തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള സാങ്കേതിക സർവകലാശാല പരീക്ഷ നടത്തിപ്പിലും ജലീൽ ഇടപെട്ടു. പരീക്ഷാ നടത്തിപ്പ് ചുമതല ആറംഗ സമിതിക്കു നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പരീക്ഷ നടത്തിപ്പിനും ചോദ്യപേപ്പർ തയാറാക്കുന്നതിനും കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റി അംഗങ്ങളെ മന്ത്രിയുടെ നിർദേശപ്രകാരമാണ് നിയമിച്ചത്. മന്ത്രിയുടെ ഓഫീസ് നൽകിയ നിർദേശം വൈസ് ചാൻസലർ നടപ്പാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.
പരീക്ഷാ കണ്‍ട്രോളറുടെ ചുമതല സമിതിക്കായി മാറി. ഇതോടെ ചോദ്യപേപ്പർ തയാറാക്കുന്നതിന്റെ രഹസ്യസ്വഭാവം നഷ്ടമായി. ഡീനിന് പരീക്ഷാ നടത്തിപ്പിന്റെ ചുമതല നൽകിയതും ചട്ടവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ഗവർണർക്ക് ഇന്ന് വീണ്ടും കത്ത് നൽകും. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്നും ചെന്നിത്തല ആവര്‍ത്തിച്ചു.