കോട്ടയം: ബിടെക് വിദ്യാർഥിനിക്കു മാർക്ക് ദാനം ചെയ്തു വിജയിപ്പിച്ചെന്ന ആരോപണത്തിൽ എംജി യൂണിവേഴ്സിറ്റി പിവിസി അരവിന്ദ് കുമാറിനെ കെഎസ്യു പ്രവർത്തകർ തടഞ്ഞുവച്ചു. പ്രവർത്തകർ കാന്പസിനകത്തു കയറുകയും കവാടത്തിൽ കുത്തിയിരിക്കുകയും ചെയ്തതോടെ ഓഫീസിനുള്ളിൽ പിവിസിക്കു കയറാൻ കഴിഞ്ഞില്ല. തുടർന്നു മറ്റൊരു വഴിയിലൂടെ പിവിസിയെ ഓഫീസിനുള്ളിൽ കയറ്റി. ഇതിനുശേഷം പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
മാർക്ക് ദാനം ചെയ്തു വിജയിപ്പിച്ചെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. സാബു തോമസ് വിശദീകരിച്ചിരുന്നു. മന്ത്രി കെ.ടി. ജലീലോ പ്രൈവറ്റ് സെക്രട്ടറിയോ യൂണിവേഴ്സിറ്റിയെ സമീപിക്കുകയോ ഇക്കാര്യം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.
സർവകലാശാലാ പരീക്ഷാ ചട്ടങ്ങളനുസരിച്ചാണു സിൻഡിക്കറ്റ് മോഡറേഷൻ നൽകിയിട്ടുള്ളത്. ഒരു വിഷയത്തിനു മാത്രം തോറ്റതിനാൽ ബിടെക് കോഴ്സ് പൂർത്തീകരിക്കാൻ കഴിയാത്ത ഒരു വിദ്യാർഥിനി മോഡറേഷനുവേണ്ടി ഫെബ്രുവരി 22ന് യൂണിവേഴ്സിറ്റിയിൽ നടന്ന ഫയൽ അദാലത്തിൽ അപേക്ഷ നൽകിയിരുന്നു.
ഈ വിഷയം സർവകലാശാല അക്കാദമിക് കൗണ്‍സിലിന്റെ പരിഗണനയ്ക്കു സമർപ്പിച്ചു. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അദാലത്തിൽ പങ്കെടുത്തെങ്കിലും മന്ത്രി കെ.ടി. ജലീൽ അദാലത്തിൽ നേരിട്ടു പങ്കെടുക്കാതെ വീഡിയോ കോണ്‍ഫറൻസിംഗിലൂടെയാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിരുന്നെങ്കിലും അദാലത്തിൽ പങ്കെടുത്തു പ്രസംഗിച്ചു മടങ്ങുകയാണു ചെയ്തത്.
ബിടെക് കോഴ്സ് എപിജെ അബ്ദുൾകലാം ടെക്നോളജിക്കൽ സർവകലാശാലയിലേക്കു പൂർണമായി മാറിയതിനാൽ സപ്ലിമെന്ററി വിദ്യാർഥികൾ മാത്രമാണ് എംജി സർവകലാശാലയിൽ തുടരുന്നത്.
ഒരു വിഷയത്തിനുമാത്രം തോറ്റതുമൂലം ബിടെക് കോഴ്സ് പൂർത്തീകരിക്കാൻ സാധിക്കാത്ത നിരവധി വിദ്യാർഥികൾ സർവകലാശാലയെ സമീപിച്ച സാഹചര്യത്തിൽ ഏപ്രിൽ 30നു കൂടിയ സിൻഡിക്കറ്റ് വിഷയം പരിഗണിച്ചു. ഒരു വിഷയത്തിനു മാത്രം പരാജയപ്പെട്ടതിനാൽ ബിടെക് കോഴ്സ് പൂർത്തീകരിക്കാൻ കഴിയാത്തവർക്കു പരമാവധി അഞ്ചു മാർക്കു വരെ മോഡറേഷൻ നൽകാൻ തീരുമാനിച്ചു.
നിരവധി വിദ്യാർഥികൾക്ക് ഇതിന്റെ ആനുകൂല്യം ഇതിനകം ലഭിച്ചിട്ടുണ്ട്. സർവകലാശാലാ പരീക്ഷാ ചട്ടങ്ങൾ പ്രകാരമാണ് സിൻഡിക്കറ്റ് മോഡറേഷൻ അനുവദിച്ചതെന്നും പ്രഫ. സാബു തോമസ് പറഞ്ഞു.