തൃശൂർ: മരോട്ടിച്ചാൽ ഉൾവനത്തിൽ കുടുങ്ങിയ യുവാക്കളെ മൂന്നാം ദിവസവും കണ്ടെത്താനായില്ല. വല്ലൂർകുത്ത് വെള്ളച്ചാട്ടം കാണാൻ പോയ തിരുവത്ര കോട്ടപ്പുറം പഞ്ചവടി വീട്ടിൽ മൂർത്തിയുടെ മകൻ ഉണ്ണിക്യഷ്ണൻ (26), വടക്കേക്കാട് അകലാട് സ്വദേശി ചിരിയങ്കണ്ടത്ത് സിറിൽ (24) എന്നിവരാണ് കാടിനുള്ളിൽ അകപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് ഇവരുവരും കാട്ടിലേക്ക് പുറപ്പെട്ടത്.
വനംവകുപ്പും പോലീസും നാട്ടുകാരും കാണാതായവരുടെ ബന്ധുക്കളും ചേർന്ന് ഉൾക്കാടിനുള്ളിൽ തെരച്ചിൽ ഉൗർജിതമാക്കി. നാലു സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ. ഉൾക്കാട്ടിലെ വഴികൾ അറിയാവുന്ന ആദിവാസികളെയും തെരച്ചിൽ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ അർധരാത്രിയോടെ അവസാനിപ്പിച്ച തെരച്ചിൽ പുലർച്ചെ പുനരാരംഭിക്കുകയായിരുന്നു.
ദിശതെറ്റി നടന്ന യുവാക്കൾ അറിയാതെ ഉൾക്കാട്ടിലേക്ക് കയറിപ്പോയിരിക്കാമെന്നാണ് വനംവുകുപ്പിന്റെ നിഗമനം. ഒരു ദിവസത്തിലധികം ഉപയോഗിക്കാനുള്ള ഭക്ഷണമോ വെള്ളമോ ഇവർ കൈയിൽ കരുതിയിരിക്കാൻ ഇടയില്ല. ഈ സാഹചര്യത്തിൽ വിശപ്പുമൂലം ഇവർ തളർന്നു വീണിരിക്കാനിടയുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഉറക്കെ ശബ്ദമുണ്ടാക്കിയും വിളിച്ചുപറഞ്ഞുമാണ് തെരച്ചിൽ.
ഉൾക്കാട്ടിൽ ഈ ശബ്ദം കിലോമീറ്ററുകളോളം കേൾക്കാനാവും. എന്നാൽ ഇതുവരെ മറുപടിയൊന്നും ലഭിക്കാത്തത് ബന്ധുക്കളെ ആശങ്കയിലാക്കുന്നു. ഇതിനു മുന്പ് മരോട്ടിച്ചാൽ കാട്ടിലകപ്പെട്ടവരെയെല്ലാം 24 മണിക്കൂറിനുള്ളിൽ കണ്ടെത്താനായിട്ടുണ്ട്. എന്നാൽ മൂന്നാംദിവസമായിട്ടും ഇവരെ കണ്ടെത്താനാവാത്തത് ആശങ്ക വർധിപ്പിക്കുന്നു. ധാരാളം വന്യമൃഗങ്ങൾ ഉള്ള പ്രദേശമാണ് ഇത്. എന്നാൽ നേരത്തെ കാട്ടിൽ അകപ്പെട്ട ആരെയും വന്യമൃഗങ്ങൾ ആക്രമിച്ചതായി രേഖപ്പെടുത്തിയിട്ടില്ല.
തിങ്കളാഴ്ച ഉച്ചയോടെയാണ് സുഹൃത്തായ ഫവാസിന് കാട്ടിൽ അകപ്പെട്ടതായുള്ള ഉണ്ണികൃഷ്ണന്റെ ഫോണ് സന്ദേശം വന്നത്. ഇതിനു പുറകെ സിറിലും സഹോദരിയെ വിളിച്ച് കാട്ടിൽ വഴിതെറ്റിയ കാര്യം അറിയിച്ചിരുന്നു. ഞായറാഴ്ച മൊബൈൽ റേഞ്ച് കിട്ടിയില്ലെന്നും ഇപ്പോൾ കിട്ടിയതാണന്നും മൊബൈലിൽ ചാർജ് തീരാറായി എന്നും പറഞ്ഞത്രെ. ഇതിനിടെ ഫോണ് ഓഫായി. പിന്നീട് വിളിച്ചിട്ടു കിട്ടിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു.