക്കു പ്രത്യേകതകള്‍
മരിയാര്‍ പൂതത്തിന്റെ മോഷണത്തിനു പ്രത്യേകതകള്‍ നിരവധിയുണ്ട്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളാണു കവര്‍ച്ചയ്ക്കായി കൂടുതലായും തെരഞ്ഞെടുക്കുന്നത്. പുറത്തുനിന്നു സ്റ്റെയര്‍കേസ് ഉള്ളതും മതിലുകള്‍ ഉള്ളതുമായ വീടുകളാണു കൂടുതല്‍ ഇഷ്ടം. ഒന്നാംനിലയിലെ വാതില്‍ കുത്തിപ്പൊളിച്ചു മാത്രമേ അകത്തു കടക്കൂ. ആളനക്കം കേട്ടാല്‍ പതുങ്ങിയിരിക്കുന്ന മരിയാര്‍ പൂതം റോഡ് വിട്ടു മതിലുകള്‍ക്കു മുകളില്‍ കൂടി സഞ്ചരിക്കുന്നതിനാല്‍ പോലീസിന്റെയും നാട്ടുകാരുടെയും കണ്ണില്പെടുമായിരുന്നില്ല. കലൂര്‍ ഭാഗങ്ങളില്‍ നിരവധി വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നതും ജോണ്‍സണു സഹായമായി. മോഷണം നടത്തിയാല്‍ ഉടന്‍ സ്ഥലത്തുനിന്നു മുങ്ങും. പിന്നീട് അടുത്ത മോഷണത്തിനു മാത്രമായാണ് ഇയാള്‍ കൊച്ചിയിലെത്തൂ. ട്രെയിനില്‍ എത്തി മോഷണം കഴിഞ്ഞു ട്രെയിനില്‍തന്നെ മടങ്ങും. ഇതു മനസിലാക്കിയ പോലീസ് സംഘം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലും പരിസരങ്ങളിലും നിരീക്ഷണം ശക്തമാക്കി. ആഴ്ചകള്‍ നീണ്ട ആ കാത്തിരിപ്പിന് ഒടുവില്‍ ഫലവുമുണ്ടായി.