കോട്ടയം: വിനോദ സഞ്ചാരികളുടെ കണ്ണുകൾക്ക് കുളിർമയേകുന്ന മാർമല അരുവി വെള്ളച്ചാട്ടം മനോഹരമാണെങ്കിലും അപകടസാധ്യത ഏറെയുള്ള സ്ഥലംകൂടിയാണ്.
കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇരുപതോളം പേരാണ് ഇവിടെ മുങ്ങിമരിച്ചത്.
ഇന്നലെ കൊച്ചി നേവൽ ബേസിലെ ഉദ്യോഗസ്ഥനായ അഭിഷേക് കുമാറും വെള്ളച്ചാട്ടത്തിൽ മുങ്ങിമരിക്കുകയായിരുന്നു.
അഭിഷേക് കുമാർ സുഹൃത്തുക്കൾക്കൊപ്പമെത്തി വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു. സഹപ്രവർത്തകർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
മഴക്കാലമായതിനാൽ തടാകത്തിൽ വെള്ളം കൂടുതലുണ്ടായിരുന്നു. മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് മാർമല അരുവി.
അരുവിയുടെ ഭാഗമായ 40 അടി ഉയരത്തിൽനിന്ന് താഴേക്ക് പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം ഏതൊരു സഞ്ചാരിക്കും മറക്കാനാകാത്ത അനുഭവമാണ്. അവധി ദിവസങ്ങളിൽ നിരവധി സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്.
ശക്തമായ വെള്ളച്ചാട്ടംമൂലം പാറ കുഴിഞ്ഞുണ്ടായതാണ് മാർമലയിലെ തടാകം. 30 അടിവരെ പാറ കുഴിഞ്ഞ ഭാഗം തടാകത്തിലുണ്ട്. പാറയിൽ ചുറ്റപ്പെട്ടാണ് തടാകം നിൽക്കുന്നത്.
യുവാക്കളുടെ സാഹസികതയാണ് എപ്പോഴും അപകടത്തിലെത്തിക്കുന്നത്. തടാകത്തിൽ നീന്തി പരിചയമില്ലാത്തവരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്.