ആലത്തൂർ: മറിയത്തിനു സ്കൂളിൽ പോകണമെന്ന ആഗ്രഹം സഫലമാകണമെങ്കിൽ ഭീമമായ ചികിത്സാ ചെലവിനുള്ള പണം കണ്ടെത്തണം.
ഓടിക്കളിച്ച് നടക്കേണ്ട പ്രായത്തിൽ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച് ദുരിതമനുഭവിക്കുന്ന അഞ്ചരവയസുകാരി മറിയം നാടിന്റെയാകെ വേദനയാണ്.
മറിയത്തിന്റെ കുടുംബം കഴിയുന്നത് മുഖാവരണം വിറ്റു കിട്ടുന്ന വരുമാനം കൊണ്ടാണ്.
ചിറ്റിലഞ്ചേരി കടന്പിടിയിലെ നിഷയുടെ മകൾ മറിയം ഇത്തവണ ചിറ്റില്ലഞ്ചേരി പികഐംഎയുപി സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നു.
പഠിക്കാൻ ഒത്തിരി ഇഷ്ടമാണ് അവൾക്ക്. ഇപ്പോൾ ഒറ്റയ്ക്ക് നടക്കാൻപോലും സാധിക്കാത്ത സ്ഥിതിയാണ്. പണമില്ലാത്തതിനാൽ ചികിത്സയുമില്ല.
പലജോലിക്കും ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് നിഷ പ്രീപ്രൈമറി ടീച്ചർ ട്രെയിനിംഗിനു പോയത്.
ജോലി കിട്ടിയപ്പോൾ 3,000 രൂപയാണ് മാസശന്പളം കിട്ടിയത്. ഒടുവിൽ അതുപേക്ഷിച്ച് അഞ്ചുരൂപയുടെ മുഖാവരണം വിറ്റാണ് ഇപ്പോൾ കുടുംബചെലവുകൾ നടത്തുന്നത്.
പുറത്തുപോകുന്പോൾ മുത്തച്ഛന്റെ സംരക്ഷണയിലാണ് മറിയം. ഇദ്ദേഹത്തിന് പ്രമേഹം ബാധിച്ച് കാഴ്ച കുറഞ്ഞിരിക്കുകയാണ്.
കുട്ടിയുടെ വലത്തെ കാലിലെ എല്ല് വളയാൻ തുടങ്ങിയതോടെ ഒരുവർഷം മുന്പ് ശസ്ത്രക്രിയ നടത്തി പ്ലേറ്റുകൾ വച്ചുപിടിപ്പിച്ചു.
വളവ് മാറിയാൽ കാലിൽ ഘടിപ്പിച്ച പ്ലേറ്റുകൾ മാറ്റുകയും വേണം. അതിനും ഭാരിച്ച തുക ആവശ്യമാണ്. അതുവരെ മറിയത്തിന് കാൽ മടക്കാനുമാവില്ല. ഇപ്പോൾ നട്ടെല്ലിനും വളവ് ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
അധികമായാൽ ശ്വാസകോശം ചുരുങ്ങുമെന്നതിനാൽ എത്രയും വേഗം ചികിത്സ തുടങ്ങണമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.
അഞ്ചുമാസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് പരിശോധന നടത്തുന്നത്. പണമില്ലാത്തതിനാൽ ചികിത്സ തുടരാനുമായിട്ടില്ല. വർഷങ്ങൾ നീളുന്ന ചികിത്സയ്ക്ക് അഞ്ചുകോടി രൂപയോളം വേണ്ടിവരും.