കോഴിക്കോട്: സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിംഗ് എന്ന പേരില്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി പേരുടെ കൈയില്‍ നിന്നു കോടികള്‍ കൈക്കലാക്കി മുങ്ങിയ യുവതിക്കു തണലായി നിന്നതു കുടുംബമെന്നു പോലീസ്. തിരുവനന്തപുരം മലയന്‍കീഴ് മൈക്കിള്‍ റോഡില്‍ ശാന്തന്മൂല കാര്‍ത്തിക ഹൗസില്‍ ബി.ടി. പ്രിയങ്ക (30)യാണ് കഴിഞ്ഞദിവസം പിടിയിലായത്.
തട്ടിപ്പു കേസിൽ ഇന്നലെ തിരുവമ്പാടി പോലീസ് എട്ടു മണിക്കൂറോളം ഇവരെ ചോദ്യം ചെയ്തിരുന്നു. പ്രിയങ്കയുടെ അമ്മയും സഹോദരന് രാജീവും ആണ്‍സുഹൃത്ത് ഷംനാസും കൃത്യത്തില്‍ പങ്കാളികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ആഡംബര ജീവിതം നയിച്ചിരുന്ന ഇവര്‍ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചത്.
നിയമോപദേശം ഇവര്‍ക്കു ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. പണം തിരിച്ചുനല്കിയതായി പറയുന്നുണ്ടെങ്കിലും ആ രേഖകളൊന്നും ഇവര്‍ ഉദ്യോഗസ്ഥരെ കാണിച്ചിട്ടില്ലെന്നാണു വിവരം.പ്രതിയെ അറസ്റ്റ് ചെയ്ത തിരുവമ്പാടി പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ചോദ്യം ചെയ്യലിനു നേതൃത്വം നല്കിയതും.
മാനന്തവാടി ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന യുവതിയെ ചോദ്യം ചെയ്യാന്‍ കോടതി പോലീസിന് അനുമതി നല്‍കിയിരുന്നു. തിരുവമ്പാടി സ്വദേശിയുടെ 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ പരാതിക്കാരന്റെ ആരോപണം പൂര്‍ണമായും നിഷേധിച്ചു. ഇയാള്‍ക്കു മുഴുവന്‍ തുകയും തിരിച്ചുനല്‍കിയിട്ടുണ്ട് എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.
ഇവരുടെ ബാങ്ക് രേഖകളും മൊബൈലിലൂടെ പണമിടപാടു നടത്തിയതിന്റെ രേഖകളും ഉടൻ പരിശോധിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. കടവന്ത്രയില്‍ ട്രേഡിംഗ് ബിസിനസ് സ്ഥാപനം ഉണ്ടെന്നായിരുന്നു ഇവരുടെ അവകാശവാദം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൂടാതെ കരമന, കടവന്ത്ര തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും പ്രിയങ്കയുടെ പേരില്‍ കേസുകള്‍ നിലവിലുണ്ട്.